Saturday, May 25, 2024
Homeപ്രകോപിപ്പിച്ചത് ചെന്നിത്തല നല്‍കിയ മന്ത്രിസ്ഥാനവാഗ്ദാനം; ഘടകക്ഷിയായി വന്നാല്‍ ഒന്നിലധികം സീറ്റും മന്ത്രിസ്ഥാനവും നല്‍കാമെന്ന് ചെന്നിത്തല അറിയിച്ചു;...
Array

പ്രകോപിപ്പിച്ചത് ചെന്നിത്തല നല്‍കിയ മന്ത്രിസ്ഥാനവാഗ്ദാനം; ഘടകക്ഷിയായി വന്നാല്‍ ഒന്നിലധികം സീറ്റും മന്ത്രിസ്ഥാനവും നല്‍കാമെന്ന് ചെന്നിത്തല അറിയിച്ചു; നേതൃത്വത്തോടാലോചിക്കാതെയെടുത്ത തീരുമാനത്തില്‍ കടുത്ത അമര്‍ഷം; കാപ്പന്റെ വരവില്‍ മുല്ലപ്പള്ളി ഇടഞ്ഞുതന്നെ

ജോണ്‍ എബ്രഹാം

തിരുവനന്തപുരം: മാണി സി കാപ്പന്റെ വരവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓരോ ദിവസവും ആവര്‍ത്തിച്് എതിര്‍പ്പുകളുയര്‍ത്തുന്നത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന സൂചന. മാണി സി കാപ്പന്‍ ഒറ്റയ്ക്ക് വന്നാല്‍ കോണ്‍ഗ്രസ്സില്‍ ചേരാമെന്നും കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മല്‍സരിക്കണമെന്നും പറഞ്ഞ മുല്ലപ്പള്ളി മൂന്ന് സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഇന്ന് വിശദീകരിച്ചു.

മാത്രമല്ല കാപ്പനുമായി വരുന്ന പാര്‍ട്ടിയെ ഘടകക്ഷിയാക്കുന്ന കാര്യം ഹൈക്കമാന്റിനോട് ആലോചിച്ചേ തീരുമാനിക്കാകാനാകൂ എന്നും മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളി ആവര്‍ത്തിച്ച് മാണി സി കാപ്പനെതിരെ നിലപാടെടുക്കുന്നത് കാപ്പന്് മുന്നില്‍ രമേശ് ചെന്നിത്തല നേതൃത്വത്തോടാലോചിക്കാതെ വച്ച വാഗ്ദാനങ്ങളാണെന്നാണ് സൂചന.

ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തുകയും നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്ക് യുഡിഎഫിലെത്താനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍ കാപ്പന്‍ ചെന്നിത്തല കൂടിക്കാഴ്ച എംഎം ഹസ്സന്‍ പരസ്യമാക്കിയതോടെ കെപിസിസിയും പ്രതിസന്ധിയിലായി. അത്തരമൊരുചര്‍ച്ചയേ നടന്നിട്ടില്ലെന്ന് മുല്ലപ്പള്ളിയും പിന്നീട് ചെന്നിത്തലയും പറഞ്ഞു. ഇക്കാര്യത്തില്‍ ചെന്നിത്തലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി എംഎം ഹസ്സന്‍ തന്റെ നിലപാട് തള്ളിപ്പറഞ്ഞതുമില്ല. അതിന് ശേഷമാണ് യുഡിഎഫിലേക്ക് കാപ്പന്‍ വരുമ്പോള്‍ എന്തൊക്കെ ഉപാധി വയ്ക്കണമെന്ന് ചെന്നിത്തലയും കെപിസിസി നേതൃത്വും കൂടിയാലോചിച്ചത്.

ഉപാധികള്‍ നേരത്തെ നല്‍കി യുഡിഎഫിലെത്തിക്കാന്‍ മാത്രം ജനപിന്തുണയുള്ള വലിയ നേതാവോ പാര്‍ട്ടിയോ അല്ല കാപ്പന്റേതെന്നും എന്‍സിപി ഒന്നായി വരികയാണെങ്കില്‍ മാത്രം അത്തരം ആലോചനകള്‍ മതിയെന്നുമുള്ള നിലപാടാണ് അന്ന നേതൃത്വം സ്വീകരിച്ചത്. അന്ന് അത് സമ്മതിച്ച ചെന്നിത്തല കാപ്പനെ ശരത് പവാര്‍ വഴി സിപിഎം അനുനയിപ്പിക്കുന്നു എന്നുകണ്ടതോടെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു. മാത്രമല്ല എന്‍സിപിയൊന്നാകെ വരില്ലെന്നും പുതിയ പാര്‍ട്ടിയുണ്ടാക്കി താന്‍ വന്നാല്‍ മൂന്ന് സീറ്റ് തരണമെന്നും ഉള്ള നിബന്ധന കൂടി കാപ്പന്‍ മുന്നോട്ട് വച്ചു. മന്ത്രിസ്ഥാനത്തിന്റെ കാര്യം ഉറപ്പുനല്‍കാമെന്നും സീറ്റിന്റെ കാര്യം പിന്നീട് ആലോചിച്ച്തീരുമാനിക്കാമെന്നും ചെന്നിത്തല മാണി സി കാപ്പനോട് പറഞ്ഞതായാണ് സൂചന. ഇക്കാര്യം പറഞ്ഞ് ഉമ്മന്‍ചാണ്ടിയെ സമ്മതിപ്പിക്കുകയും ചെയ്തു പ്രതിപക്ഷനേതാവ്. പക്ഷേ മുല്ലപ്പള്ളിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതേയില്ല. ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വന്നതോടെ ചെന്നിത്തല പല കാര്യങ്ങളും ഉമ്മന്‍ചാണ്ടിയുമായി മാത്രമേ ചര്‍ച്ച നടത്തുന്നുള്ളൂവെന്നും കെപിസിസി പ്രസിഡന്റിനെ അനുനയിപ്പിക്കാനോ വിശ്വാസത്തിലെടുക്കാനോ ശ്രമിക്കുന്നില്ലെന്നും മുല്ലപ്പള്ളിയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. കാപ്പന്‍ പ്രശ്‌നമടക്കം ഐശ്വര്യകേരളയാത്രയുടെ സമയത്ത് നടത്തുന്ന നിര്‍ണായക രാഷ്ട്രീയ ചര്‍ച്ചകളിലൊന്നും മുല്ലപ്പള്ളിയുടെ സാന്നിധ്യമില്ല. ഇതും ചെന്നിത്തല തീരുമാനിച്ച് ചെയ്യുന്നതാണെന്നാണ് ആരോപണം.

അതേ സമയം മന്ത്രിസ്ഥാനവാഗ്ദാനമുള്‍പ്പെടെ ഗൗരവത്തിലെടുത്തുകൊണ്ട് മുന്നണിയിലേക്ക് വരികയും ഇടതുപക്ഷത്തിന് ആഘാതമേല്‍പ്പിക്കാന്‍ പോന്ന വിധത്തിലുള്ള പ്രഖ്യാപനം നടത്തുകയും ചെയ്തു കാപ്പാന്‍ എന്ന വിലയിരുത്തലാണ് രമേശ് ചെന്നിത്തലയ്ക്ക്. ഇടതുപക്ഷത്തിന് എന്തു ആഘാതമെന്ന് മുല്ലപ്പള്ളിയും ചോദിക്കുന്നു. കാരണം കാപ്പനെ സ്വീകരിച്ചുകൊണ്ട് പാലായില്‍ നടന്ന ഐശ്വര്യകേരളയാത്രയുടെ ചടങ്ങില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പുകഴ്ത്താനാണ് മാണി സി കാപ്പന്‍ ശ്രമിച്ചത്. ആകപ്പാടെ ജോസ് കെ മാണിയെ ചീത്തവിളിച്ചു എന്നതിനപ്പുറത്ത് സംസ്ഥാനത്താകെ സ്വാധീനമുണ്ടാക്കിയേക്കാവുന്ന ഒരു രാഷ്ട്രീയനീക്കം പാലായില്‍ മാത്രമായി മാണി സി കാപ്പന്‍ ചുരുക്കിയെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തല്‍. എന്തായാലും ഇടഞ്ഞുനില്‍ക്കുന്ന മുല്ലപ്പള്ളിയെ അനുയിപ്പിക്കാന്‍ ഇനി ഹൈക്കമാന്റിന്റെ ഇടപെടല്‍ അനിവാര്യമായിക്കഴിഞ്ഞു. മാണി സി കാപ്പനെ കൈപ്പത്തിചിഹ്നത്തിലോ യുഡിഎഫ് സ്വതന്ത്രനായോ പാലായില്‍ മല്‍സരിപ്പിക്കുകയാണെങ്കില്‍ മാത്രമേ ഇനി മുല്ലപ്പള്ളി വഴങ്ങൂ. അതേ സമയം മറ്റുപാധികള്‍ നടപ്പിലാകണമെങ്കില്‍ ഹൈക്കമാന്റിനെ കൊണ്ട് ഇടപെടുവിക്കാനാണ് ചെന്നിത്തലയുടെ നീക്കം.

- Advertisment -

Most Popular