വ്യത്യസ്തമായ റാപ്പ് ഗാനങ്ങളിലൂടെ ആരാധകര്‍ക്ക് സുപരിചിതനായ ബ്രോധ വി യുടെ (വിഗ് നേഷ് ശിവാനന്ദന്‍ ) ഏറ്റവും പുതിയ മ്യൂസിക്കല്‍ വീഡിയോയാണ് ആള്‍ ഡിവൈന്‍. വിവിധ ഭാഷകള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഗാനം ബ്രോധ വി യുടെ തനത് റാപ്പോ ശൈലിയും ക്ലാസിക് സംഗീതവും ഒത്തു ചേരുന്ന മനോഹരമായ ഒരു ഫ്യൂഷന്‍ ആണ്. മലയാളത്തില്‍ ഒരുക്കിയിരിക്കുന്ന കോറസാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
രണ്ടാം ലോക് ഡൗണ്‍ കാലത്തായിരുന്നു ഗാനത്തിന്റെ രചനയും സംഗീതവും ഒരുക്കിയത്. ഒരാള്‍ക്ക് സ്വന്തം നിരാശകളെ ഏറ്റവും മനോഹരമായി എങ്ങനെ മറികടക്കാമെന്നാണ് ഈ ഗാനത്തിലൂടെ ബ്രോധ വി പറഞ്ഞു വയ്ക്കുന്നത്. നമ്മുക്ക് എല്ലാവര്‍ക്കും തോന്നുന്ന എന്നാല്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത ദൈനംദിന കാര്യങ്ങളില്‍ വേരൂന്നിയ സംഗീതം സൃഷ്ടിക്കാനുള്ള കൂട്ടായ ശ്രമമാണിതെന്ന് ബ്രോധാ വി പറഞ്ഞു. ആരാധകര്‍ ഇതുവരെ കാണാത്ത ഒരു ബ്രോധാ വി യെ ആകും ആള്‍ ഡിവൈന്‍ പരിചയപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്തമായ മ്യൂസിക് കമ്പനി ബിലീവിന്റെ പങ്കാളിയാകാനുള്ള തീരുമാനവും ബ്രോധാ വി ഇതോടൊപ്പം പ്രഖ്യാപിച്ചു. സംഗീതത്തില്‍ തന്റേതായ ഇടം കണ്ടെത്തിയിട്ടുള്ള ബ്രോധാ വി ഉള്‍പ്പെടെയുള്ള എല്ലാ കലാകാരന്‍മാര്‍ക്കും സാങ്കേതിക സഹായം നല്‍കി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടി കൊടുക്കാന്‍ സഹായിക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്ന് ബിലീവ് ഇന്ത്യ ആര്‍ട്ടിസ്റ്റ് സര്‍വീസസ് ഡയറക്ടര്‍ ശില്‍പ ശാരദയും പറഞ്ഞു.