മുണ്ടക്കയം> പാമ്പാടിയിലും കറുകച്ചാലിലും ജ്വല്ലറികളിൽ നിന്ന് സ്വർണം കവർന്ന ബിജെപി പ്രാദേശിക നേതാവ് പിടിയിൽ. ഇളങ്കാട് ഞാറവേലിൽ എൻ ആർ അജീഷ്(26) ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇളങ്കാട് ടോപ്പ് വാർഡിൽ നിന്നും ബിജെപി സ്ഥാനാർഥിയായി അജീഷ് മത്സരിച്ചിരുന്നു. ബുധാനാഴ്‌ച രാത്രി ഇളങ്കാട് ടോപ്പിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്.
നവംബർ 29ന് പാമ്പാടിയിലെ ജ്വല്ലറിയിൽ നിന്ന് നാലു പവൻ ആഭരണവും, 10ന് കറുകച്ചാലിലെ ജ്വല്ലറിയിൽ നിന്ന് മൂന്ന് പവന്റെ മാലയും മോഷ്‌ടിച്ചുവെന്നാണ് കേസ്. കടയിലെത്തി മാല ആവശ്യപ്പെടുകയും ഉടമയുടെ ശ്രദ്ധ മാറിയപ്പോൾ സ്വർണവുമായി കടന്നു കളയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാസ്‌ക് ധരിച്ച് ജ്വല്ലറിയിൽ എത്തിയ ഇയാൾ സ്‌കൂട്ടറിലാണ് രക്ഷപെട്ടത്.
മെഡിക്കൽ റപ്രസൻന്റെറ്റിവ് ആയ ഇയാൾ പാമ്പാടിയിലും, കറുകച്ചാലിലും സമാന രീതിയിലാണ് കവർച്ച നടത്തിയത്. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പാമ്പാടി എസ്എച്ച്‌ഒ സുവർണ്ണ കുമാർ, എസ്ഐ ലെബിമോൻ, സിപിഓ മാരായ ജിബിൻ ലോബോ, ജിജോഷ്, ബിജേഷ്, അനൂപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.