Saturday, July 27, 2024
HomeBook houseപുത്രസ്‌നേഹത്താല്‍ അന്ധനായ അച്ഛന്‍; മക്കളുടെ അപഥസഞ്ചാരവും തെറ്റുകളും തിരുത്താന്‍ കഴിയാത്ത പിതാവ്; ധൃതരാഷ്ട്രരുടെ ഏകാന്തതയുടെ ആഴമളക്കുന്ന...

പുത്രസ്‌നേഹത്താല്‍ അന്ധനായ അച്ഛന്‍; മക്കളുടെ അപഥസഞ്ചാരവും തെറ്റുകളും തിരുത്താന്‍ കഴിയാത്ത പിതാവ്; ധൃതരാഷ്ട്രരുടെ ഏകാന്തതയുടെ ആഴമളക്കുന്ന ഒരു നോവല്‍; കൗരവപക്ഷത്തുനിന്ന് കഥപറയുന്ന അനന്തരം

ജിനീഷ് കുഞ്ഞിലിക്കാട്ടിൽ

ഒടുവിലിതാ കൗരവപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു നോവൽ. മഹാഭാരതമെന്ന സമുദ്രത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിലെ കഥാപാത്രങ്ങൾക്ക് മേന്മയുള്ളതെന്നും, അതില്ലാത്തതെന്നുമൊക്കെയുള്ള തരംതിരിവുകളും ചർച്ചകളും പലപ്പോഴും കാണാറുമുണ്ട് . ഓരോ കഥാപാത്രവും കെട്ടിയാടേണ്ട വേഷങ്ങൾ സമയാസമയത്ത് അരങ്ങത്തു കൊണ്ടുവരാൻ വ്യാസൻ കാണിച്ച അതിബുദ്ധിയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഓരോരോ സംഭവങ്ങൾക്കും ന്യായാന്യായ വിശകലനങ്ങൾക്കുള്ള സാധ്യതകൾ കൂടി തുറന്നിട്ടുകൊണ്ടാണ് ജയം എന്നറിയപ്പെടുന്ന മഹാഭാരതത്തിന്റെ സൃഷ്ടികർമ്മം വ്യാസൻ നടത്തിയിരിക്കുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതുചിന്തകളും, വ്യാഖ്യാനങ്ങളുമുണ്ടാകുന്നത് അതുകൊണ്ടാണ്. മഹാഭാരതത്തിലെ അനേകമായിരം കഥാപാത്രങ്ങളിൽ നിന്നും അതിലെ സംഭവകഥകളെ നോക്കിക്കാണുക വളരെ കൗതുകകരമായ സംഗതിയാണ്. അങ്ങനെയുള്ള ഒരു വീക്ഷണ കോണിലൂടെ അതിലെ ഒരു സംഭവ പരമ്പര നമുക്ക് മുന്നിലേക്കെത്തിച്ചിരിക്കുകയാണ് അനന്തരം എന്ന നോവലിലൂടെ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ.

കുരുവംശ രാജാവായ ധൃതരാഷ്ട്രരരുടെ ചിന്തകളിലൂടെ,ആകുലതകളിലൂടെ,നിസ്സഹായവസ്ഥയിലൂടെയാണ് നോവൽ കടന്നു പോകുന്നത്. പതിനെട്ടു ദിവസം നീണ്ടു നിന്ന അതിഘോരമായ യുദ്ധം കഴിഞ്ഞു. പുറമെ എല്ലാം ശാന്തമായി. എന്നാൽ യുദ്ധാനന്തരം കുരുവംശരാജാവിന്റെ മനസ്സിൽ എന്തൊക്കെയായിരിക്കണം കടന്നു പോയിട്ടുണ്ടാകുക. വ്യാസന്റെ അനുഗ്രഹത്താൽ ജനിച്ച മക്കളിൽ ,പെണ്ണായിപ്പറന്നതുകൊണ്ടു മാത്രം ജീവനോടെയിരുന്ന ദുശ്ശള മാത്രം അവശേഷിച്ചു. പക്ഷെ തനറെ സഹോദരന്മാരുടെ വിധവയാക്കപ്പെട്ട ഭാര്യമാരുടെ കൂടെ അവളും വിധവവേഷം കെട്ടിയാടുകയാണ്. ധൃതരാഷ്ട്രർക്ക് മക്കളിൽ ഒരാളെയെങ്കിലും കിട്ടി,പക്ഷെ മറുവശത്തു പാണ്ഡവപുത്രരിൽ ആരും തന്നെ അവശേഷിപ്പിച്ചിട്ടില്ല.യുദ്ധാനന്തരം ധർമ പുത്രർ രാജ്യഭരണമേറ്റു. സദ്ഭരണം തന്നെയാണ് നടക്കുന്നത്. എവിടേയും സമൃദ്ധിയും, സമാധാനവും തിരികെ വന്നുകൊണ്ടിരിക്കുന്നു. ധൃതരാഷ്ട്രരും , ഗാന്ധാരിയും ഹസ്തിനപുരം കൊട്ടാരത്തിൽ തന്നെയാണ്. അവരുടെ സംരക്ഷണച്ചുമലത ഇപ്പോഴത്തെ രാജാവിനു തന്നെയാണ്. ആർക്കും ഒരു പരാതിയും ഇല്ലാതെ തന്നെയാണ് രാജാവ് അതെല്ലാം നോക്കി നടത്തുന്നത്. എല്ലാവരാലും ഒറ്റപ്പെട്ട് ,മക്കൾ നഷ്ടപ്പെട്ട ദുഖത്തിലും ആകുലതകളിലും കഴിയുന്ന ധൃതരാഷ്ട്രരുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് നോവലിലുടനീളം. ജീവിക്കാൻ ഇനിയൊരു കാരണം കണ്ടെത്തേണ്ട അയാളുടെ മനസ്സിൽ കഴിഞ്ഞ സംഭവങ്ങളെല്ലാം കടന്നു വരികയാണ്.

താൻ കാരണമാണോ ഈ യുദ്ധമുണ്ടായതെന്നു അയാൾ ചിന്തിക്കുന്നു. യുദ്ധം ഒഴിവാക്കാൻ തനിക്കു കഴിയുമായിരുന്നില്ല?അമിത പുത്ര സ്നേഹത്താൽ താൻ എല്ലാത്തിനും അനുവാദം കൊടുക്കയായിരുന്നോ എന്നൊക്കെ അയാൾ ചിന്തിച്ചു കൂട്ടുന്നു. ധൃതരാഷ്ട്രരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ കുരുക്കഴിക്കുയാണ് ഈ നോവലിൽ എഴുത്തുകാരൻ ചെയ്തിരിക്കുന്നത്. അന്ധതയാൽ മൂടപ്പെട്ട തനിക്ക് മറ്റുള്ളവരുടെ വാക്കുകളെ വിശ്വസിക്കേണ്ടിവന്നതിന്റെ പിഴയാണിതെല്ലാം എന്നയാൾ വിശ്വസിക്കുന്നു. പ്രിയമക്കളുടെ അപഥസഞ്ചാരങ്ങളെ മനസ്സിലാക്കാനോ , അവരെ തിരുത്തുവാനോ അയാൾക്ക്‌ കഴിഞ്ഞില്ല. ഈ നോവലിൽ എതിർപക്ഷത്തു വിചാരണ ചെയ്യപ്പെടുന്നത് എം ടിയുടെ രണ്ടാമൂഴത്തിൽ ധർമവിചാരങ്ങളിൽ നയിക്കപ്പെട്ട സാക്ഷാൽ ഭീമൻ തന്നെയാണ്. യുദ്ധത്തിൽ നൂറുപേരെയും വധിച്ചത് ഭീമനാണല്ലോ. യുയുൽസു പാണ്ഡവ പക്ഷത്തായിരുന്നതിനാൽ മാത്രം അയാൾ വധിക്കപ്പെട്ടില്ല. യുദ്ധം കഴിഞ്ഞിട്ടും ഭീമന്റെ കോപം ശമിക്കുന്നില്ല.

ഹസ്തിനപുരം കൊട്ടാരത്തിൽ വിശ്രമിക്കുന്ന തനറെ വല്യച്ചന്റ്റെ അടുത്തേക്ക് അയാൾ നടന്നടുക്കും. കോപവാക്കുകൾ കൊണ്ട് അവരെ വീണ്ടു കീറിമുറിക്കും. ദുര്യോധനനെയും, ദുശ്ശാസനനെയും താൻ കൊന്നതെങ്ങനെന്നു വീണ്ടും വീണ്ടും വിവരിക്കും. ധൃതരാഷ്ട്രരും, ഗാന്ധാരിയും നെടുവീർപ്പുകളോടെ എല്ലാം കേട്ടിരിക്കും. ഭീമൻ പറഞ്ഞത് സത്യമാണെന്നു അംഗീകരിച്ചുകൊണ്ട് തന്നെ അവരിരിക്കും. യുയുൽസു മാത്രമാണ് ഭീമനെ വിചാരണ ചെയ്യാൻ ധൈര്യം കാണിക്കുന്നുള്ളൂ. കൗരവർ ഭീമൻ വിഷം നൽകി ഗംഗയിലെറിഞ്ഞതിനും, അരക്കില്ലത്തിൽ പാണ്ഡവരെ ചുട്ടുകൊല്ലാൻ നോക്കിയതിനും,ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്തെ മൗനത്തിനും, ചൂതുകളിക്കായി പാണ്ഡവരെ ക്ഷണിക്കാൻ പറഞ്ഞതിനും, വിദുരർ പറഞ്ഞിട്ടും പ്രിയ പുത്രൻ ദുര്യോധനനെ ഒഴിവാക്കാതെ യുദ്ധം തുടർന്നതിനും ,ഭീമനെ ഞെക്കി കൊല്ലാൻ ശ്രമിച്ചെന്ന് പറയുന്ന ധൃതരാഷ്‌ട്രാലിംഗനത്തിനും ധൃതരാഷ്ട്രർക്ക് അയാളുടേതായ യുക്തിയും , ന്യായവുമുണ്ട്. അതൊക്കെയാണ് ഈ നോവലിൽ അയാളുടെ ചിന്തകളിലൂടെ നമുക്ക് മൂന്നിലെത്തുന്നത്.

മനോഹരമായി തന്നെ മഹാഭാരതത്തിലെ മുഹൂർത്തങ്ങൾ കൈലാസ് നാരായണൻ എന്ന എഴുത്തുകാരൻ ഈ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട്. ആഖ്യാനശൈലികൊണ്ടും , പ്രമേയം കൊണ്ടും വളരെ നിലവാരം പുലർത്തുന്ന ഒരു നോവൽ തന്നെയാണിത്. ഗ്രീൻ ബുക്ക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്, വില 110 രൂപ

- Advertisment -

Most Popular