Wednesday, September 11, 2024
HomeFilm houseഅനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം ഇന്ന്; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ

അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം ഇന്ന്; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ

കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോർട്ടം ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും.

അനന്യയെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ.

ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു.

ആശുപത്രിയ്‌ക്കെതിരെയും ഡോക്ടർമാർക്കെതിരെയും അനന്യ പരാതി ഉയർത്തിയിരുന്നു. തുടർന്നുണ്ടായ മാനസിക സംഘ‍ർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.

മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നു.

എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തുനിന്നും അനന്യ പിന്‍മാറിയിരുന്നു.

- Advertisment -

Most Popular