പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പൂപ്പാരറക്കാരന്‍ ട്വന്റി ഫോര്‍ ന്യൂസില്‍ നിന്ന് രാജിവച്ചു. നേരത്തെ മീഡിയാ വണ്ണില്‍ ജമാ അത്തെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്ന്പ്രഖ്യാപിച്ച് രാജിവച്ച ഹര്‍ഷന്‍ ഇപ്പോള്‍ ചാനല്‍ വിട്ട് ഓടിരക്ഷപ്പെടുന്നതായി കാണിച്ച് ഫെയ്‌സ്ബുക്കില്‍ പ്രതീകാത്മകചിത്രം പോസ്റ്റ് ചെയ്തു.
നേരത്തെ മാതൃഭൂമിയില്‍ നിന്നും അഭിപ്രായ വ്യത്യാസം മൂലം രാജിവച്ചിരുന്നതാണ് ഹര്‍ഷന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇടതുപക്ഷ അനുഭാവിയായിട്ടാണ് ഹര്‍ഷന്‍ അറിയപ്പെടുന്നത്.
ഹര്‍ഷന്റെ രാജിയോടെ ഇടതുപക്ഷപ്രൊഫൈലുകളില്‍ ഹര്‍ഷന് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മജുജോര്‍ജ്ജ് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ എഴുതി.
”വിമര്‍ശനം ‘സംഘപരിവാറിന് കൂടി’ ബാധകമാവണം എന്ന് ചിന്തിക്കുന്ന മറ്റൊരു ‘മാധ്യമപ്രവര്‍ത്തകന്‍’ കൂടി ഡിസെന്റ് രേഖപ്പെടുത്തി സ്ഥാപനമേധാവികളുടെ വാറോല വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ട്…
മീഡിയ ‘മോഡിയ’ ആയി മാറിയെന്ന് വടക്കോട്ട് നോക്കി നിരാശപ്പെടുന്നതിനിടെ കേരളത്തില്‍ നടക്കുന്നത് എന്തെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ ഉദാഹരണമാണ് ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ എന്ന 20 വര്‍ഷം നീണ്ട മാധ്യമപ്രവര്‍ത്തന പരിചയസമ്പത്തുള്ള സീനിയര്‍ ജേര്‍ണലിസ്റ്റിന്റെ രാജി.
കേരളത്തിലെ ന്യൂസ് റൂമുകള്‍ പൂര്‍ണമായും വലത്വത്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സ്പഷ്ടമായ തെളിവ്.
ഏതോ ചര്‍ച്ചയ്ക്കിടെ പാനലില്‍ ഉണ്ടായിരുന്ന സംഘിയോട് ‘പറഞ്ഞ വാക്ക് പിന്‍വലിക്കില്ലെന്ന്’ പറഞ്ഞതിന്റെ പേരില്‍ പിറ്റേന്ന് വന്നിരുന്ന് മാതൃഭൂമിയിലെ പ്രധാന അവതാരകന്‍ മാപ്പിരന്നിട്ട് അധിക കാലമായിട്ടില്ല.
കൂട്ടമായി തെറി വിളിച്ചും നവമാധ്യമങ്ങളില്‍ അധിക്ഷേപിച്ചും എല്ലാവരെയും നിലയ്ക്ക് നിര്‍ത്തുകയാണവര്‍, തങ്ങളുടെ ഇച്ഛക്കനുസരിച്ച്. ഇങ്ങ് കേരളത്തിലും.
അവര്‍ക്ക് വഴങ്ങണം,
നട്ടെല്ല് വളച്ചു നില്‍ക്കണമെന്നൊക്കെ ആവശ്യപ്പെടുന്ന ചീഫ് എഡിറ്റര്‍മാരോടൊക്കെ പോയി പണിനോക്കാന്‍ പറഞ്ഞ് ഇറങ്ങി പോരാനേ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയൂ.
പിന്നെ ഈ 24 ന്യൂസ് എന്ന മാധ്യമസ്ഥാപനം ഏതോ നിഷ്പക്ഷ സംവിധാനമാണെന്നും ഇടതുപക്ഷത്തെ കൂടി പരിഗണിക്കുന്നുവെന്നുമൊക്കെ ഇപ്പോഴും തെറ്റിദ്ധരിച്ചു വെച്ചേക്കുന്ന നിരവധി നിഷ്‌കളങ്കരുണ്ട് നാട്ടില്‍.
അവരോട്……..
മനോരമയും മാതൃഭൂമിയും മീഡിയാവണ്ണുമൊക്കെ നടത്തുന്ന അതേ പണിയാണ് അവിടെയും നടക്കുന്നത്. മോദിക്ക് സ്തുതിപാടി ഇടതുപക്ഷത്തിന്റെ കണ്ണിലെ കരട് പെറുക്കല്‍. ഇടതുപക്ഷം ഇല്ലാതാകുന്ന കിനാശേരി തന്നെയാണ് അവരുടെയും ആത്യന്തിക ലക്ഷ്യം.
ഇടതനുഭാവികളും, കട്ടസംഘികളും, പത്തരമാറ്റ് കോണ്‍ഗ്രസുകാരും, ലീഗ് ജമാഅത്തെ, എസ്.ഡി.പി.ഐക്കാരുമെല്ലാമുള്‍പ്പെടുന്ന കൂട്ടം തന്നെയാണ് മാധ്യമപ്രവര്‍ത്തകരും. കുറഞ്ഞ അളവില്‍ അരാഷ്ട്രീയ വാദികളും. പക്ഷേ ഇപ്പറഞ്ഞ കൂട്ടരില്‍ ഓഡിറ്റിംഗ് ബാധകമാവുക ആദ്യം പറഞ്ഞ ഇടതുനുഭാവികള്‍ക്ക് മാത്രമാണെന്ന് മാത്രം. മറ്റുള്ളവര്‍ അവരുടെ രാഷ്ട്രീയം തന്നെ എഴുതിയും പറഞ്ഞും വാര്‍ത്തയാക്കി നിഷ്പക്ഷരായി അങ്ങനെ തുടരും.
അക്കാലത്ത്….
തലച്ചോറ് സംഘത്തിനും സ്ഥാപനത്തിനും പണയം വെച്ചവരല്ല എല്ലാവരുമെന്ന് വിളിച്ച് പറഞ്ഞിറങ്ങി പോന്ന ഹര്‍ഷന്‍ ചേട്ടനഭിവാദ്യം.???”