ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അംപയറോട് കയര്‍ത്ത ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. അംപയറോട് കോഹ്ലി ഇടപെട്ട രീതി ശരിയല്ലെന്ന് കണ്ടെത്തിയാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയാവും നേരിടേണ്ടി വരിക.
ഇക്കാര്യത്തില്‍ മാച്ച റഫറിയായ ജവഗല്‍ ശ്രീനാഥായിരിക്കും അന്തിമ തീരുമാനമെടുക്കുക. നടപടിക്ക് അംപയര്‍മാര്‍ ശുപാര്‍ശ ചെയ്യുകയും അന്വേഷണത്തിന് ശേഷം ശ്രീനാഥ് നടപടി സ്വീകരിക്കുകയും ചെയ്താല്‍ കോഹ്ലി വെട്ടിലാവും. നിര്‍ണായക പരമ്പരയിലെ ഒരു മത്സരത്തില്‍ കോഹ്ലി പുറത്തിരിക്കേണ്ടി വന്നാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.
ചെന്നൈ ടെസ്റ്റിലെ മൂന്നാം ദിനമാണ് വിവാദമുണ്ടാവുന്നത്. അവസാന സെഷനില്‍ അക്സര്‍ പട്ടേലിന്റെ പന്ത് ജോ റൂട്ടിന്റെ പാഡില്‍ തട്ടുന്നു. അംപയര്‍ അപ്പീല്‍ അനുവദിക്കാതിരുന്നതോടെ കോഹ്ലി തീരുമാനം റിവ്യു ചെയ്തു. എന്നാല്‍ ടിവി അംപയര്‍ നോട്ടൗട്ട് തീരുമാനം ശരിവെക്കുകയായിരുന്നു.
എന്നാല്‍ തീരുമാനത്തില്‍ കുപിതനായ കോഹ്ലി അംപയര്‍ നിഥിന് മേനോനുമായി കയര്‍ത്തു. റൂട്ട് കൃത്യമായി ഔട്ടാണെന്നായിരുന്നു നായകന്റെ വാദം. എന്നാല്‍ നിഥിന് മേനോന് ഇക്കാര്യം നിഷേധിച്ചു. ഡ്രസിംഗ് റൂമില്‍ നിന്ന് കോച്ച് രവി ശാസ്ത്രിയും അംപയറുടെ തീരുമാനത്തിലെ നിരാശ പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. ഇന്നിംഗ്സില്‍ 33 റണ്‍സ് നേടിയ ശേഷമാണ് ജോ റൂട്ട് പുറത്തായത്.
മൂന്നാം ദിനം റൂട്ട് വേഗത്തില്‍ വീണിരുന്നെങ്കില്‍ ഇന്ത്യന്‍ വിജയം എളുപ്പമാവുമായിരുന്നു. അതേസമയം കോഹ്ലി അംപയറോട് പെരുമാറിയ രീതി ശരിയല്ലെന്ന് വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍ രംഗത്ത് വന്നു. മൈതാന മധ്യത്തില്‍ വെച്ച് കോഹ്ലി അംപയറോട് അത്തരത്തില്‍ പെരുമാറിയത് ശരിയായില്ലെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്. റിവ്യൂ ചെയ്യാന്‍ പതിവിലും കൂടുതല്‍ സമയമെടുത്തുവെന്നും ഇന്ത്യക്ക് പോലും അത് ഔട്ടാണെന്ന് നിശ്ചയമുണ്ടായിരുന്നില്ലെന്നും ഇംഗ്ലണ്ട് ഇതിഹാസ താരം നാസര്‍ ഹുസൈനും പ്രതികരിച്ചു.