കേരളമുഖ്യമന്ത്രിയുടെയും സമകാലിക കേരളരാഷ്ട്രീയത്തിന്റെയും നേര്‍ച്ചിത്രമെന്നവകാശപ്പെട്ട പുറത്തിറങ്ങുന്ന വണ്‍ എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിന് ശേഷം ക്ലീന്‍ ഇമേജുമായി പിണറായിവിജയന്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വണ്ണിന്റെ പ്ലാനുകള്‍ നടന്നത്. എന്നാല്‍ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ കൊവിഡ് വന്നു. ഇതോടെ സിനിമ തന്നെ അനിശ്ചിതത്വത്തിലായി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇമേജിന്റെ ബലത്തില്‍ സര്‍ക്കാര്‍ വന്‍ തിരിച്ചുവരവ് നടത്തിയതോടെ വണ്ണിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആവേശമായി. അങ്ങനെ കൊറോണാനന്തരം ബാക്കി ഭാഗം കൂടി ചിത്രീകരിച്ചു. ഇപ്പോള്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കുമ്പോള്‍ അതും ചര്‍ച്ചയായിരിക്കുകയാണ്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത പോസ്റ്ററില്‍ മമ്മൂട്ടി നിമിഷ സജയനെ ചേര്‍ത്ത് പിടിച്ചാശ്വസിപ്പിക്കുന്ന ഭാവത്തിലാണുള്ളത്.
സമീപകാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് പ്രതിപക്ഷം ആഞ്ഞടിച്ചത്. സ്വര്‍ണക്കള്ളക്കടത്തുള്‍പ്പെടെയുള്ള വിഷയങ്ങളിലേക്ക് പിണറായിയുടെ മകള്‍ വീണയെ വലിച്ചിഴച്ചു. എന്നാല്‍ അന്വേഷണങ്ങള്‍ അവസാനഘട്ടത്തിലെത്തിനില്‍ക്കുമ്പോള്‍ പ്രതിപക്ഷം ഒന്നുംസംഭവിക്കാത്തതുപോലെ പൊടിയും ത്ട്ടി അടുത്ത ആരോപണത്തിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാപ്രസിഡന്റ് പിഎ മുഹമ്മദ് റിയാസുമായുള്ള വിവാഹവും പ്രതിപക്ഷം വിവാദത്തിലാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ മകളെ അകാരണമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെതിരെ പലരും രംഗത്തെത്തുകയും ചെയ്തു. ഈ പശ്ചാത്തലം കൂടി നിലനില്‍ക്കെയാണ് കടയ്ക്കല്‍ ചന്ദ്രന്‍ മകളെ ആശ്വസിപ്പിക്കുന്ന പോസ്റ്റര്‍ വണ്ണിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ നിശ്ചയദാര്‍ഡ്യവും ഉറച്ച നിലപാടും മുഖത്തെ ഭാവത്തിലുണ്ട്. കടയ്ക്കല്‍ ചന്ദ്രന്‍ കരുത്തനായ മുഖ്യമന്ത്രിയാണെന്ന വാദത്തോടെയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്ന പ്രത്യേകതയും വണ്ണിനുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിച്ചത്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.
അതേസമയം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. നവാഗതയായ രത്തീന ഷര്‍ഷദിന്റെ ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമല്‍ നീരദ്, രത്തീന എന്നിവരുടെ ചിത്രങ്ങള്‍ക്ക് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’യുടെ അഞ്ചാം ഭാഗത്തിന്റെ ചത്രീകരണം ആരംഭിക്കും.