കൊച്ചി: കാക്കനാട്ട് എംഡിഎംഎ പിടിച്ച കേസിലെ മുഖ്യകണ്ണിയായ ‘ടീച്ചർ’ എന്നറിയപ്പെടുന്ന സുസ്മിത ഫിലിപ്പിന്റെ ബാങ്ക് ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസിലെ മറ്റു പ്രതികൾക്ക് സുസ്മിത പണം നൽകിയതായി കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് വിൽപ്പനസംഘത്തിലെ ബുദ്ധികേന്ദ്രമാണ് സുസ്മിതയെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഇവർവഴി ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിറ്റിട്ടുണ്ട്. ബിഎഡ് ബിരുദമുള്ള സുസ്മിത, സ്‌കൂൾകുട്ടികൾക്ക് ഓൺലൈനിൽ ട്യൂഷൻ ക്ലാസുകൾ എടുത്തിരുന്നു. വില കൂടിയ വിദേശ ഇനം നായകളോടുള്ള ഇഷ്‌ടമാണ് ഇവരെ മയക്കുമരുന്നുസംഘത്തിലേക്ക് അടുപ്പിച്ചത്. ഒന്നാംപ്രതി മുഹമ്മദ് ഫവാസ്, ഷബ്‌ന എന്നിവരുമായി വളരെ നാളത്തെ സൗഹൃദമുണ്ട്. വിലപിടിപ്പുള്ള വിദേശ ഇനം നായ്ക്കളെ വളർത്തുന്നതായിരുന്നു ഹോബി. സുസ്മിതയുടെ നായ്ക്കളെ മയക്കുമരുന്ന് കടത്തുമ്പോൾ ഉപയോഗിച്ചിരുന്നു. ഇവർക്ക് സിനിമാമേഖലയിലുള്ളവരുമായി അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.