Wednesday, September 11, 2024
HomeLocal house2023ൽ തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്ന് പ്രതീക്ഷ: മന്ത്രി

2023ൽ തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്ന് പ്രതീക്ഷ: മന്ത്രി

2023ൽ തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുത്തരിക്കണ്ടം മൈതാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ നൈറ്റ്‌ലൈഫ് ടൂറിസം സാധ്യത മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനാകും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നു. കനകക്കുന്നിലെ ദീപാലങ്കാരങ്ങൾ കാണുന്നതിന് രാത്രിയിൽ പോലും വലിയ തിരക്കുണ്ടാകുന്നു. ഇതെല്ലാം നൈറ്റ് ടൂറിസത്തിന്റെ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തെ ടൂറിസം സംസ്ഥാനമാക്കി മാറ്റുക എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ചില രാജ്യങ്ങൾ ടൂറിസം കൊണ്ടു മാത്രം വികസിച്ചിട്ടുണ്ട്. കേരളത്തിനും ഈ സാധ്യതയുണ്ട്. 2022ൽ കേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവകാല റെക്കോഡാണ് രേഖപ്പെടുത്തിയത്. ജനുവരി മുതൽ സെപ്റ്റംബർ വരെ 1,30,80,000 പേരാണ് കേരളത്തിലെത്തിയത്. ഡിസംബർ വരെയുള്ള കണക്കെടുക്കുമ്പോൾ അത് ഒന്നര കോടി ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

500 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ ഓഡിറ്റോറിയം, ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, യോഗ തീം പാർക്ക്, ആർട്ട് ഗ്യാലറി, വാക്കിംഗ് ട്രാക്ക്, വൈഫൈ ഹോട്ട് സ്‌പോട്ട്, ഇൻഫർമേഷൻ കേന്ദ്രം തുടങ്ങി വിവിധ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

- Advertisment -

Most Popular