Saturday, July 27, 2024
HomeINFOHOUSEടിവി പ്രസാദ് റിപ്പോര്‍ട്ടറിലേക്ക്, സാനിയോ രാജിവെച്ചു, ഏഷ്യാനെറ്റ് ന്യൂസില്‍ വ്യാപകരാജി; 24 ജീവനക്കാരെ തേടി ന്യൂസും

ടിവി പ്രസാദ് റിപ്പോര്‍ട്ടറിലേക്ക്, സാനിയോ രാജിവെച്ചു, ഏഷ്യാനെറ്റ് ന്യൂസില്‍ വ്യാപകരാജി; 24 ജീവനക്കാരെ തേടി ന്യൂസും

മലയാളം ന്യൂസ് ചാനല്‍ രംഗത്ത് വമ്പന്‍ കുത്തൊഴുക്കുണ്ടായതോടെ മുന്‍നിര ചാനലുകള്‍ പോലും ആശങ്കയില്‍. റിപ്പോര്‍ട്ടര്‍ ടിവി വമ്പന്‍ ഫണ്ടിങ്ങോടെ റിലോഞ്ചിനൊരുങ്ങുമ്പോള്‍ ഏഷ്യാനെറ്റുള്‍പ്പെടെയുള്ള മുഖ്യധാരാ ന്യൂസ് ചാനലുകളില്‍ നിന്ന് വന്‍ ശമ്പളത്തിലാണ് മാധ്യമപ്രവര്‍ത്തകരെ റാഞ്ചുന്നത്. ഇതോടെ കൂട്ടത്തോടെ മാധ്യമപ്രവര്‍ത്തകരെ റാഞ്ചിക്കൊണ്ടുപോകാന്‍ ട്വന്റിഫോറും നിര്‍ബന്ധിതമായി. ട്വന്റിഫോര്‍ ന്യൂസിലെ അനില്‍ ആയൂരാണ് റിപ്പോര്‍ട്ടറിന്റെ സിഇഒ അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ കുത്തൊഴുക്കുണ്ടായത് ട്വന്റിഫോറില്‍ നിന്നാണ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ട്വന്റി ഫോര്‍ മികച്ച മുന്നേറ്റമുണ്ടാക്കിക്കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് ഈ പ്രതിസന്ധി. ഏഷ്യാനെറ്റ് ന്യൂസിന് പോലും ഭീഷണിയുയര്‍ത്തി ന്യൂസ് ചാനലുകളില്‍ രണ്ടാംസ്ഥാനത്തേക്ക് കുതിച്ചെത്തിയ ട്വന്റിഫോറിന് റിപ്പോര്‍ട്ടര്‍ ടിവിയുടെ റിലോഞ്ച് ഭീഷണിയാണ്. അതേ സമയം സ്ഥാപനത്തില്‍ നിന്ന് പോയവരുടെ ക്ഷീണം തീര്‍ക്കാന്‍ കൂട്ടത്തോടെ ജീവനക്കാരെ എടുത്ത് ട്വന്റിഫോര്‍ പൂര്‍വാധികം ശക്തിയോടെ മുന്നേറാനുള്ള ഒരുക്കത്തിലാണ്.

നേരത്തെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യപ്പെട്ട സുജയപാര്‍വ്വതി സ്ഥാപനത്തില്‍ നിന്ന പുറത്തായ മട്ടാണ്. സ്ഥാപനത്തിലെ പ്രതിസന്ധി മറികടക്കാന്‍ ബിജെപി ബന്ധം ഉയര്‍ത്തിക്കാട്ടി സുജയ വലിയ നീക്കമാണ് നടത്തിയത്. നേരന്ദ്രമോദിയുടെ ആരാധകസംഗമപരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് കൂറുകാട്ടാനും സുജയ ശ്രദ്ധിച്ചു. ഏറ്റവും ഒടുവില്‍ ജനംടിവിയുടെ എഡിറ്റര്‍ സ്ഥാനത്തേക്ക് സുജയപാര്‍വതിയെ പരിഗണിക്കാന്‍ സംഘടനാ തലത്തില്‍ ആലോചന ആരംഭിച്ചിട്ടുണ്ട്. ബിജെപി ബന്ധംവെച്ചുള്ള ബാര്‍ഗെയിനിംഗൊന്നും പക്ഷേ ടന്വന്റിഫോര്‍ ചാനല്‍ നേതൃത്വത്തെ വശത്താക്കാന്‍ പോന്നതായിരുന്നില്ല. സുജയയെ ഇനി തിരിച്ചെടുക്കേണ്ട എന്ന തീരുമാനത്തിലാണ് ശ്രീകണ്ഠന്‍ നായര്‍. പുറത്തുപോയവര്‍ സ്ഥാപനത്തെ വഞ്ചിച്ചവരാണെന്ന് സൂചിപ്പിക്കും വിധം അദ്ദേഹം അത് പരസ്യമായി പറയുകയും ചെയ്തു. മാത്രമല്ല ചിലര്‍ പോയതിന് ശേഷം ചാണകം തളിച്ച് ശുദ്ദമാക്കാനുണ്ടെന്ന ആക്ഷേപവും ശ്രീകണ്ഠന്‍ നായര്‍ ലൈവില്‍ തന്നെ നടത്തി.

മറ്റുജീവനക്കാരുടെ പ്രതിസന്ധിയും ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് ശ്രീകണ്ഠന്‍ നായര്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം ഏഷ്യാനെറ്റ് ന്യൂസിലും വലിയ ഉലച്ചിലാണെന്നാണ് സൂചന. മാധ്യമമേഖലയില്‍ ഏഷ്യാനെറ്റിന്റെ മുഖമായിരുന്ന ടിവി പ്രസാദ് ചാനലില്‍ നിന്ന് രാജിവെച്ചു. വലിയ ഓഫറില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലേക്കാണ് പ്രസാദിന്റെ മാറ്റമെന്നാണ് സൂചന. ഡോ. ടി അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട് തുടങ്ങിയവരും റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജോയിന്‍ചെയ്യും. ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ ചാനലിനൊപ്പം ചേര്‍ന്നിരുന്നു. നിവലിലെ എഡിറ്റര്‍ എംവി നികേഷ്‌കുമാര്‍ തന്നെയായിരിക്കും എഡിറ്റര്‍ ഇനി ചീഫ്. നികേഷ്‌കുമാര്‍ ചാനല്‍ വിടുമെന്നതരത്തിലുള്ള പ്രചാരണം സ്ഥാപനം നിഷേധിച്ചു. അതേ സമയം ദി ഫോര്‍ത്ത്, ട്വന്റിഫോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്കുണ്ടാകുമെന്നാണ് വിവരം.

അതേ സമയം ഓണ്‍ലൈനില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫോര്‍ട്ട് ടിവി ഓഗസ്‌തോടെ സാറ്റലെറ്റ് സംപ്രേഷണം തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജീവനക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് സാവധാനം കടക്കാനിരുന്ന സ്ഥാപനം റിപ്പോര്‍ട്ടര്‍ ടിവിയുടെ വരവോടെ അഭിമുഖങ്ങള്‍ വേഗത്തിലാക്കി. ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍മാധ്യമപ്രവര്‍ത്തകന്‍ ജിമ്മിജെയിംസ്, അയ്യപ്പദാസ് എന്നിവര്‍ ഫോര്‍ത്ത് ചാനലിനൊപ്പം ചേരുമെന്നാണ് ഒടുവിലത്തെ വിവരം. എന്തായാലും മലയാളം വാര്‍ത്താചാനല്‍ രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ക്കാണ് അരങ്ങൊരുങ്ങുന്നത് എന്നുറപ്പാണ്.

- Advertisment -

Most Popular