കൊച്ചി : നടനും സംവിധായകനുമായ മേജര്‍ രവി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര വേദിയില്‍. തൃപ്പൂണിത്തുറയില്‍ പ്രതിപക്ഷ നേതാവിനൊപ്പം പങ്കെടുത്തു. പിന്‍വാതില്‍ നിയമനങ്ങളിലടക്കം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് മേജര്‍ രവി ഉന്നയിച്ചത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കണം. ഇടതുസര്‍ക്കാരിനെ താഴെയിറക്കണമെന്നും യുവാക്കള്‍ക്കും വിശ്വാസികള്‍ക്കും നീതി ലഭിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറയില്‍ കൂടിയ നൂറുകണക്കിനാളുകള്‍ക്ക് ആവേശം വിതറിക്കൊണ്ടായിരുന്നു മേജര്‍രവിയുടെ പ്രസംഗം. പ്രസംഗത്തിനിടെ രമേശ് ചെന്നിത്തലയെ രമേശേട്ടന്‍ എന്ന് അഭിസംബോധന ചെയ്തതും രാജീവ് ഗാന്ധിയുടെ വധവും, ശിവരശനെയും സംഘത്തെയും പിടികൂടാന്‍ നടത്തിയ ഓപ്പറേഷനിലെ അനുഭവങ്ങളും മേജര്‍ രവി പങ്കുവച്ചു. പ്രസംഗത്തിന്റെ ഫുള്‍ വീഡിയോ താഴെ
തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്ന മേജര്‍ രവി നേരത്തെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും മേജര്‍ രവി തുറന്നടിച്ചിരുന്നു. രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.