കൊച്ചി: കോടികളുടെ പുരാവസ്‌തു തട്ടിപ്പിന് കളമൊരുക്കാൻ തട്ടിക്കൂട്ടിയ കലിംഗ കല്യാൺ ഫൗണ്ടേഷനിലെ പങ്കാളികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഇവരെ അടുത്തദിവസങ്ങളിൽ ചോദ്യം ചെയ്യും. കടലാസ് സംഘടനയായ കലിംഗ കല്യാൺ ഫൗണ്ടേഷൻ ഡയറക്ടർമാരും പ്രൊമോട്ടർമാരുമായി പ്രവർത്തിച്ചിരുന്നത് ബംഗളൂരു മലയാളികളാണ്. ഇവരിൽ ഒരാളിൽനിന്ന് രണ്ടുകോടി രൂപ മോൻസൺ തട്ടിയതായാണ് സൂചന. പ്രവാസികൾക്ക് ഉൾപ്പെടെ പഞ്ചനക്ഷത്രഹോട്ടലിൽ താമസമൊരുക്കാൻ മോൻസൺ ലക്ഷങ്ങൾ ചെലവഴിച്ചു. എച്ച്എസ്ബിസി ബാങ്കിന്റെ സീൽ പതിച്ച വ്യാജരേഖ അമേരിക്കയിലെ ബന്ധുവാണ് മോൻസണിന് നിർമിച്ചുനൽകിയതെന്നാണ് ഡ്രൈവർ അജിയുടെ മൊഴി ഏതൊക്കെ അക്കൗണ്ട് വഴിയാണ് മോൻസൺ കോടികളുടെ പണമിടപാട് നടത്തിയതെന്ന് കണ്ടെത്തുമെന്ന് അന്വേഷകസംഘത്തിന്റെ തലവൻ ഐജി സ്പർജൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷകസംഘത്തിന്റെ യോഗം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചേർന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത് ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുത്തു. സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ മോൻസണിനെ ചോദ്യം ചെയ്തു. കസ്‌റ്റഡി കാലാവധി വ്യാഴാഴ്‌ച അവസാനിക്കും.
അന്വേഷകസംഘം വിപുലീകരിച്ചു
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്‌ഞ്ച് ഐജി സ്‌പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സൈബർ വിദഗ്‌ധർ ഉൾപ്പെടെ 10 പേരെയാണ് ഉൾപ്പെടുത്തിയത്.
മുനമ്പം സ്റ്റേഷൻ ഹൗസ് ഓഫീസർ എ എൽ യേശുദാസ്, കൊച്ചി സിറ്റി സൈബർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് അരുൺ, പള്ളുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എക്സ് സിൽവസ്റ്റർ, എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ എം എസ് ഫൈസൽ, പുത്തൻകുരിശ് സ്റ്റേഷനിലെ എസ്ഐ എസ് ആർ സനീഷ്, മുളവുകാട് സ്റ്റേഷനിലെ എഎസ്ഐ വർഗീസ്, കൊച്ചി സെൻട്രൽ സ്റ്റേഷനിലെ എഎസ്ഐ ടി കെ റെജി, ഫോർട്ട്കൊച്ചി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ, കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിഹാബ്, കൊച്ചി സിറ്റി ഡിഎച്ച്ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ മാത്യു എന്നിവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്.