Saturday, July 27, 2024
HomeSports houseഇനി ഓട്ടമല്‍സരം; കായിക ക്ഷമ തെളിയിക്കാന്‍ ടീം ഇന്ത്യക്ക് പുതിയ വെല്ലുവിളി

ഇനി ഓട്ടമല്‍സരം; കായിക ക്ഷമ തെളിയിക്കാന്‍ ടീം ഇന്ത്യക്ക് പുതിയ വെല്ലുവിളി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കായിക ക്ഷമത പരിശോധിക്കുന്ന യോ യോ ടെസ്റ്റില്‍ മാറ്റം. നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് കിലോ മീറ്റര്‍ ഓടിത്തീര്‍ക്കുന്നതാണു പുതിയ പരീക്ഷ. പേസ് ബൗളര്‍മാര്‍ക്ക് രണ്ട് കിലോമീറ്റര്‍ ഓട്ടം എട്ട് മിനിറ്റ് 15 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കണം.
ബാറ്റ്സ്മാന്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും വിക്കറ്റ് കീപ്പര്‍മാര്‍ക്കും രണ്ട് കിലോ മീറ്റര്‍ ദൂരം എട്ട് മിനിറ്റ് 30 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്താല്‍ മതി. ഓസ്ട്രേലിയക്കെതിരേ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ പരുക്കേല്‍ക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ കുറവായിരുന്നു. കൂടുതല്‍ താരങ്ങള്‍ക്കും കാല്‍ മസിലിനും തുടയ്ക്കുമൊക്കെയാണ് പരുക്ക്. പരുക്കില്‍ വലഞ്ഞാണ് ഇന്ത്യക്ക് പരമ്പര നേടിയത്. ഇതോടെയാണു യോ യോ ടെസ്റ്റില്‍ മാറ്റം വരുത്തിയത്. താരങ്ങളുടെ കരുത്തും വേഗവും മനസിലാക്കാനാണു രണ്ട് കിലോ മീറ്റര്‍ ഓട്ടം യോ യോ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
പുതിയ നിയമം പരുക്കിന്റെ പിടിയിലുള്ള താരങ്ങള്‍ക്കു വെല്ലുവിളിയാണ്. പരുക്കില്‍നിന്നു മോചിതരായിക്കൊണ്ടിരിക്കുന്ന മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ പേസര്‍മാര്‍ക്കും പുതിയ പരീക്ഷ ബാധകമാണ്. താരങ്ങളുടെ കായിക ക്ഷമത ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. സമയബന്ധിതമായ ഓട്ടം ശാരീരിക ക്ഷമത കൂട്ടാന്‍ സഹായിക്കുമെന്നു ബി.സി.സി.ഐ. വ്യക്തമാക്കി.
ജസ്പ്രീത് ബുംറ, വിരാട് കോഹ്ലി, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം രണ്ട് കിലോ മീറ്റര്‍ ദൂരം മികച്ച വേഗത്തില്‍ പിന്നിടുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.സി.സി.ഐ? സെക്രട്ടറി ജയ് ഷാ പറഞ്ഞു. പ്രസിഡന്റ് സൗരവ് ഗാംഗുലിയും പുതിയ കായിക ക്ഷമതാ പരിശോധനയ്ക്ക് അംഗീകാരം നല്‍കിയെന്നു ജയ് ഷാ പറഞ്ഞു. വര്‍ഷത്തില്‍ മൂന്ന് തവണ താരങ്ങള്‍ പുതിയ പരീക്ഷ നേരിടേണ്ടി വരും. ഫെബ്രുവരി, ജൂണ്‍,ഓഗസ്റ്റ്/ സെപ്റ്റംബര്‍ മാസങ്ങളിലാകും യോ യോ ടെസ്റ്റ്.
ഓസ്ട്രേലിയന്‍ പര്യടനം കഴിഞ്ഞു താരങ്ങള്‍ മടങ്ങിയെത്തി. ചട്ടപ്രകാരം ഫെബ്രുവരിയില്‍ യോ യോ ടെസ്റ്റ് നടത്തേണ്ടതാണെങ്കിലും ഇത്തവണത്തെ വേണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി.
ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ഇന്ത്യ അടുത്തതായി കളിക്കുന്നത്്. പരുക്കിനെ അവഗണിച്ചു ടീമില്‍ കയറാന്‍ ശ്രമിക്കുന്ന താരങ്ങള്‍ക്കു പുതിയ പരീക്ഷണം കടുത്ത വെല്ലുവിളിയാണ്.

- Advertisment -

Most Popular