Saturday, July 27, 2024
HomeNewshouseമുഖ്യധാരാ മാധ്യമങ്ങൾ ഗോസിപ്പ് പ്രചാരകരായി: എൻ റാം

മുഖ്യധാരാ മാധ്യമങ്ങൾ ഗോസിപ്പ് പ്രചാരകരായി: എൻ റാം

കണ്ണൂർ- ഗോസിപ്പുകൾ പടച്ചുവിടുന്നവരായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മാറിയെന്ന്‌ പ്രമുഖ മാധ്യമപ്രവർത്തകൻ എൻ റാം. സാങ്കേതിക സൗകര്യങ്ങൾ വികസിച്ചെങ്കിലും ഏകപക്ഷീയമാണ് ഇവിടത്തെ വാർത്താ റിപ്പോർട്ടിങ്‌. എന്നാൽ, കേരളത്തിലെ അനുഭവംവച്ച്‌ രാജ്യത്തെ മൊത്തം മാധ്യമങ്ങളെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ സർവകലാശാല ക്യാമ്പസിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു റാം.

അന്വേഷണാത്മക മാധ്യമ പ്രവർത്തനം ബൊഫോഴ്‌സ്‌ കാലത്തേക്കാൾ അപകടകരവും സാഹസികവുമായെന്നും അദ്ദേഹം പറഞ്ഞു. എൺപതുകളിൽ താനും ചിത്ര സുബ്രഹ്മണ്യവും ചേർന്ന് ബൊഫോഴ്‌സ് രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്ന ഘട്ടത്തിൽ ഭരണാധികാരികളിൽനിന്നും ഭരണകക്ഷി നേതാക്കളിൽനിന്നും ഒറ്റപ്പെട്ട ഇടപെടലുകളുണ്ടായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇടപെട്ടില്ല. പ്രതിരോധ മന്ത്രി കെ സി പന്തും ചില കോൺഗ്രസ് നേതാക്കളും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഏറ്റെടുത്ത ദൗത്യം തുടരാൻ തടസ്സമൊന്നുമുണ്ടായില്ല. ഇപ്പോൾ അതല്ല സ്ഥിതി. ഭരണകൂടം വലിയനിലയ്‌ക്ക് ഇടപെടുകയാണ്. ദി വയറിനു നേരെയുണ്ടായ ആക്രമണം നമ്മുടെ മുന്നിലുണ്ട്. സിദ്ദിഖ് കാപ്പനെപ്പോലെയുള്ള ഉദാഹരണങ്ങളും അനവധി. എൻഡിടിവിക്കെതിരെ എത്ര ഹീനമായ കടന്നാക്രമണമാണുണ്ടായത്. ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊലചെയ്യപ്പെട്ട കാലമാണിത്.

അടിയന്തരാവസ്ഥയുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യപ്പെടുത്താമോ എന്ന ചോദ്യത്തിന് ഇന്നത്തേക്കാൾ മോശമായിരുന്നു അടിയന്തരവാസ്ഥക്കാലത്തെ മാധ്യമ പ്രവർത്തനമെന്നായിരുന്നു മറുപടി. ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകളുണ്ടായിരുന്നെങ്കിലും പൊതുവിൽ മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തെ പിന്തുണയ്‌ക്കുകയായിരുന്നു. എൽ കെ അദ്വാനിയുടെ വാക്കുകൾ കടമെടുത്താൽ ഭരണാധികാരികൾ കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുകയായിരുന്നു ഭൂരിഭാഗം മാധ്യമങ്ങളും. ഇന്ന് സമൂഹമാധ്യമങ്ങളും ഡിജിറ്റൽ മാധ്യമങ്ങളും മറ്റുമായി പ്രതിരോധം കൂടുതൽ ശക്തവും വ്യാപകവുമാണ്. ദി വയർ തന്നെ ഏറ്റവും നല്ല ഉദാഹരണം.

ഹിന്ദുത്വ  അമിതാധികാര സർക്കാർ എല്ലാ രംഗത്തും പിടിമുറുക്കുകയാണ്. ജൂഡീഷ്യറി പോലും വെല്ലുവിളി നേരിടുന്നു. ഉപരാഷ്‌ട്രപതി തന്നെ ജൂഡീഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. എന്നാൽ, മാധ്യമ പ്രവർത്തകർ പ്രതീക്ഷ കൈവിടരുത്. ഹൃദയം തകരാതെ നേരിനെ ആദ്യം വിളിച്ചു പറയണം. എല്ലാ അമിതാധികാര വാഴ്‌ചകളും നിലംപതിച്ചിട്ടുണ്ടെന്നതാണ് ചരിത്രം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി.

- Advertisment -

Most Popular