Saturday, July 27, 2024
HomeBook houseശബരിമലയുടെ മൂലസ്ഥാനമേത്? കാന്തമലയിലെ രഹസ്യകേന്ദ്രത്തില്‍ കൊള്ളയ്‌ക്കെത്തിയവര്‍ക്കെന്തുസംഭവിച്ചു? ബാഹുബലിയെ തോല്‍പ്പിക്കുന്ന അഖിനാതന്റെ ഡയറിയെ കുറിച്ച് ഒരു വായനക്കാരന്റെ...

ശബരിമലയുടെ മൂലസ്ഥാനമേത്? കാന്തമലയിലെ രഹസ്യകേന്ദ്രത്തില്‍ കൊള്ളയ്‌ക്കെത്തിയവര്‍ക്കെന്തുസംഭവിച്ചു? ബാഹുബലിയെ തോല്‍പ്പിക്കുന്ന അഖിനാതന്റെ ഡയറിയെ കുറിച്ച് ഒരു വായനക്കാരന്റെ കുറിപ്പ്

ജിനിഷ് കുഞ്ഞിലിക്കാട്ടില്‍

കാന്തമല ചരിതം വായിച്ചു ഇഷ്ടപ്പെട്ട ഒരു ആരാധകന്റെ കുറിപ്പ്
കാന്തമലചരിതം ഇപ്പോഴാണ് വായിക്കാനൊത്തത്.
ഒരുപക്ഷെ ഈ പുസ്തകം ഇത്രയും വളരെ വൈകി വായിക്കുന്ന ഒരു ആള്‍ ഞാനാകാനാണ് സാധ്യത. അടുത്തിടെ റിലീസ് ചെയ്ത ഒരു സൂപ്പര്‍ ഹിറ്റ് പടം വളരെ വൈകി കാണുന്ന ഒരാളുടെ ആ ഒരു അവസ്ഥയില്ലേ അതുപോലെയാണെനിക്കു തോന്നുന്നത്. ഈ പുസ്തകം വായിച്ചവരെല്ലാം നല്ല നല്ല കുറിപ്പുകള്‍ എഫ് ബി യില്‍ പങ്കുവെയ്ക്കുമ്പോഴൊക്കെ ഞാന്‍ വിചാരിക്കാറുണ്ട് , ഉടനെ തന്നെ ഇത് വായിക്കണം ഒരു ചെറുകുറിപ്പ് എനിക്കും ഇടണം എന്നൊക്കെ . പക്ഷെ എന്തുകൊണ്ടോ ,വളരെ നേരത്തെ തന്നെ പുസ്തകം കൈയ്യിലെത്തിയിട്ടും വായന മാത്രം നീണ്ടു നീണ്ടു പോയി .
വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം നാട്ടിലേക്ക് പോകാനെടുത്ത ബാഗില്‍ വായിക്കാനായി പുസ്തകങ്ങള്‍ കുത്തി നിറച്ചു വച്ചപ്പോള്‍, എന്തോ കാന്തമലചരിതം അപ്പോഴും കണ്ണില്‍ പെട്ടില്ല.പക്ഷെ പുസ്തകങ്ങളും,ലാപ്‌ടോപ്പും ഒക്കെ വച്ച് കഴിഞ്ഞ് ബാഗ് ഒന്ന് പൊക്കിനോക്കിയപ്പോള്‍ രണ്ടു മൂന്നു അമ്മിക്കല്ലിന്റെ ഭാരം!. എടുത്തുവച്ച, പുസ്തകങ്ങളെല്ലാം തിരികെ ഷെല്‍ഫില്‍ തന്നെ കയറ്റി. കാന്തമല ചരിതം അപ്പോള്‍ മാത്രമാണ് കൈയില്‍ തടഞ്ഞത്.
ട്രെയിനില്‍ ഇരിക്കുമ്പോള്‍ വായിക്കാന്‍ എനിക്ക് പുസ്തകങ്ങള്‍ നിര്‍ബന്ധമാണ്. ആറേഴു മണിക്കൂര്‍ നേരത്തെ യാത്രയുടെ മുരടിപ്പ് മാറ്റാന്‍ പലവഴികളുമുണ്ട്. എനിക്ക് പക്ഷേ പുസ്തകവായന മാത്രമാണ് ശരണം . കൊറോണ വന്നതിനു ശേഷം ഏതാണ്ട് ഒരു വര്‍ഷമായിരിക്കുന്നു ട്രെയിനില്‍ കയറിയിട്ട്. ഒരുകൊല്ലത്തെ പുറത്തെ മാറിയ കാഴ്ചകള്‍ കാണാന്‍ ബാക്കിയുണ്ട്.എന്നാലും പുസ്തകം കൈയ്യിലുണ്ടെങ്കില്‍ മറ്റൊന്നും വേണ്ട.
ചിറയിന്‍കീഴ് കഴിഞ്ഞപ്പോഴാണ് കാന്തമലചരിതം വായിക്കാനെടുത്തത്. വായിച്ചു വായിച്ചു ട്രെയിനിനേക്കാള്‍ വേഗത്തില്‍ ഞാന്‍ മുന്നോട്ടു നീങ്ങി. വായനയുടെ രസത്തില്‍ പുറംകാഴ്ചകളും , പുസ്തകത്തിലെ താളുകള്‍ കടന്നു പോയിക്കൊണ്ടിരുന്നതും അറിഞ്ഞതേയില്ല. വിഷ്ണു ,ഇതില്‍ സൃഷ്ടിച്ച മിത്തുകളും,ഭാവനയുടെ ലോകവും യാഥാര്‍ഥ്യവുമായി കൂടിക്കുഴഞ്ഞ് ഏതാണ് ശരിക്കുമുള്ളത് എന്ന ആശയക്കുഴപ്പത്തില്‍ വീണുപോയി എന്നുള്ളതാണ് സത്യം .അടുത്തതെന്ത് എന്തെന്നറിയാനുള്ള ഒരു ആകാംക്ഷ സൃഷ്ടിക്കാന്‍ വിഷ്ണുവിന് കഴിഞ്ഞിട്ടുണ്ട്. വെറുതെയല്ല കാന്തമല ചരിതം ഇത്ര കണ്ട് ആഘോഷിക്കപ്പെട്ടത്.
ചെറുപ്പത്തില്‍ രാമനാഥന്‍ മാഷിന്റെ പുസ്തകങ്ങളാണ് ഇതേപോലെ ഞാന്‍ വായിച്ചു രസിച്ച് അത്ഭുതപ്പെട്ടിട്ടുള്ളതെന്ന് തോന്നുന്നു. പുതുകാലത്ത് ഒരുപാടുപുസ്തകങ്ങള്‍ ഈ വിഭാഗത്തില്‍ ഇറങ്ങുന്നുണ്ട്. അവയില്‍ എത്രയെണ്ണം നേരാംവണ്ണം വായിക്കപ്പെടുന്നു എന്നത് ഒരു ചോദ്യമാണ്. വായനക്കാരുണ്ടാകുമ്പോഴാണല്ലോ ആ പുസ്തകവും,എഴുത്തുകാരനും നിലനില്‍ക്കപ്പെടുകയുള്ളൂ. കാന്തമലചരിതം എന്തായാലും വായനക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതിന്റെ അടുത്ത ഭാഗത്തിനായി ഇപ്പോള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയും ചെയ്യുന്നു.
ഒരു കഥ ആളുകളെ പിടിച്ചിരുത്തി വായിപ്പിക്കണമെങ്കില്‍ കഥപറച്ചിലിലും കഥാ പരിസരത്തിലും ,കഥാ ഘടനയിലും വേണ്ട ഘടകങ്ങള്‍ നല്ല രീതിയില്‍ വേണ്ടയിടങ്ങളില്‍ കൃത്യമായി തന്നെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.കാന്തമല ചരിതത്തില്‍ ഈ കാര്യങ്ങള്‍ നല്ലവിധം കൈകാര്യം ചെയ്തിട്ടുമുണ്ട്.
പ്രാദേശികതകളില്‍ നമ്മള്‍ കേട്ടു പഴകിയതും,കേള്‍ക്കാത്തതുമായ മിത്തുകളില്‍ നിന്നും, കഥകളില്‍ നിന്നും ലോകപരിസരങ്ങളിലെ ചരിത്രത്തിലേക്കും ഭവനകളിലേക്കും കഥയെ പ്രതിഷ്ഠിക്കാനും, കഥയുടെ രസച്ചരട് മുറിയാത്ത തരത്തില്‍ അവയെ കണ്ണി ചേര്‍ക്കാനും അസാധ്യ പരിശ്രമം നടത്തിയിട്ടുണ്ട് വിഷ്ണു .
ഒടുവില്‍ പുസ്തകത്തിന്റെ അവസാന താളും കടന്ന് വായനാമൂര്‍ച്ചയുടെ ആലസ്യത്തില്‍ വിശ്രമിക്കാനിരിക്കുമ്പോഴും ട്രെയിന്‍ എനിക്കിറങ്ങേണ്ടയിടത്തെത്താന്‍ കുതിച്ചുകൊണ്ടിരിക്കയായിരുന്നു.
പുസ്തകത്തെ കുറിച്ച് എഫ് ബി യില്‍ കുറിപ്പോന്നും എഴുതേണ്ടന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്.
ഒരുപാടു പേര്‍ അതിഗംഭീരമായി,നല്ല ഭാഷയില്‍ വായിപ്പിക്കാന്‍ കൊതിപ്പിക്കുന്ന രീതിയില്‍ പുസ്തകത്തെ കുറിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചുകഴിഞ്ഞു.
സത്യം പറഞ്ഞാല്‍ ഇതേ കുറിച്ചെഴുതാന്‍ വാക്കുകളോന്നും കിട്ടാതെയിരുന്ന ഒരു അവസ്ഥയില്‍ തോന്നിയതായിരുന്നു അങ്ങനെയൊക്കെ .
പായ എന്ന പുസ്തകത്തില്‍ മനോജ് വെങ്ങോല എഴുതിയത് പകര്‍ത്തിയാല്‍ ‘സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല.ദാര്‍ശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില ഉഗ്രന്മാരെ വായിക്കുമ്പോള്‍ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്ത് എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങള്‍ മാത്രം’. ആ വരികളാണ് ഓര്‍മ വന്നത്. ചില പുസ്തകങ്ങളെ പരിചയപ്പെടുത്താന്‍ അസാമാന്യ ജ്ഞാനം തന്നെ വേണം. അങ്ങനെ രണ്ടു വരിപോലും എഴുതാന്‍ കഴിയാതെ വായിച്ചു വച്ച പുസ്തകങ്ങള്‍ നിരവധിയുണ്ട്.പക്ഷേ പുസ്തകം വായിച്ച് അത് ഇഷ്ടപ്പെട്ട കാര്യം വിഷ്ണുവിനോട് പറയാതിരിക്കാനും കഴിഞ്ഞില്ല.
എഫ് ബി യിലെ ഉഗ്രന്മാര്‍ നല്ല രീതിയില്‍ എഴുതിയിട്ടുപോയ പുസ്തകമാണ് കാന്തമലചരിതം . അപ്പോള്‍ അതാണ് കാര്യം.. അങ്ങനെയുള്ളപ്പോള്‍ ഇനി അതിനെപ്പറ്റി കൂടുതല്‍ എന്തെഴുതാനാണ് .
(ജിനീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിന്നെടുത്തത്)

- Advertisment -

Most Popular