Saturday, July 27, 2024
HomeTalk houseപാര്‍ലമെന്റില്‍ ബ്രിട്ടാസിന് കൗണ്ടറടിച്ച് മുരളീധരനെ പുകഴ്ത്തിയ വഹാബിന്റെ മനസ്സിലിരിപ്പെന്ത്? പ്രശംസയ്ക്ക് പിന്നില്‍ മറ്റുലക്ഷ്യങ്ങളെന്ന് എതിരാളികള്‍; വഹാബും...

പാര്‍ലമെന്റില്‍ ബ്രിട്ടാസിന് കൗണ്ടറടിച്ച് മുരളീധരനെ പുകഴ്ത്തിയ വഹാബിന്റെ മനസ്സിലിരിപ്പെന്ത്? പ്രശംസയ്ക്ക് പിന്നില്‍ മറ്റുലക്ഷ്യങ്ങളെന്ന് എതിരാളികള്‍; വഹാബും പിണറായിയും പിണക്കത്തിലോ?

മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തും വ്യവസായിയുമൊക്കെയായി ലീഗ് എംപി പിവി അബ്ദുള്‍ വഹാബിന് അടുത്ത കാലത്തായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് സിപിഎം കേന്ദ്രങ്ങളിലെ സംസാരം. ലീഗിലെ ആഭ്യന്തരമായ എതിര്‍പ്പുകള്‍ ശക്തമായ കാലത്ത് പോലും കൈരളി ചാനലിനും പിണറായി വിജയനും വേണ്ടി നിലപാടെടുത്ത ആളാണ് വഹാബ്. മാത്രമല്ല, കൊവിഡ് കാലത്തൊക്കെ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതടക്കം കെഎംഷാജിയെ പോലുളളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഈ ബന്ധത്തില്‍ വിള്ളല്‍ വീണെന്നാണ് അന്തപ്പുരസംസാരം. ജോണ്‍ബ്രിട്ടാസ് രാജ്യസഭയില്‍ വി.മുരളീധരനെതിരെ നടത്തിയ പ്രസംഗം പ്രകോപിപ്പിച്ചത് മറ്റാരെക്കാളും അബ്ദുള്‍ വഹാബിനെയാണെന്നതാണ് അതിന്റെ രസം. മുരളീധരന്‍ മുഖ്യമന്ത്രിയെയും കേരളത്തെയും ചീത്തവിളിക്കുന്നു എന്ന് പറഞ്ഞ ബ്രിട്ടാസിനെ തള്ളുകയായിരുന്നു വഹാബ്. മാത്രമല്ല കുറച്ച് കടത്തിപ്പറഞ്ഞുകൊണ്ട് കേരളത്തിലെ ചില പ്രശ്‌നങ്ങള്‍ മുരളി ചൂണ്ടിക്കാണിക്കുകയാണെന്ന ന്യായീകരണവും നടത്തി.

ഡല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് വി മുരളീധരനെന്ന് പിവി അബ്ദുള്‍ വഹാബ് എംപി രാജ്യസഭയില്‍ പറഞ്ഞു. മികച്ച രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.വി. മുരളീധരനെതിരായ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു വഹാബിന്റെ പ്രതികരണം. അദ്ദേഹമില്ലാത്തപ്പോള്‍വല്ലാത്ത ശൂന്യതയുണ്ടാകുന്നുവെന്നും വഹാബ് പറഞ്ഞു.

‘കേരളത്തിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് വി. മുരളീധരന്‍. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്. എന്നാല്‍ കേരളത്തിനെതിരേ റോഡുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതില്‍ വാസ്തവമുണ്ട്’, അബ്ദുള്‍ വഹാബ് പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് മുരളീധരന്‍ തടസം നില്‍ക്കുന്നുവെന്നും നോട്ട് അസാധുവാക്കല്‍ സമയത്ത് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് അദ്ദേഹം മറന്നുപോയെന്നും ജോണ്‍ ബ്രിട്ടാസ് എം.പി. രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വഹാബിന്റെ പരാമര്‍ശം.

വഹാബിന്റെ പരാമര്‍ശത്തിനെതിരെ കെ.മുരളീധരന്‍ രംഗത്തുവന്നതും ശ്രദ്ധേയമാണ്. വഹാബിനെ ലീഗ് ഇടപെട്ട് തിരുത്തണമെന്നും മുരളീധരന്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്ന ആളല്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രിയുമായി ഉണ്ടെന്ന് പറയുന്ന പ്രശ്‌നങ്ങള്‍ വെറും അഭിനയമാണെന്നും അവര്‍ രഹസ്യമായി പരസ്പരം സഹരായിക്കുന്നവരാണെന്നുമാണ് ഇതുവരെ ഉന്നയിച്ച ആരോപണം.

എന്തായാലും മുസ്ലിംലീഗില്‍ ഇക്കാര്യത്തില്‍ ഉണ്ടാകാനിടയുള്ള ചര്‍ച്ചകളെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെ നോക്കുന്നത്.

- Advertisment -

Most Popular