Friday, November 22, 2024
HomeFilm houseഎല്ലാം ദിലീപിന് അനുകൂലം; മുന്‍കൂര്‍ ജാമ്യമായി, ഇനി നടി ദിലീപിനെയാണ് പീഡിപ്പിച്ചത്‌ എന്ന...

എല്ലാം ദിലീപിന് അനുകൂലം; മുന്‍കൂര്‍ ജാമ്യമായി, ഇനി നടി ദിലീപിനെയാണ് പീഡിപ്പിച്ചത്‌ എന്ന വിധി കൂടി വന്നാല്‍ മതി !

കൊച്ചി : നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കുര്‍ ജാമ്യം .പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ജാമ്യമനുവദിച്ച് ഹൈക്കോടതി ജസ്റ്റീസ് പി ഗോപിനാഥ് പറഞ്ഞു. ദീലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സഹായി അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. അതേസമയം സിംഗിള്‍ബെഞ്ച് വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കും. പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും ഒരു ലക്ഷം രൂപയുടെ രണ്ടാള്‍ജാമ്യം വേണമെന്നുമുള്ള ഉപാധിയിലാണ് ജാമ്യം അനുവദിച്ചത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നു ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കൂടാതെ ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കിയിരുന്നു.

പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചില്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷന്‍ രേഖാമൂലം സമര്‍പ്പിച്ച തര്‍ക്കപത്രികയ്ക്ക് പ്രതികള്‍ ശനിയാഴ്ച രേഖാമൂലം കോടതിയില്‍ മറുപടിയും സമര്‍പ്പിച്ചിരുന്നു.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് അപൂര്‍വകേസാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. ക്രിമിനല്‍ നിയമം ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്യുമെന്ന് നിയമം ഉണ്ടാക്കിയവര്‍പോലും കരുതിയിട്ടുണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പൊതുജനത്തിന് കോടതിയില്‍ വിശ്വാസം നഷ്ടപ്പെടുമെന്നും ഡിജിപി ബോധിപ്പിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യതയില്ലെന്നായിരുന്നു പ്രതികളുടെ മറുപടി.

വിധി നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി അകലെയായിരിക്കും എന്നതിന്റെ സൂചനയായാണ് പലരും വിലയിരുത്തുന്നത്. നടി ആക്രമിക്കപ്പെട്ടില്ല, നടി ദിലീപിനെയാണ് ആക്രമിച്ചത് എന്ന വിധി കൂടി ഇനി വന്നാമതിയെന്ന വിമര്‍ശനമാണ് പലരും ഉന്നയിക്കുന്നത്.

- Advertisment -

Most Popular