Saturday, July 27, 2024
HomeSports houseഇംഗ്ലീഷ് കുതിപ്പ് ; തുടർച്ചയായ രണ്ടാംജയം ; ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു

ഇംഗ്ലീഷ് കുതിപ്പ് ; തുടർച്ചയായ രണ്ടാംജയം ; ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു

അബുദാബി
തുടർച്ചയായ രണ്ടാംകളിയിലും ഉശിരൻ പ്രകടനവുമായി ഇംഗ്ലണ്ട് മുന്നോട്ട്. ട്വന്റി–20 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ എട്ട് വിക്കറ്റിന്റെ ജയം കുറിച്ചു. ആദ്യകളിയിൽ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിനെ തുരത്തിയ ഇയോവിൻ മോർഗനും കൂട്ടരും ഗ്രൂപ്പ് ഒന്നിൽ നാല് പോയിന്റുമായി മുന്നിലാണ്. ഇംഗ്ലീഷ് പടയുടെ സെമി സാധ്യതകൾ കൂടുതൽ സജീവമായി. രണ്ടാംതോൽവിയോടെ ബംഗ്ലാദേശിന് അവസാന നാല് എന്ന കടമ്പ വെല്ലുവിളിയായി. ബംഗ്ലാദേശ് ഉയർത്തിയ 125 റൺ ലക്ഷ്യം 14.1 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഓപ്പണർ ജാസൺ റോയി–യാണ് (38 പന്തിൽ 61) വിജയശിൽപ്പി.

സ്-കോർ: ബംഗ്ലാദേശ് 9–124, ഇംഗ്ലണ്ട് 2–126 (14.1)

അബുദാബിയിൽ ടോസ് ഭാഗ്യം കനിഞ്ഞിട്ടും ബംഗ്ലാദേശ് ക്യാപ്റ്റൻ മഹമ്മദുള്ളയുടെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. ആദ്യം ബാറ്റ് ചെയ്യുക. ബാറ്റർമാരിൽ വിശ്വസിച്ചുള്ള തീരുമാനം പാളി. മൂന്നാം ഓവറിൽത്തന്നെ തിരിച്ചടി തുടങ്ങി. ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ബംഗ്ലാദേശിന് പ്രഹരമേൽപ്പിച്ചു. തുടർച്ചയായ രണ്ട് പന്തുകളിൽ ഓപ്പണർമാരായ ലിട്ടൺ ദാസിനെയും (9) മുഹമ്മദ് നയീമിനെയും (5) മൊയീൻ മടക്കി. ഈ ആഘാതത്തിൽനിന്ന് ബംഗ്ലാദേശിന് തിരിച്ചുവരവുണ്ടായില്ല. കരുത്തൻ ഷാക്കിബ് അൽ ഹസനെ (4) ആദിൽ റഷീദിന്റെ കെെകളിലെത്തിച്ച് ക്രിസ് വോക്സ് ബംഗ്ലാദേശിന്റെ സർവപ്രതീക്ഷകളും കെടുത്തി. മുഷ്ഫിഖുർ റഹീമിന്റെ (30 പന്തിൽ 29) ചെറുത്തുനിൽപ്പിന് അധികനേരം ആയുസ്സുണ്ടായില്ല.

മുഷ്‌ഫിഖുറിനെയും നിലയുറപ്പിക്കാൻ ശ്രമിച്ച മഹമ്മദുള്ളയെയും (24 പന്തിൽ 19) ലിയാം ലിവിങ്‌സ്റ്റണാണ്‌ പുറത്താക്കിയത്‌. അവസാന ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ ടൈമൽ മിൽസ്‌ ബംഗ്ലാ ബാറ്റിങ്‌ നിരയെ അടക്കി. നൂറുൾ ഹസൻ (16), മഹെദി ഹസൻ (11), മുസ്‌തഫിസുർ റഹ്‌മാൻ (0) എന്നിവരെ മിൽസ്‌ മടക്കി. ഒമ്പത്‌ പന്തിൽ 19 റണ്ണുമായി പുറത്താകാതെ നിന്ന്‌ നാസും അഹമ്മദാണ്‌ ബംഗ്ലാദേശിനെ 124ൽ എത്തിച്ചത്‌. ഇംഗ്ലണ്ടിനായി മിൽസ്‌ മൂന്നും മൊയീനും ലിവിങ്‌സ്റ്റണും രണ്ടുവീതം വിക്കറ്റും നേടി.

അതിവേഗത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ മറുപടി. ലോക ഒന്നാംനമ്പർ ടീമിനൊത്ത ആധികാരികതയോടെ അവർ കളി കൈയിലാക്കി. റോയിയും ജോസ് ബട്‌ലറും (18 പന്തിൽ 18) ഓപ്പണിങ്‌ വിക്കറ്റിൽ 39 റൺ ചേർത്തു. ബട്‌ലർ വീണതിൽ കുലുങ്ങിയില്ല ഇംഗ്ലീഷുകാർ. ഡേവിഡ്‌ മലാനെ (25 പന്തിൽ 28) കൂട്ടുപിടിച്ച്‌ റോയ് മുന്നേറി. മൂന്ന്‌ സിക്‌സറും അഞ്ച്‌ ബൗണ്ടിറയും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ഐപിഎല്ലിൽ മങ്ങിയ റോയി–യുടെ തിരിച്ചുവരവുകൂടിയായി ഇത്. ജയത്തിന്‌ 13 റണ്ണകലെ റോയ്‌ പുറത്തായി. രണ്ടാംവിക്കറ്റിൽ അപ്പോഴേക്കും 73 റൺ മലാനുമായി ചേർത്തിരുന്നു. പിന്നാലെയെത്തിയ ജോണി ബെയർസ്‌റ്റോയ്‌ക്ക്‌ (4 പന്തിൽ 8) വലിയ പണിയുണ്ടായില്ല.
മുപ്പതിന്‌ ഓസ്‌ട്രേലിയയുമായാണ്‌ ഇംഗ്ലണ്ടിന്റെ അടുത്ത കളി. ബംഗ്ലാദേശ്‌ നാളെ വെസ്റ്റിൻഡീസിനെ നേരിടും.

- Advertisment -

Most Popular