Friday, November 22, 2024
HomeNewshouseകർണാടകയിലെ പശു അനങ്ങിയാൽ അത് കൊച്ചി അറിയും, സ്മാർട്ട് ചിപ്പുമായി യുവ എൻജിനീയർമാർ

കർണാടകയിലെ പശു അനങ്ങിയാൽ അത് കൊച്ചി അറിയും, സ്മാർട്ട് ചിപ്പുമായി യുവ എൻജിനീയർമാർ

തൃശ്ശൂർ: ‘താങ്കളുടെ ഫാമിലെ 73-ാം നമ്പർ പശുവിന് ശാരീരികപ്രശ്നം കാണുന്നു, പനിയായിരിക്കാം. ഉടൻ ഡോക്ടറുടെ സേവനം തേടുക, 52-ാം നമ്പർ പശുവിന് ബീജസങ്കലനം നടത്തേണ്ട സമയമായി, 12-ാം നമ്പർ പശു കൂടുതൽ അയവെട്ടുന്നുണ്ട്, നാളെമുതൽ ഒരു ലിറ്റർ പാൽ കൂടുതൽ പ്രതീക്ഷിക്കാം’.

ഇങ്ങു കൊച്ചിയിലിരുന്നുകൊണ്ട് കർണാടകയിലെ ഫാമിലെ പശു അനങ്ങുന്നത് തത്സമയം അറിയാൻ കഴിഞ്ഞാലോ? അത്തരമൊരു സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ഇലക്‌ട്രോണിക്സ് എൻജിനിയർമാരായ ശ്രീശങ്കർ എസ്. നായർ, റോമിയോ പി. ജറാൾഡ് എന്നിവർ.

പശുവിന്റെ കാതിൽ ഘടിപ്പിച്ച ചിപ്പിലൂടെ പശുക്കളുടെ അനക്കം ഉൾപ്പെടെ ശാസ്ത്രീയമായി വിശകലനംചെയ്യും. അതിന്റെ ഫലം പശുവിന്റെ ഉടമയുടെ മൊൈബലിലേക്ക് ഉടനെത്തും. ഡോക്ടറുടെ സേവനം ആവശ്യമാണെങ്കിൽ അക്കാര്യം അറിയിക്കും.
തൃശ്ശൂരിലെ കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്ററിലാണ് കന്നുകാലി ആരോഗ്യ വിശകലന സ്മാർട്ട് സംവിധാനം വികസിപ്പിച്ചത്. ഇവരുടെ കണ്ടെത്തൽ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ലക്ഷം രൂപയുടെ ദേശീയ പുരസ്കാരം നേടി.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ പരിചയപ്പെടുത്തുന്ന അഗ്രി ഇന്ത്യാ ഹാക്കത്തോണിലാണ് പുരസ്കാരം നേടിയത്. ഇവരുടെ ബ്രെയിൻ വയേർഡ് ഇന്നൊവേഷൻസ് എന്ന കമ്പനി വികസിപ്പിച്ച ‘വീസ്റ്റോക്ക്’ എന്ന ചിപ്പും ആപ്പും അടങ്ങുന്ന സ്മാർട്ട് സംവിധാനമാണിത്. സർവകലാശാല ഇൻകുബേറ്ററിൽ വികസിപ്പിച്ച് ദേശീയ പുരസ്കാരം നേടിയ രണ്ടു സംരംഭങ്ങളിൽ ഒന്നാണിതെന്ന് ഇൻകുബേറ്റർ മേധാവി ഡോ. കെ.പി. സുധീർ പറഞ്ഞു.

കർണാടകയിലെ ഒരു ഫാമിൽ വീസ്റ്റോക്ക് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കാർഷിക സർവകലാശാല വഴി ബന്ധപ്പെട്ടാൽ സേവനം ലഭിക്കും.

- Advertisment -

Most Popular