കുടുംബശ്രീ സ്നേഹിത ജെന്റർ ഹെല്‍പ്പ് ഡെസ്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെ നിര്‍വ്വഹിച്ചു. പൂത്തോള്‍, അരണാട്ടുക്കര റോഡില്‍ 2017 മുതല്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഹെല്‍പ്പ് ഡെസ്ക് അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലുള്ള കെട്ടിടത്തിലേക്കാണ് മാറിയത്.
പെൺകുട്ടികളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ച് ഐശ്വര്യ ഡോഗ്രെ പറഞ്ഞു. ഹെല്പ് ഡെസ്ക്കിന് എല്ലാ വിധ ആശംസകളും ജില്ലാ പൊലീസ് മേധാവി അർപ്പിച്ചു.
ജില്ലയില്‍ കുടുംബശ്രീ മിഷന്‍റെ കീഴില്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ്ഡെസ്ക് 24 മണിക്കൂര്‍ സേവനം കഴിഞ്ഞ 5 വര്‍ഷമായി ലഭ്യമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അതിക്രമത്തിന് ഇരയായവര്‍ക്ക് സംരക്ഷണവും പുനരധിവാസവും നല്‍കുന്നതിനായും പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചത്. ഇതിനോടകം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2229 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അതിനന്മേല്‍ നടപടികള്‍ എടുത്തിട്ടുള്ളതുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 715 പേര്‍ക്ക് താത്കാലിക താമസസൗകര്യം നല്‍കുന്നതിനും ഇതേ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ് സി, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, സ്നേഹിത സ്റ്റാഫ്സ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ജെന്‍റര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.