കോഴിക്കോട് > മനുഷ്യരോട് എങ്ങനെയാണ് ഇടപെടേണ്ടതെന്ന് ഡിവൈഎഫ്ഐയില്‍ നിന്ന് യൂത്ത്കോണ്‍ഗ്രസുകാര്‍ പഠിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് അന്നവും മരുന്നും ആശ്വാസവുമായി കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലുമെത്താന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കായി. എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനവുമായി ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന് ശോഭിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസിന്റെ കേഡര്‍മാര്‍ക്കുള്ള മേഖലാ യോഗം ഉദ്ഘാടനം ചെയ്തായിരുന്നു സുധാകരന്റെ ഉപദേശം.
അടിസ്ഥാനഗ്രന്ഥങ്ങള്‍ വായിച്ചിട്ടൊന്നുമല്ല മിക്കവരും കമ്യൂണിസ്റ്റുകാരാവുന്നത്. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിട്ടാണ്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതു വഴി ഡിവൈഎഫ്ഐയുടെ സ്വീകാര്യത വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. യുവാക്കള്‍ അവരുടെ കൂടെ പോയാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.