Friday, November 22, 2024
HomeCelebrity houseമിസ് ടീന്‍ എര്‍ത്തിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തതാരാണെന്നറിയാമോ? ദി ബെസ്റ്റ് ആക്ടറും ഒക്കെയെഴുതിയ ബിപിന്‍ചന്ദ്രന്റെ ഭാര്യ;...

മിസ് ടീന്‍ എര്‍ത്തിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തതാരാണെന്നറിയാമോ? ദി ബെസ്റ്റ് ആക്ടറും ഒക്കെയെഴുതിയ ബിപിന്‍ചന്ദ്രന്റെ ഭാര്യ; റിവോള്‍ട്ടിന്റെ നായിക ദീപ്തി സെബാസ്റ്റ്യന്‍ ചെറിയ പുള്ളിയല്ല

2020ലെ മിസ് ടീന്‍ എതര്‍ത്ത് ആയിതെരഞ്ഞെടുക്കപ്പെട്ട ഐശ്വര്യവിനു ശ്രദ്ധേയയായത് അവരുടെ വസ്ത്രത്തിന്റെ കൂടി പിന്‍ബലത്തിലായിരുന്നു. കിരീടനേട്ടത്തില്‍ ആഹ്ലാദിക്കുമ്പോള്‍ അവര്‍ അത് പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ആ വസ്ത്രങ്ങള്‍ ഡിസൈന്‍ചെയ്തത് റിവോള്‍ട്ട് എന്ന സ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ ബുദ്ധികേന്ദ്രം ആര് എന്ന് കണ്ടവരൊക്കെ ആലോചിച്ചുകാണും. ദീപ്തി സെബ്ാസ്റ്റ്യന്‍ എന്ന മലയാളി തന്നെ. അവര്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ദീപ്തി സെബാസ്റ്റ്യന്റെ ഭര്‍ത്താവാണ് സാക്ഷാല്‍ ബിപിന്‍ ചന്ദ്രന്‍. ദി ബെസ്റ്റ് ആക്ടറും പാവാടയും കെയര്‍ഓഫ് സൈറാബാനുവും 1983ഉം ഒക്കെയെഴുതിയ ബിപിന്‍ ചന്ദ്രന്‍.

ഒരു വീട്ടില്‍ രണ്ടുപ്രതിഭ എന്ന് ചുരുക്കം. എന്തായാലും മിസ് ടീന്‍ എര്‍ത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതോടെ ദീപ്തി സെബാസ്റ്റ്യന്‍ ഈ മേഖലയില്‍ ഏറെ ചര്‍ച്ചാവിഷയമായിത്തീര്‍ന്നു. സ്‌കൂള്‍ അധ്യാപികയായിരുന്നു കൊച്ചിസ്വദേശിയായ ദീപ്തി. അധ്യാപകജോലി രാജിവച്ച് ഇഷ്ടമേഖലയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലുകയായിരുന്നു. അതാണിപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ആദ്യം ഒരു വെബ്‌സൈറ്റ് തുടങ്ങി. ഇപ്പോള്‍ എറണാകുളത്ത് റിവോള്‍ട്ട് എന്ന പേരില്‍ ബൂട്ടിക്കും നടത്തുന്നു. ബ്രൈഡല്‍, പാര്‍ട്ടി വെയര്‍ തുടങ്ങി കസ്റ്റമറിന്റെ ഇഷ്ടാനുസരണമുള്ള വസ്ത്രങ്ങള്‍ റിവോള്‍ട്ടിലൊരുക്കും.

ദീപ്തിയുടെ നേട്ടത്തിന് പിന്നിലെ സന്തോഷം പങ്കുവച്ചുകൊണ്ട് ബിപിന്‍ചന്ദ്രന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആ പോസ്റ്റ്താഴെ

എന്റെ കൂട്ടുകാരികളായ അഖിലലോക പെണ്‍മണികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്. ആണ്‍കൂട്ടുകാര്‍ ശ്രദ്ധിച്ചെന്നുവെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴാനും പോകുന്നില്ല.
മലയാളികളായ വിനു വേണുഗോപാലിന്റെയും സീന വിനുവിന്റെയും മകള്‍ ഐശ്വര്യ വിനു മിസ് ടീന്‍ ഏര്‍ത്ത് 2020 ആയി തിരഞ്ഞെടുക്കപ്പെട്ടു.അതിനിപ്പം ബിപിനെന്താ എന്നൊരു ഡൗട്ട് പലര്‍ക്കും ന്യായമായും ഉണ്ടാകാവുന്നതാണ്. സാധാരണ ഇത്തരം സംഗതികളൊന്നും പലരെയും പോലെ എന്നെയും ബാധിക്കാറില്ലായിരുന്നു.പക്ഷേ ഇത്തവണ എനിക്കത് ചുമ്മാതങ്ങ് വിട്ടു കളയാന്‍ പറ്റുന്ന ഒരു വാര്‍ത്ത അല്ലായിരുന്നു. കാരണം ഈ വിനു വേണുഗോപാലും സീന വിനുവും എന്റെ പ്രിയപ്പെട്ട ചേട്ടനും ചേട്ടത്തിയമ്മയും ആകുന്നു മാളോരേ. വീട്ടില്‍ പെട്ട കുഞ്ഞിനൊരു വമ്പന്‍ നേട്ടമുണ്ടാകുമ്പം നമ്മളെ അന്നേവരെ ബാധിക്കാതിരുന്ന പല കാര്യങ്ങളിലും നമ്മുടെ ശ്രദ്ധ പതിഞ്ഞെന്നിരിക്കും.
എശ്വര്യയുടെ ഒരുപാട് നേട്ടങ്ങളില്‍ ആനന്ദിക്കുമ്പോഴും അവളെക്കുറിച്ചുള്ള എന്റെ സ്വപ്നം എന്താണെന്നറിയാമോ? പത്മ സുബ്രഹ്മണ്യം, അലര്‍മേല്‍വള്ളി, യാമിനി കൃഷ്ണമൂര്‍ത്തി…….ഇങ്ങനത്തെ ലിസ്റ്റിലുള്ള ഒരു വലിയ നര്‍ത്തകിയായി ഐശ്വര്യ അറിയപ്പെടുന്ന കിനാശ്ശേരിയാണ് എന്റെ സ്വപ്നത്തിലുള്ളത്. അതിനുമപ്പുറം അവള്‍ വളരട്ടെ, പടരട്ടെ. ‘Hitch your wagon to the stars’
എന്നാണല്ലോ പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത്. ഐശ്വര്യ അവളുടെ സ്വപ്നങ്ങളെ നക്ഷത്രങ്ങളില്‍ കൊളുത്തട്ടെ.


സത്യത്തില്‍ വാഴ നനയുന്നതിന്റെ കൂടെ ചീരയും നനഞ്ഞോട്ടെ എന്നൊരു അജണ്ട കൂടി ഈ പോസ്റ്റ്‌നാട്ടലിനു പിന്നിലുണ്ട്. അഥവാ ചീര നനയ്ക്കല്‍ തന്നെയാണ് ഇന്നത്തെ മെയിന്‍ പരിപാടി. ദേശീയതലത്തിലുള്ള മത്സരത്തിലെ കോസ്റ്റ്യൂം റൗണ്ടില്‍ ഐശ്വര്യ ഇട്ടിരുന്ന വസ്ത്രത്തിന്റെ വിശദാംശങ്ങളിലേക്കൊന്ന് ടോര്‍ച്ചടിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.കൂത്താമ്പള്ളിയിലെ തറികളില്‍ പോയി നേരിട്ട് നിര്‍ദ്ദേശം കൊടുത്ത് നെയ്യിച്ച വസ്ത്രത്തില്‍ കേരളീയ ചുവര്‍ ചിത്രങ്ങളുടെ ശൈലിയില്‍ വരപ്പിച്ചെടുത്ത കഥകളി വേഷങ്ങളായിരുന്നു അതിന്റെ പ്രത്യേകത. ഉത്തരേന്ത്യയില്‍ നിന്നുള്ള ചില വിദഗ്ധ കലാകാരന്മാരെക്കൊണ്ട് ചെയ്യിച്ച നൂല്‍പ്പണികളും കല്ലുപതിപ്പിക്കലുമൊക്കെ അതിനെ അത്യധികം ആകര്‍ഷകമാക്കി.പോരാഞ്ഞിട്ട് തെയ്യത്തിന്റെ തീമില്‍ ചെയ്‌തെടുത്ത ഒരു പിന്‍വസ്ത്രവും കൂടി ആയപ്പോള്‍ സംഭവം ജോര്‍. വേഷവിധാനത്തിന്റെ പ്രൗഢി കൊണ്ടല്ല പ്രതിഭയുടെ പകിട്ട് കൊണ്ടാണ് ഐശ്വര്യ ആ നേട്ടം കൊയ്‌തെടുത്തത്. പക്ഷേ വിധികര്‍ത്താക്കളുടെയും വേദിയില്‍ മത്സരിച്ചവരുടെയും അടക്കം മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ ആ വസ്ത്രം രൂപകല്‍പ്പന ചെയ്ത കക്ഷി നമുക്ക് വേണ്ടപ്പെട്ട ഒരു കൊച്ചാണ്. വിശ്വസിച്ചാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം, കക്ഷിയുടെ പേര് ദീപ്തി സെബാസ്റ്റ്യന്‍ എന്നാണ്. പറഞ്ഞു വരുമ്പം എന്റെ രണ്ടു കൊച്ചുങ്ങടെ പൊന്നമ്മയായിട്ട് വരും ആ കൊച്ച്.


സ്വന്തം പെമ്പ്രന്നോത്തിയുടെ കാര്യങ്ങള്‍ സ്വയം പൊക്കിപ്പറയുന്നത് അലമ്പല്ലേ എന്ന പുരുഷു ജാടയില്‍ കുറച്ചുദിവസം പിടിച്ചു നിന്നപ്പോഴാണ് ചില മാധ്യമങ്ങളിലൊക്കെ ഈ വാര്‍ത്ത വന്നത്. ഒരു ചായേന്റെ വെള്ളം പോലും മേടിച്ച് തരാത്തവരുടെയും എന്റെ ഭാവിയുടെ പാലുംവെള്ളത്തില്‍ത്തന്നെ പുളി പിഴിഞ്ഞൊഴിച്ച പുംഗവന്മാരുടെയും ഒക്കെ വീരഗാഥകള്‍ വിസ്തരിക്കാമെങ്കില്‍ പത്തിരുപത് കൊല്ലം കണ്ണേ കരളേന്ന് നോക്കിയ പെണ്ണിന്റെ നേട്ടത്തില്‍ ഒരു പോസ്റ്റ് ഇടുന്നത് മിനിമം മര്യാദയല്ലേ എന്ന മട്ടില്‍ ഒന്ന് രണ്ടു കൂട്ടുകാര് ചോദിച്ചപ്പോള്‍ സുമ്മാ സമ്മിപ്പോയി എന്നതാണ് റിയാലിറ്റി.
രണ്ടുമാസം മെനക്കെട്ട് ഭാര്യ ഡിസൈന്‍ ചെയ്ത ആ കോസ്റ്റ്യൂമിനേക്കുറിച്ച് പറയുന്നതിനേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ടെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.ഇഷ്ടംപോലെ സ്വപ്നങ്ങള്‍ കാണുകയും അതു സത്യമാക്കാന്‍ ഒത്തിരി പണിയെടുക്കുകയും ചെയ്യുന്നൊരു മനുഷ്യ ജീവിയാണ് ഞാന്‍. സഹജീവികളും അങ്ങനെയാകണം എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അത്തരം ശ്രമങ്ങള്‍ കാണുമ്പോള്‍ അങ്ങേയറ്റം ആനന്ദിക്കാറുമുണ്ട്. പഠിപ്പിച്ചിരുന്ന കാലങ്ങളിലൊക്കെ ഞാന്‍ പലതരത്തില്‍ വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതും അതൊക്കെത്തന്നെയാണ്. പലരെയും അതിനു പ്രേരിപ്പിച്ചിട്ടുമുണ്ട്. എന്റെ ഏറ്റവും വലിയ കൂട്ടുകാരിയുടെ കനവുകളെക്കുറിച്ച് ഞാനല്ലാതെ മറ്റാരാണ് പറയേണ്ടത്. ആറേഴു കൊല്ലത്തെ അധ്യാപന ജീവിതത്തിന് ശേഷം ദീപ്തി അവളുടെ സ്വപ്നവേട്ടയ്ക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ കനത്ത ബാങ്ക് ബാലന്‍സിന്റെ പിന്‍ബലം ഒന്നുമില്ലായിരുന്നു. അത്യാവശ്യം കടബാധ്യതകള്‍ ഒക്കെ ഉണ്ടായിരുന്നു താനും.ഫാഷന്‍ ഡിസൈനിങ് എന്ന പാഷനിലേക്ക് ദീപ്തി വള്ളമിറക്കുമ്പോള്‍ കരുതുന്നത്ര എളുപ്പമായിരുന്നില്ല ഒരു തുഴച്ചിലും.കാലങ്ങളായുള്ള കൈകാലിട്ടടികള്‍ക്ക് ശേഷവും മുങ്ങിത്താഴാതെ റിവോള്‍ട്ട് എന്ന സ്വപ്നത്തെയും കെട്ടിപ്പുണര്‍ന്നവള്‍ നീന്തിക്കൊണ്ടേയിരിക്കുകയാണ് .
Revollt ഒരു ഡിസൈനര്‍ ബൊട്ടീക് ആണ്.എറണാകുളത്ത് പാടി വട്ടത്ത് സിലോണ്‍ ബേക്കേഴ്സിന് എതിര്‍വശത്തുള്ള ജോ ആന്‍സ് എന്ന ഷോപ്പ് ഏറ്റെടുത്തു റിവോള്‍ട്ട് ആക്കുമ്പോള്‍ എന്താകുമതിന്റെ ഭാവിയെന്നൊന്നും ദീപ്തിക്ക് കൃത്യമായ പിടിപാടില്ലായിരുന്നു.

കൊറോണാ വന്നിങ്ങു തലയില്‍ കരേറുമെന്ന് ഊഹിക്കാന്‍ പാഴൂര്‍ പടിപ്പുരയിലെ കോഴ്‌സല്ല അവള്‍ പാസായതും.കുഞ്ഞുങ്ങളുടെ കുപ്പായങ്ങള്‍ മുതല്‍ കല്യാണവസ്ത്രങ്ങള്‍ വരെ ഡിസൈന്‍ ചെയ്യാമെന്നുള്ള ആത്മവിശ്വാസം മാത്രമായിരുന്നു ദീപ്തിയുടെ കൈമുതല്‍. യൂണിഫോമുകളും സ്ഥാപനങ്ങള്‍ക്കു വേണ്ട ടീഷര്‍ട്ടുകളും അടക്കം തുണിസംബന്ധവും തയ്യല്‍ സംബന്ധവുമായ എന്തുതരം ജോലികളും ചെയ്തു കൊടുക്കുമ്പോഴും അസാധാരണമായ ചില അവസരങ്ങള്‍ ലഭിക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം. അത്തരത്തിലൊന്നാണ് ഇപ്പോള്‍ കിട്ടിയത്. അത് ദീപ്തിയുടെ കരിയറില്‍ മെച്ചങ്ങള്‍ ഉണ്ടാക്കുമായിരിക്കാം. ഉണ്ടാകട്ടെ.
പക്ഷേ എന്റെ കൂട്ടുകാരോട് എനിക്കൊന്നു പറയേണ്ടതുണ്ട്. റിവോള്‍ട്ട് എന്നത് ദീപ്തിക്ക് ഒരു സ്ഥാപനമല്ല.മറിച്ച് അവളുടെ എത്താപ്പൊക്കത്തിലെ സ്വപ്നങ്ങളിലേക്ക് ചവിട്ടിക്കയറാനുള്ള വലിയ ഗോവണിയാണ്. അതിപ്പോള്‍ ബലമുള്ള പ്രതലങ്ങളില്‍ ചാരി നിര്‍ത്തേണ്ടതുണ്ട്.കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികളോട് ഒക്കെ പോരാടി ഇത്തരമൊരു സംരംഭവുമായി മുന്നോട്ടു പോകുമ്പോള്‍ എന്റെ ഏറ്റവും വലിയ കൂട്ടുകാരി നേരിടുന്ന വെല്ലുവിളികളെ ഞാന്‍ കണ്ടില്ലെന്നു നടിയ്ക്കുന്നത് ക്രൂരതയാകും. ഇങ്ങനെ ഒരു സ്ഥാപനം ദീപ്തി നടത്തുന്നു എന്ന് പോലും എന്റെ മിക്ക കൂട്ടുകാര്‍ക്കും അറിയില്ല. ഞാനത് പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. പറഞ്ഞാലേ പലതും അറിയൂ.
‘ ഇല്ലാതെയായ് പറയാതെയന്യോന്യ-
മെല്ലാമറിയുവോര്‍ . കുറഞ്ഞൂ
പറഞ്ഞാലുമറിയുവോര്‍ ‘
എന്ന പരാതി പറയാവുന്ന നേരമല്ലിത്. ജീവിതം അത്രത്തോളം സങ്കീര്‍ണമാണ്. ഒടുങ്ങുന്നതിന് മുമ്പുള്ള ഉള്ള ഒരു വെപ്രാളമാകുന്നു ഇന്നു പലര്‍ക്കും വാഴ് വ് എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. എല്ലാരും നട്ടപ്ര വെയിലത്ത് നെട്ടോട്ടമോടുമ്പോള്‍ മിണ്ടാതിരുന്നാല്‍ ആരും ഒന്നും മനസ്സിലാക്കില്ല.
ഇക്കാര്യത്തില്‍ പുലര്‍ത്തിയ മൗനം ഒരു മോശം കാര്യമാണെന്ന് കുറ്റബോധത്തോടെ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു .സ്വന്തം ഭാര്യക്ക് ഇഷ്ടമുള്ള ഒരു ഭക്ഷണം പോലും പാചകം ചെയ്തു കൊടുക്കാന്‍ കഴിയാത്ത ഒരു കെട്ടിയവനാണ് ഞാന്‍.കുറച്ച് കാലമായിട്ട് അങ്ങനെ ഒരു കുറ്റബോധം കത്തിത്തുടങ്ങിയിരുന്നു.ലണ്ടനിലുള്ള കണ്ണന്‍ സന്ദീപ് എന്ന ചങ്ങാതിയാണെങ്കില്‍ അതിലോട്ട് ആവശ്യത്തിന് കുക്കിങ് ഓയിലും ഒഴിച്ചു തരുന്നുണ്ട്. ഇങ്ങനെ ഓരോരോ കുറ്റബോധങ്ങള്‍ കൂടിയാല്‍ ഞാന്‍ കുഴഞ്ഞു പോവുകയേ ഉള്ളൂ. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് വിന്‍സെന്റ് ഗോമസ് പോലും പറഞ്ഞിട്ടുണ്ട്.മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ തുന്നിക്കൂട്ടുന്നതെല്ലാം അണ്ടര്‍വെയറുകള്‍ ആയിരിക്കും എന്നാണ് നാട്ടുമ്പുറത്തെ ഒരു തയ്യല്‍ക്കാരന്‍ പറഞ്ഞത്. അടിവസ്ത്രങ്ങള്‍ ആയാലും ശരി അടിപൊളി വസ്ത്രങ്ങള്‍ ആയാലും ശരി എന്തുണ്ടാക്കുമ്പോഴും ഒരു കല കൂടി പ്രവര്‍ത്തിക്കണം എന്നതാണ് തുന്നലിന്റെ വിജയത്തെ നിര്‍ണയിക്കുക, തുന്നലിന്റെ മാത്രമല്ല എന്തിന്റെയും.
ആ സൗന്ദര്യശാസ്ത്രമാണ് റിവോള്‍ട്ടിനെ മുന്നോട്ടു നയിക്കുക എന്നതാണ് ദീപ്തിയുടെ വിശ്വാസം. സ്വന്തം സ്വപ്നങ്ങള്‍ തുന്നിയെടുക്കുന്ന അവളുടെ പദ്ധതിയെക്കുറിച്ച് എന്റെ ചങ്ങാതികളെ അറിയിക്കുക എന്ന ചെറിയ കര്‍ത്തവ്യമെങ്കിലും ഞാനിപ്പോള്‍ ചെയ്തുകൊള്ളട്ടെ.
പ്രിയപ്പെട്ടവരേ, എന്റെ ഒരുപാട് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കൂടെ നിന്നവരാണ് നിങ്ങള്‍.എന്റെ കൂട്ടുകാരിയുടെ കനവുകള്‍ക്കും നിങ്ങള്‍ വെള്ളവും വെളിച്ചവും വളവുമേകും എന്ന പ്രതീക്ഷയോടെ റിവോള്‍ട്ട് എന്ന ഡിസൈനര്‍ ബോട്ടീക്കിനെ പരിചയപ്പെടുത്തിക്കൊണ്ട് തല്‍ക്കാലം ചുരുക്കുന്നു.

ഫോട്ടോകള്‍ക്ക് കടപ്പാട് ന്യൂസ് 18

- Advertisment -

Most Popular