ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യത്തിനടക്കം 7പേര്‍ക്ക് പത്മവിഭൂഷണ്‍.
ഗായിക കെ എസ് ചിത്രയ്ക്ക് ഉള്‍പ്പെടെ 10 പേര്‍ക്കാണ് പത്മഭൂഷണ്‍. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട് . കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാര്‍ (കായികം), ബാലന്‍ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവര്‍ (കല), ഡോ. ധനഞ്ജയ് ദിവാകര്‍ (മെഡിസിന്‍) എന്നിവരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു മലയാളികള്‍.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, എസ് പി ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ സാഹു, ബി ബി ലാല്‍, ബി എം ഹെഗ്ഡേ, നരിന്ദെര്‍ സിങ് കാപാനി, മൗലാനാ വാഹിദുദ്ദിന്‍ ഖാന്‍ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കിയിരിക്കുന്നത്.
കെ എസ് ചിത്ര, മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി, ചന്ദ്രശേഖര്‍ കാംബ്ര, കേശുബായ് പട്ടേല്‍, കല്‍ബെ സാദിഖ് , രജ്‌നികാന്ത് ദേവിദാസ് ഷ്രോഭ്, 10. തര്‍ലോച്ചന്‍ സിങ് എന്നിവര്‍ക്കാണ് പത്മഭൂഷണ്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും മലയാളികളുടെ പ്രിയ നടന്‍ മമ്മൂട്ടിക്ക് ഇത്തവണയും പത്മഭൂഷണ്‍ ലഭിച്ചില്ല.