Friday, November 22, 2024
Homeചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയവര്‍ സംഘപരിവാറുകാരല്ല; കര്‍ഷകരുടെ ജാഗ്രതയെ അവഹേളിക്കുന്നവരുടെ ഉള്ളിലിരിപ്പ് വേറെ; കര്‍ഷകസമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ ചേരിപ്പോര്;...
Array

ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയവര്‍ സംഘപരിവാറുകാരല്ല; കര്‍ഷകരുടെ ജാഗ്രതയെ അവഹേളിക്കുന്നവരുടെ ഉള്ളിലിരിപ്പ് വേറെ; കര്‍ഷകസമരത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സില്‍ ചേരിപ്പോര്; തരൂരിന്റെ നിലപാട് സംഘപരിവാറിന്റേതെന്ന പരോക്ഷവിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്

ദില്ലിയിലെ കര്‍ഷക സമരത്തിലിന്നുണ്ടായ സംഭവങ്ങളെ മുന്‍നിര്‍ത്തി സമരത്തെയാകെ അവഹേളിക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ്സില്‍ തന്നെ ഭിന്ന സ്വരം. ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ നടപടിക്കെതിരെ ശശി തരൂര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി നേരിട്ട ്‌രംഗത്തിറങ്ങി. ചെങ്കോട്ടയില്‍ കര്‍ഷകര്‍ അവരുടെ കൊടിയുയര്‍ത്തിയത് ചൂണ്ടിക്കാട്ടി സമരത്തെയാകെ അവഹേളിക്കുന്നത് സംഘപരിവാറിന് പിന്തുണ നല്‍കുന്നതിന് തുല്യമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൊടിക്കുന്നില്‍ ആരോപിച്ചു. കൊടിക്കുന്നിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തരൂരിനെ ലക്ഷ്യംവച്ചാണെന്നാണ് സൂചന. നേരത്തെ സംഘടനാപ്രശ്‌നങ്ങളില്‍ തരൂരും കൊടിക്കുന്നിലും രണ്ട് പക്ഷത്തായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ സംഭവവും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

കൊടിക്കുന്നിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ.

സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് പോലെ ചെങ്കോട്ടയുടെ മുകളിലെ ദേശീയ പതാക മാറ്റി അവിടെ ഖാലിസ്ഥാന്‍ പാതക ആരും ഉയര്‍ത്തിയിട്ടില്ല. ചെങ്കോട്ടയുടെ പരിസരത്ത് മറ്റു പല കൊടികളും ഉയര്‍ത്താറുള്ള സ്ഥലത്ത് സിഖ് മതവിശ്വാസ പ്രകാരം സഹനത്തിന്റേയും, സമാധാനത്തിന്റേയും പ്രതീകമായ നിഷാന്‍ സാഹിബ് പതാകയാണ് അവരുയര്‍ത്തിയത്. ദേശീയ പതാകയെ ആദരിക്കാന്‍, കര്‍ഷകര്‍ക്ക്, ദേശീയ പതാകയെ ദുശ്ശകുനമാണെന്ന് പറഞ്ഞ് അംഗീകരിക്കാതിരുന്ന, സംഘികളുടെ ഒത്താശ ആവശ്യമില്ല.
ഇക്കാലമത്രയും പോലീസിന് നേരെയൊ പൊതുമുതലുകള്‍ക്ക് നേരെയൊ ഒരു അക്രമപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതെ, ഗവണ്‍മെന്റ് ക്ഷണിച്ച പത്തോളം ചര്‍ച്ചകളില്‍ സംയമനത്തോടെ പങ്കെടുത്ത്, പല നഷ്ടങ്ങളും സഹിച്ച് തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്ന കര്‍ഷകര്‍ക്കെതിരെ നുണ പ്രചരിപ്പിച്ചുകൊണ്ട് സമരത്തെ നിര്‍ത്തലാക്കാം എന്ന് വ്യാമോഹിക്കുന്ന സംഘപരിവാര്‍ ഓണ്‍ലൈന്‍ ഹാന്‍ഡിലുകള്‍ അറിയുന്നില്ലല്ലൊ, അവരേക്കാള്‍ക്കാള്‍ കണിശതയും ജാഗ്രതയും സ്വാഭാവികമായും കര്‍ഷകര്‍ക്കുണ്ടായിരിക്കുമെന്ന്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ആവേശകരമായ രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഇന്ത്യന്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ തെരുവുകള്‍ സക്ഷ്യം വഹിക്കുന്നത്. പിറന്ന മണ്ണിന് വേണ്ടി ജീവന്‍ പോലും ത്യജിച്ച എത്രയോ ദേശസ്‌നേഹികളുടെ ചോരയും മാംസവും ആ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പിറന്ന മണ്ണിന് സ്വന്തം ജീവനേക്കാള്‍ വിലകല്‍പ്പിച്ച എത്രയൊ വീരന്‍മാരുടെ അവസാന നിശ്വാസം ഡല്‍ഹിയുടെ അന്തരീക്ഷത്തിന് ഈ ശൈത്യകാലത്തും ചൂടുപകരുന്നു..
ഇന്ത്യക്ക് വേണ്ടി അനേകായിരങ്ങള്‍ പൊരുതിവീണ, വെള്ളക്കാരില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട, അതേ ഡല്‍ഹിയില്‍
ഇന്ത്യയുടെ വിജയമെന്നാല്‍ അത് ഇന്ത്യന്‍ കര്‍ഷകന്റേയും സൈന്യത്തിന്റേയും വിജയമാണെന്ന് പ്രഖ്യപിക്കപ്പട്ട അതെ ഡല്‍ഹിയില്‍,
ഇന്ത്യന്‍ പരമാധികാരം പ്രഖ്യാപിക്കപ്പെട്ടതിന്റെ ഈ ഓര്‍മ്മ ദിവസം ഒരു കര്‍ഷകന്‍ ഫാസിസത്തോട് പൊരുതി രക്തസാക്ഷിയായിരിക്കുന്നു.
കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കര്‍ഷകര്‍ ഡെല്‍ഹിയിലെ തെരുവുകളില്‍ അതിശൈത്യത്തെ അതിജീവിച്ച് സമരത്തിലാണ്. നൂറിലധികം കര്‍ഷകര്‍ ഈ സമരത്തില്‍ രക്തസാക്ഷികളായി.
തീക്കൊള്ളി കൊണ്ടാണ് നരേന്ദ്രമോദി ഭരണകൂടം തലചൊറിയുന്നത്. തലമുറകളായി സഹനവും ക്ഷമയും മാത്രം കൈമുതലാക്കി മണ്ണിനോടും മഴയോടും വെയിലിനോടും പൊരുതി അന്നം വിളവെടുക്കുന്ന കര്‍ഷകരുടെ ജീവന്‍മരണപ്പോരാട്ടം ദീര്‍ഘിപ്പിച്ചു കൊണ്ട് പോയാലൊ, ഇന്റര്‍നെറ്റ് കട്ട് ചെയ്താലൊ, ജലപീരങ്കിയും കുറുവടിയും കൊടുത്ത് പോലീസിനെ വിട്ടാലൊ കെട്ടടങ്ങിക്കൊള്ളുമെന്ന് കരുതുന്നതിലും വലിയ മൂഢത്വം വേറെയില്ല.

- Advertisment -

Most Popular