തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫ് – ബിജെപി ധാരണ എന്ന മലയാള മനോരമയുടെ വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എല്‍ഡിഎഫിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ വസ്തുതകളോ, ആധികാരികതയോ ഒന്നും നോക്കാതെ വാര്‍ത്ത നല്‍കുന്ന മനോരമയുടെ ശൈലി മാധ്യമ പ്രവര്‍ത്തനത്തിന് തന്നെ അപമാനമാണെന്നും ആനാവൂര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് മനോരമ വ്യാജവാര്‍ത്ത.
തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയില്‍ കോര്‍പ്പറേഷനില്‍ നിന്നും 2 വനിതാ, 1 ജനറല്‍ ഉള്‍പ്പെടെ ആകെ മൂന്ന് അംഗങ്ങള്‍ തെരഞ്ഞടുക്കപ്പെടേണ്ടതുണ്ട്. ഒന്ന്, രണ്ട് എന്നിങ്ങനെയുള്ള മുന്‍ഗണന വോട്ടാണ് രേഖപെടുത്തേണ്ടത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനറല്‍ വിഭാഗത്തില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കപ്പെടേണ്ടതിനാല്‍ എല്‍ഡിഎഫിന് 54 മുന്‍ഗണന വോട്ട് ലഭിക്കാനും എല്‍ഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെടാനും കഴിയും. വനിത വിഭാഗത്തില്‍ ബിജെപി 35 അംഗങ്ങള്‍ ഉള്ളതിനാല്‍ ഒരാളെ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഉണ്ട്. എല്‍ഡിഎഫ് ഒരാളെ ജയിപ്പിക്കാന്‍ കഴിയും. അതായത് അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് 2 പേരെയും ബിജെപിയ്ക്ക് ഒരാളെയും വിജയിപ്പിക്കാന്‍ കഴിയും. രാജ്യസഭാഗംങ്ങളുടെ തിരഞ്ഞെടുപ്പില്‍ കാണുന്ന പോലെ സഭയിലെ അംഗബലമനുസരിച്ചാണ് വിജയസാധ്യത എന്നര്‍ത്ഥം. ഇതിനെ ആണ് മനോരമ ‘ധാരണ’ എന്ന് വ്യാഖ്യാനിച്ചത്.