അബുദാബി
ട്വന്റി–20 ലോകകപ്പിലെ അരങ്ങേറ്റക്കാരായ നമീബിയ ചരിത്രം കുറിച്ചു. സൂപ്പർ 12ലെ ആദ്യ കളിയിൽ സ്‌കോട്‌ലൻഡിനെ നമീബിയ നാല് വിക്കറ്റിന് വീഴ്‌ത്തി. ഗ്രൂപ്പ് രണ്ടിൽ രണ്ട് കളിയും തോറ്റ സ്‌കോട്‌ലൻഡ് ഏറെക്കുറെ പുറത്തായി. സ്‌കോട്‌ലൻഡിനെ 9–-109ൽ ഒതുക്കിയ നമീബിയ 19.1 ഓവറിൽ ജയം നേടി. ആദ്യ ഓവറിൽതന്നെ മൂന്ന് വിക്കറ്റ് നേടിയ റൂബെൻ ട്രംപെൽമാനാണ് സ്-കോട്ലൻഡിനെ തകർത്തത്.
ആദ്യ കളിയിൽ അഫ്‌ഗാനിസ്ഥാനോട് 60 റണ്ണിന് കൂടാരം കയറിയ സ്‌കോട്‌ലൻഡ് നമീബിയയോടും അതേ വഴിയിലായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുമ്പോൾ സ്‌കോർ ബോർഡിൽ വെറും രണ്ട് റണ്ണായിരുന്നു. 27 പന്തിൽ 44 റണ്ണടിച്ച മൈക്കേൽ ലീസ്‌കും 32 പന്തിൽ 25 റണ്ണുമായി ക്രിസ് ഗ്രീവ്‌സും ചേർന്നാണ് സ്‌കോട്‌ലൻഡിനെ 100 കടത്തിയത്.
മറുപടിക്കെത്തിയ നമീബിയക്കായി ഓപ്പണർമാരായ ക്രെയ്‌ഗ് വില്യംസും (29 പന്തിൽ 23) മൈക്കേൽ വാൻ ലിങ്ങും (24 പന്തിൽ 18) ചേർന്ന് നല്ല തുടക്കം നൽകി. സ്‌മിട്ട് (23 പന്തിൽ 32) ചേർന്ന് ജയമൊരുക്കി. സ്‌കോട്‌ലൻഡ് അടുത്ത കളിയിൽ ശനിയാഴ്‌ച ന്യൂസിലൻഡിനെ നേരിടും. ഞായറാഴ്‌ച അഫ്‌ഗാനുമായാണ് നമീബിയയുടെ മത്സരം.