Thursday, November 21, 2024
HomeLocal houseപുൽപ്പള്ളിയിൽ കാട്ടാന കാര്‍ തകര്‍ത്തു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പുൽപ്പള്ളിയിൽ കാട്ടാന കാര്‍ തകര്‍ത്തു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി – പുൽപ്പള്ളി റൂട്ടിൽ  പകൽ കാട്ടുകൊമ്പൻ കാർ യാത്രികരെ ആക്രമിച്ച് കാർ തകർത്തു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കൾ പകൽ 12.30ഓടെ പാക്കത്ത് കുറുവാ ദ്വീപ് സമൂഹത്തിലേക്ക് തിരിയുന്ന ഭാഗത്താണ്‌ കാട്ടാന കാർ ആക്രമിച്ചത്‌. പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ മൂന്നുപേർ തലനാരിക്കാണ്‌ രക്ഷപ്പെട്ടത്‌. പേരാമ്പ്ര താഴെ ഏറോത്ത് വീട്ടിൽ ശ്യാം പ്രസാദ്, ഭാര്യ രമ്യ, ഒരു വയസ്സായ മകൻ നിഷാൻ എന്നിവരാണ്‌ കാറിലുണ്ടായിരുന്നത്‌. പേരാമ്പ്രയിൽനിന്ന് പുൽപ്പള്ളി ശശിമലയിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു മൂവർ സംഘം. റോഡരികിലെ തേക്കിൻ തോട്ടത്തിൽനിന്ന കൊമ്പൻ കാർ കണ്ട് പാഞ്ഞടുക്കുകയായിരുന്നു.

കാറിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും ചില്ലുകൾ കുത്തിത്തകർത്തു. കാർ പതുക്കെ പോകുമ്പോഴായിരുന്നു ആക്രമണം. മുൻഭാഗത്തെ ചില്ലാണ്‌ ആദ്യം തകർത്തത്‌. കാർ റെയ്‌സ്‌ ആക്കിയതോടെ പിൻഭാഗത്തേക്ക്‌ നീങ്ങി. ഇതിനിടെ വാഹനമോടിച്ചിരുന്ന സൈനികനായ ശ്യാം പ്രസാദ്‌ മനോധൈര്യം സംഭരിച്ച്‌ കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. കാർ റെയ്‌സാക്കിയ ശബ്‌ദംകേട്ട കൊമ്പൻ കാട്ടിലേക്ക് ഓടിമറഞ്ഞു. തുടർന്ന്‌ ഇദ്ദേഹം വാഹനമോടിച്ച്‌ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കാറിന്റെ ബൊണറ്റിലും ഡിക്കിയിലും തകരാർ സംഭവിച്ചു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ശ്യാം പ്രസാദും കുടുംബവും.

- Advertisment -

Most Popular