Tuesday, September 10, 2024
HomeNewshouseഷാഹിദാ കമാലിന് നീട്ടി കാലാവധി നല്‍കിയില്ല, മഹിളാമണി, കുഞ്ഞായിഷ,എലിസബത്ത് മാമന്‍ മത്തായി, വനിതാകമ്മീഷനിൽ പുതുനിര

ഷാഹിദാ കമാലിന് നീട്ടി കാലാവധി നല്‍കിയില്ല, മഹിളാമണി, കുഞ്ഞായിഷ,എലിസബത്ത് മാമന്‍ മത്തായി, വനിതാകമ്മീഷനിൽ പുതുനിര

കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമന്‍ മത്തായി എന്നിവരെ നാമനിര്‍ദേശം ചെയ്ത് ഗസറ്റ് വിജ്ഞാപനമായി. പുതിയ അംഗങ്ങള്‍ 19-ന് ചുമതലയേല്‍ക്കും. ഇവര്‍ ചുമതലയേല്‍ക്കുന്നതോടെ നിലവിലുണ്ടായിരുന്ന മൂന്ന് അംഗങ്ങളുടെ ഒഴിവും നികത്തപ്പെടും. ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി, അംഗം അഡ്വ. ഇന്ദിരാ രവിന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണ് കേരള വനിതാ കമ്മിഷനുള്ളത്. അഡ്വ. ഷിജി ശിവജി, ഇ.എം.രാധ, ഷാഹിദാ കമാല്‍ എന്നീ അംഗങ്ങള്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ അംഗങ്ങളുടെ നിയമനം.

കണ്ണൂര്‍ ഏഴോം സ്വദേശിയായ അഡ്വ. പി.കുഞ്ഞായിഷ കഴിഞ്ഞ 22 വര്‍ഷമായി അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരുന്നു. എല്‍എല്‍എം ബിരുദധാരിയാണ്.

ആലപ്പുഴ വയലാര്‍ സ്വദേശിനിയായ വി.ആര്‍. മഹിളാമണി 28 വര്‍ഷം അധ്യാപികയായും ഏഴ് വര്‍ഷം ഹെഡ്മിസ്ട്രസ്സായും വിവിധ സ്‌കൂളുകളില്‍ സേവനം അനുഷ്ഠിച്ചു.

2003 -2005 കാലയളവില്‍ തിരുവല്ലാ നിയോജയമണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്ന എംഎല്‍എ കൂടിയായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി 1995-2000 കാലയളവില്‍ പെരിങ്ങറ പഞ്ചായത്ത് അംഗം കൂടിയായിരുന്നു. ബിഎ, എല്‍എല്‍ബി ബിരുദധാരിയായ അഡ്വ. എലിസബത്ത് മാമന്‍ മത്തായി 42 വര്‍ഷമായി അഭിഭാഷക രംഗത്ത് പ്രവര്‍ത്തിക്കുന്നു. മുന്‍ എംഎല്‍എകൂടിയായ അന്തരിച്ച അഡ്വ. മാമന്‍ മത്തായിയുടെ ഭാര്യയാണ്.

- Advertisment -

Most Popular