Saturday, July 27, 2024
Homeമാധ്യമപ്രചാരണമെന്ന് പറഞ്ഞ് ഗഡ്കരിയെ ഇരുത്തിക്കൊണ്ട് വിമര്‍ശനങ്ങള്‍ തള്ളിയത് പിണറായിയുടെ രാഷ്ട്രീയ വിജയം; പിണറായിയുടെ താല്‍പര്യത്തെ പുകഴ്ത്തി...
Array

മാധ്യമപ്രചാരണമെന്ന് പറഞ്ഞ് ഗഡ്കരിയെ ഇരുത്തിക്കൊണ്ട് വിമര്‍ശനങ്ങള്‍ തള്ളിയത് പിണറായിയുടെ രാഷ്ട്രീയ വിജയം; പിണറായിയുടെ താല്‍പര്യത്തെ പുകഴ്ത്തി ഗഡ്കരി, കേന്ദ്രസഹകരണത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി, ദേശീയപാതാവികസനം പിണറായി സര്‍ക്കാരിന് രാഷ്ട്രീയവിജയമാകുമ്പോള്‍

ദേശീയപാതാവികസനത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തില്‍ നിഴല്‍ പരത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടേതായി വന്ന പ്രസ്താവന. കേരളത്തില്‍ സ്ഥലമേറ്റെടുപ്പുള്‍പ്പെടെ ദേശീയപാതാവികസനത്തില്‍ മറ്റേതൊരുസംസ്ഥാനത്തേക്കാളും ചെലവ് വരുന്നു എന്ന് ഗഡ്കരി പാര്‍ലമെന്റിലാണ് ആരോപിച്ചത്. എന്നാല്‍ കേരളത്തിലെ നഷ്ടപരിഹാരത്തുകയുടെ വര്‍ദ്ധനവ് മൂലമാണിതെന്നും ജനം സഹകരിക്കുന്നത് കൂടിയ തുക പകരം ലഭിക്കുന്നതുകൊണ്ടാണെന്നുമുള്ള വസ്തുത ഗഡ്കരിയെ ധരിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിനായി. അതുകൊണ്ടാണ് ഇന്നലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി ഗഡ്കരി രംഗത്തെത്തിയത്.

മറ്റേതൊരു സംസ്ഥാനത്തേക്കാളും മികച്ച നിലയില്‍ കേരളം ദേശീയപാതാവികനത്തില്‍ സഹകരിക്കുകയും മുന്നേറ്റമുണ്ടാക്കുകയും ചെയ്യുന്നു എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാടും പ്രതിജ്ഞാബദ്ധതയും ഗഡ്കരി എടുത്തുപറഞ്ഞു. കഴക്കൂട്ടം ആകാശപാതയുടെ ഉദ്ഘാടനച്ചടങ്ങില്‍ പിണറായിയും ഗഡ്കരിയെ പുകഴ്ത്തി. ഗഡ്കരിയുടെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡു വികസനത്തിന് വ്യക്തിപരമായി താത്പര്യമെടുക്കുന്ന ഗഡ്കരിയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ പടര്‍ത്തിയതോടെ കേന്ദ്രവുമായി ശത്രുതയിലാകുമെന്നും കേരളത്തിലെ ദേശീയപാതാ പ്രശ്നത്തിലാകുമെന്നും പലരും കരുതി. തമ്മില്‍ തെറ്റിച്ച് ദേശീയപാതാവികസനം മുടക്കാമെന്ന് ആരും മനപ്പായസം ഉണ്ണണ്ട- എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു..

അതേസമയം പ്രശ്നങ്ങളുണ്ടെങ്കില്‍ ഒരുമിച്ചിരുന്നു പരിഹരിക്കുമെന്ന് നിതിന്‍ ഗഡ്കരിയും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചതാണ് ദേശീയപാതാവികസനത്തില്‍ മുതല്‍ക്കൂട്ടായതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. റോഡു വികസനത്തിന് പണം നല്‍കാനുള്ള പ്രശ്നം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും കേരളത്തിലെ റോഡുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചുവെന്നും ഗഡ്കരി പറഞ്ഞു. കേരളത്തില്‍ റോഡു വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 2025 ഓടെ കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന ചിലവിന്റെ 25 ശതമാനം വഹിക്കാമെന്ന ഉറപ്പില്‍നിന്ന് കേരളം പിന്നാക്കം പോയെന്ന് ഗഡ്കരി ലോക്സഭയില്‍ പറഞ്ഞതായ വാര്‍ത്തയാണ്് ഇപ്പോള്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി തള്ളിയിരിക്കുന്നത്.
രാജ്യത്തെ ദേശീയപാതാ വികസനം സംബന്ധിച്ച വെല്ലുവിളികളെ കുറിച്ച് വിശദീകരിക്കവേയാണ് കേരളത്തിലെ സ്ഥിതിയെ കുറിച്ച് ഗഡ്കരി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

- Advertisment -

Most Popular