Friday, March 29, 2024
HomeFilm houseഇത് നിമിഷ സജയനല്ല, മഞ്ജുവാര്യരുമല്ല, പക്ഷേ അവരെ അതിശയിക്കുന്ന അഭിനയമികവാണ്; തിങ്കളാഴ്ച നിശ്ചയത്തിലെ രണ്ട് നായികമാരുടെ...

ഇത് നിമിഷ സജയനല്ല, മഞ്ജുവാര്യരുമല്ല, പക്ഷേ അവരെ അതിശയിക്കുന്ന അഭിനയമികവാണ്; തിങ്കളാഴ്ച നിശ്ചയത്തിലെ രണ്ട് നായികമാരുടെ കഥ; സുരഭിയും സുജയും ചില്ലറക്കാരല്ല

മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുകയാണ് തിങ്കളാഴ്ച നിശ്ചയം എന്ന മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട് സിനിമ. മലയാളത്തില്‍ സ്ത്രീപക്ഷചിന്തയും പുരുഷാധിപത്യത്തിനെതിരായ വൈചാരിക ലോകവും തുറന്നിടുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തിങ്കളാഴ്ച നിശ്ചയം സമീപകാലത്തിറങ്ങിയ അക്കൂട്ടത്തില്‍ പെട്ട ഏറ്റവും മികച്ച സിനിമയാണ്. പക്ഷേ പ്രത്യക്ഷത്തില്‍ ചിന്താഭാരമൊന്നുമില്ലാതെ പ്രേക്ഷകനെ രസിപ്പിക്കാന്‍കഴിയുന്നു എന്നതാണ് അത്തരം സിനിമകളില്‍ നിന്ന് തിങ്കളാഴ്ച നിശ്ചയത്തെ വേറിട്ട് നിര്‍ത്തുന്നത്.

ദിലീഷ് പോത്തന്റെ ഇന്റലിജന്‍സിനെ വെല്ലുന്ന പ്രതിഭയാണ് സിനിമയ്ക്ക് പിന്നിലെന്നതാണ് പുതിയ വര്‍ത്തമാനം. എന്തായാലും സെന്ന ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ഒരു വമ്പന്‍ നിരതന്നെ ഈ സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി യത്‌നിച്ചു. അക്കൂട്ടത്തില്‍ ശ്രദ്ധേയരായ രണ്ട് നായികമാരെ കുറിച്ചാണിപ്പോഴത്തെ ചര്‍ച്ച. സുജയെന്ന കല്യാണപ്പെണ്ണായി വന്ന അനഘ നാരായണനെയും ഏട്ടി സുരഭിയായി വന്ന ഉണ്ണിമായ നാലപ്പാടിനെയും കുറിച്ചാണത്. സിനിമയില്‍ വലിയ എക്‌സ്പീരിയന്‍സുള്ള നടിമാരെ വെല്ലുന്ന വിധത്തിലാണ് അനഘയും ഉണ്ണിമായയും മികവ് കാഴ്ചവച്ചിരിക്കുന്നത്. തുടക്കക്കാരെന്ന ഒരു ആകുലതയുമില്ലാതെ ഓര്‍ത്തുവയ്ക്കാവുന്ന രണ്ട് മികച്ച കഥാപാത്രങ്ങളായി അവര്‍ കസറി.

കാഞ്ഞങ്ങാട് ഭാഷ തന്മയത്വത്തോടെ അവതരിപ്പിക്കുക എന്നത് അവരെ സംബന്ധിച്ച് വെല്ലുവിളിയേ ആയിരുന്നില്ല. കാരണം ആ ഭാഷ അവരുടെ ജീവിതമാണ്. സുജയെന്ന കല്യാണപ്പെണ്ണായി വന്ന അനഘ നാരായണന്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ മോണോ ആക്റ്റിലും നാടകങ്ങളിലുമൊക്കെ സജീവമായി പങ്കെടുക്കുന്ന ആളാണ്. പടന്നക്കാട് നെഹ്രു ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിനിയാണ്. ഓഡീഷനിലൂടെയാണ് ആദ്യ സിനിമയായ തിങ്കളാഴ്ച്ച നിശ്ചയത്തില്‍ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.

സുജയുടെ ജേഷ്ഠത്തി സുരഭിയായി വന്ന് അമ്പരപ്പിച്ചത് ഉണ്ണിമായ നാലപ്പാടമാണ്. കലോല്‍സവ വേദികളില്‍ നര്‍ത്തകിയായും നാടകങ്ങളിലൂടെ മികച്ച നടിയായുമൊക്കെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉണ്ണിമായ 2015ല്‍ മനോജ് കാന സംവിധാനം ചെയ്ത അമീബ എന്ന സംസ്ഥാന അവാര്‍ഡ് നേടിയ സിനിമയിലൂടെ ഡബ്ബിങ് മേഖലയിലേക്കെത്തി. തുടര്‍ന്ന് നിരവധി പരസ്യ ചിത്രങ്ങള്‍ക്കും, ഹ്രസ്വചിത്രങ്ങള്‍ക്കും ശബ്ദം നല്‍കി.

സന്തോഷ് കീഴാറ്റൂര്‍ സ്ത്രീ വേഷത്തിലഭിനയിച്ച ഹ്രസ്വ ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂരിന് ശബ്ദം നല്‍കിയിരുന്നു. 2020 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ‘തിങ്കളാഴ്ച നിശ്ചയം ‘ എന്ന ചിത്രത്തിലുടെ അഭിനയ രംഗത്തേക്ക് കടന്നു. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്ത ‘സ്റ്റേറ്റ് ബസ് ‘ ആണ് രണ്ടാമത്തെ സിനിമ. പ്രശസ്ത കവി നാലപ്പാടം പത്മനാഭന്‍ അച്ഛനാണ്.

- Advertisment -

Most Popular