Wednesday, June 19, 2024
HomeNewshouseഓരോ ചുവടുവെപ്പും കരുതലോടെ; കോണ്‍ഗ്രസ് കെ മുരളീധരന്റെ വാക്ക് മുഖവിലയ്‌ക്കെടുത്തു; ആര്‍എംപിയെ കൂടെനിര്‍ത്തും; വടകരയില്‍ ചരിത്രം...

ഓരോ ചുവടുവെപ്പും കരുതലോടെ; കോണ്‍ഗ്രസ് കെ മുരളീധരന്റെ വാക്ക് മുഖവിലയ്‌ക്കെടുത്തു; ആര്‍എംപിയെ കൂടെനിര്‍ത്തും; വടകരയില്‍ ചരിത്രം തിരുത്താന്‍ യുഡിഎഫ്; സ്ഥാനാര്‍ത്ഥി കെകെ രമയോ വേണുവോ?

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ സീറ്റുപിടിക്കുക എന്ന സംസ്ഥാനകാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് തീരുമാനം. സ്വാധീനമുള്ള ചെറുകക്ഷികളെകൂടെ നിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് അവര്‍ക്ക് സീറ്റുകള്‍ നല്‍കി വിജയിപ്പിച്ചെടുക്കാനാണ് തീരുമാനം. ഇത്തവണ വടകരയില്‍ ചരിത്രം തിരുത്താന്‍ ലക്ഷ്യമിട്ട് ആര്‍എംപിയെ പിന്തുണക്കാനുള്ള പദ്ധതിയാണ അണിയറയില്‍ ഒരുങ്ങുന്നത്. ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമായ വടകരയില്‍നിന്നു ഒരംഗത്തെ നിയമസഭയിലെത്തിക്കാന്‍ യു.ഡി.എഫുമായി ആര്‍.എം.പി. കൈകോര്‍ക്കാനുള്ള എല്ലാ വഴികളും തെളിഞ്ഞു. സീറ്റ് സംബന്ധിച്ച് യു.ഡി.എഫുമായി ധാരണയിലെത്തിയതായാണ് വിവരം. കെകെ രമയോ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവായിരിക്കും സ്ഥാനാര്‍ഥി.

തദ്ദേശതെരഞ്ഞെടുപ്പില്‍ വികസന മുന്നണിയുണ്ടാക്കി യു.ഡി.എഫുമായി സഹകരിച്ചാണ് ആര്‍.എം.പി. വടകര മേഖലയില്‍ മല്‍സരിച്ചത്. സി.പി.എമ്മില്‍നിന്ന് ഏറാമല, അഴിയൂര്‍ ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാനും കഴിഞ്ഞു. ഒഞ്ചിയത്ത് ആര്‍.എം.പി. ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുകയും ചെയ്തു. ഈ വിജയമാണ് ആര്‍.എം.പി.ഐ-യു.ഡി.എഫ്. സഖ്യം തുടരാന്‍ പ്രചോദനമായത്.

ഇടതുപക്ഷത്തിനു വളക്കൂറുള്ള മണ്ണാണ് വടകരയിലേത്. ഇടതുപക്ഷ പ്രതിനിധിയല്ലാതെ ഇവിടെ നിന്ന് ആരും ഇതുവരെ നിയമസഭ കണ്ടിട്ടില്ല. നിലവിലുള്ള എം.എല്‍.എ: സി.കെ. നാണു നാലുതവണ ഇവിടെനിന്നു ജയിച്ചിട്ടുണ്ട്. ഒരിക്കല്‍ അഡ്വ:എം.കെ. പ്രേംനാഥും വിജയം കണ്ടു. മുന്‍മന്ത്രി കെ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ എത്തിയതും വടകരയില്‍നിന്നാണ്. കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഒരിക്കല്‍ പോലും ഇവിടെനിന്നു ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ചരിത്രം തിരുത്തുകയാണു പുതിയ സഖ്യത്തിന്റെ ദൗത്യം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9511 വോട്ടിന്റെ ഭൂരിപക്ഷമാണ് സി.കെ. നാണുവിനു ലഭിച്ചത്. നാണുവിന് 49,211 വോട്ട് കിട്ടിയപ്പോള്‍ തൊട്ടടുത്ത എതിരാളി യു.ഡി.എഫിലെ മനയത്ത് ചന്ദ്രന് ലഭിച്ചത് 39,700 വോട്ട്. ഒറ്റയ്ക്കു മല്‍സരിച്ച ആര്‍.എം.പി. സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് 20,504 വോട്ട് ലഭിച്ചു.

അന്നു വടകരയില്‍ ആര്‍.എം.പി.ഐ-യു.ഡി.എഫ് സഖ്യമുണ്ടായിരുന്നുവെങ്കില്‍ രമ ജയിക്കുമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. 2074 വോട്ട് ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. വടകരയില്‍ യു.ഡി.എഫ്. പിന്തുണച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍ ആര്‍.എം.പി. യു.ഡി.എഫിനെ സഹായിക്കുമെന്നാണ് ധാരണ.

സംഘടനാ തലത്തില്‍കൂടി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന നേതാവായിരിക്കണം സ്ഥാനാര്‍ഥിയെന്നണ് ആര്‍.എ.പി. തീരുമാനം. ചര്‍ച്ചകളിലേക്കു നീങ്ങിയിട്ടില്ലെങ്കിലും എന്‍. വേണുവിനാണ് മുന്‍തൂക്കം. കെ.കെ രമ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ മല്‍സരിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഇത്തവണ രമ മല്‍സരരംഗത്തുണ്ടാവില്ലെന്നാണ് സൂചന.

രമ മല്‍സരിച്ചാല്‍ ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മകള്‍കൂടി ഉണര്‍ത്താന്‍ പറ്റുമെന്ന അഭിപ്രായം യു.ഡി.എഫിനുണ്ട്. എന്നാല്‍, സംഘടനാ തലത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന ആളായിരിക്കണം സ്ഥാനാര്‍ഥിയെന്നതിനാലാണ് വേണുവിനെ പരിഗണിക്കുന്നത്. യു.ഡി.എഫില്‍നിന്നു സമ്മര്‍ദമുണ്ടായല്‍ ചില മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. ഇടതുമുന്നണിയില്‍ രണ്ടു ജനതാദളുകളും ഈ സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്തായാലും തീപാറുന്ന പോരാട്ടത്തിനാകും ഇത്തവണ വടകര സാക്ഷ്യംവഹിക്കുക.

- Advertisment -

Most Popular