Saturday, July 27, 2024
HomeLocal houseഅനധികൃത സ്വത്ത് സമ്പാദനം;പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സി പി...

അനധികൃത സ്വത്ത് സമ്പാദനം;പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സി പി ഐ

പത്തനംതിട്ട |  അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെതിരേ അന്വേഷണ പ്രഖ്യാപിച്ച് സി പി ഐ. എ പി ജയന്‍ പാര്‍ട്ടിയില്‍ നിന്നു കൊണ്ട് 6 കോടിരൂപയുടെ അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം കെ കെ അഷറഫിനെ ഏകാംഗ അന്വേഷണ കമ്മിഷനായി നിയോഗിച്ചു. അടൂരില്‍ വീടിന് സമീപത്ത് ആറു കോടിയുടെ ഫാം സ്വന്തമാക്കി എന്ന ആരോപണത്തിന്മേലാണ് അന്വേഷണം.

പള്ളിക്കലില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ കഴിഞ്ഞ സമ്മേളന കാലയളവില്‍ നിരന്തരം ഈ വിഷയം ഉന്നയിച്ചിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറിയായി ഒരു ടേം കൂടി എ പി ജയന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണ്ടി ശ്രീനാ ദേവി കുഞ്ഞമ്മ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായി അറിയിച്ചിരുന്നു. അതിന്മേലാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്.

കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജയനെ മാറ്റി അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി സജിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ നീക്കം നടന്നിരുന്നു. ജയനെ ഒഴിവാക്കുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് അന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ജയന്‍ വീടിന് സമീപമാണ് ഫാം പണിതുയര്‍ത്തിയിരിക്കുന്നത്. അതിന് ആറു കോടിയോളം രൂപ ചെലവായി എന്നതാണ് പരാതി. നേരത്തേയും ഫാമിനെ ചൊല്ലി വിവാദം ഉയര്‍ന്നപ്പോള്‍ അടിസ്ഥാനപരമായി കര്‍ഷകനായ താന്‍ പശുവളര്‍ത്തല്‍ നടത്തുകയാണെന്ന വിശദീകരണമാണ് ജയന്‍ നല്‍കിയത്. സി പി ഐ ജില്ലാ സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പുതിയ സംഭവ വികാസങ്ങളില്‍ എത്തി നില്‍ക്കുന്നത്.

- Advertisment -

Most Popular