തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം.
നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കുന്നതിനൊപ്പം സഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കും.
ഇന്നലെ മുഖ്യമന്ത്രിയോട് ഫോണിൽ വിശദീകരണം നൽകിയ മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് നിന്നും തലസ്ഥാനത്തെത്തിയിട്ടുണ്ട്.
സിപിഎം കരുതലോടെയാണ് പ്രശ്നത്തിൽ പ്രതികരിച്ചത്. എൻസിപി അന്വേഷണ കമ്മീഷനെ വച്ച സാഹചര്യത്തിൽ ആ പാർട്ടി നിലപാട് എടുക്കും വരെ കാത്തിരിക്കാമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.
പരാതിക്കാരിയും കുടുംബവും മന്ത്രിക്കെതിരെ കൂടുതൽ ആരോപണം ഉന്നയിച്ചത് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
ശശീന്ദ്രനെ തള്ളാതെ സിപിഎം, എൻസിപി
ഫോൺവിളി രണ്ടാമതും കുരുക്കായ സംഭവത്തിൽ സിപിഎമ്മോ സ്വന്തം പാർട്ടിയായ എൻസിപിയോ മന്ത്രി എ.കെ. ശശീന്ദ്രനെ തള്ളിപ്പറഞ്ഞിട്ടില്ല.
മുഖ്യമന്ത്രിയോടും എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയോടും ഫോൺ സംഭാഷണത്തെപ്പറ്റി ശശീന്ദ്രൻ ന്യായീകരിച്ചു.
പക്ഷേ കേരളമാകെ സ്ത്രീപക്ഷ ചർച്ചകൾ ഉയരുന്ന സമയത്തുതന്നെ മന്ത്രിയുടെ ചെയ്തിയെ ആരും പരസ്യമായി ന്യായീകരിക്കില്ല.
നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ വിവാദം മുറുകിയാൽ സർക്കാരിനും ശശീന്ദ്രനും ആശങ്കയേറും.