Saturday, July 27, 2024
Homeകൽക്കരി കിട്ടാനില്ല ; രാജ്യം വൈദ്യുതി പ്രതിസന്ധി ഭീഷണിയിൽ
Array

കൽക്കരി കിട്ടാനില്ല ; രാജ്യം വൈദ്യുതി പ്രതിസന്ധി ഭീഷണിയിൽ

ന്യൂഡൽഹി
കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധി ഭീഷണിയിൽ. നാല്‌ ദിവസത്തേക്ക്‌ മാത്രമുള്ള കൽക്കരിയാണ്‌ അവശേഷിക്കുന്നതെന്നാണ്‌ റിപ്പോർട്ടുകൾ. 70 ശതമാനം വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നത്‌ കൽക്കരി നിലയങ്ങളിൽ നിന്നാണ്‌. ക്ഷാമം തുടർന്നാൽ പകുതിയോളം നിലയങ്ങളും പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരും. ഇത്‌ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കിടയാക്കും.

സമ്പദ്‌വ്യവസ്ഥയ്ക്കും പ്രതിസന്ധി തിരിച്ചടിയാകും. കഴിഞ്ഞ ഏതാനം വർഷങ്ങൾക്കിടയിലെ ഏറ്റവും രൂക്ഷമായ കൽക്കരി ക്ഷാമമാണ്‌ നേരിടുന്നത്‌. ആഗസ്‌ത്‌ തുടക്കത്തിൽ 13 ദിവസത്തേക്കുള്ള കൽക്കരി അവശേഷിച്ചിരുന്നത്‌ സെപ്‌തംബർ അവസാനം കൂപ്പുകുത്തി.

കൽക്കരി ക്ഷാമം ആറുമാസം തുടരുമെന്നും വൈദ്യുതി ഉൽപ്പാദനത്തെ ബാധിച്ചെന്നും കൽക്കരി മന്ത്രി രാജ്‌ കുമാർ സിങ്‌ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാൽ, കൽക്കരി ഉൽപ്പാദനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ വർധനയുണ്ടെന്ന്‌ മന്ത്രി ബുധനാഴ്‌ച പ്രതികരിച്ചു. 104 താപനിലയത്തിൽ 14,875 മെഗാവാട്ട്‌ ശേഷിയുള്ള നിലയങ്ങളിൽ സെപ്‌തംബർ അവസാനം കൽക്കരി തീർന്നു. 203 ജിഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന 40–-50 ജിഗാവാട്ട്‌ ശേഷിയുള്ള നിലയങ്ങളിൽ മൂന്ന്‌ ദിവസത്തേക്കുള്ളതാണ്‌ അവശേഷിക്കുന്നത്‌.

രാജ്യാന്തര വിപണിയിൽ കൽക്കരിക്ക്‌ വിലകൂടിയത്‌ ഇറക്കുമതിയെ ബാധിച്ചു. രാജ്യത്തെ കൽക്കരി ഉൽപ്പാദനം മന്ദീഭവിച്ചതും മഴയിൽ ഖനികളിൽ വെള്ളംകയറിയതും ഗതാഗതം മുടങ്ങിയതും തിരിച്ചടിയായി. കോവിഡ്‌ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നത്‌ പ്രതിസന്ധിയായി.

- Advertisment -

Most Popular