Saturday, July 27, 2024
HomeSports houseമലയാളികള്‍ക്ക് പ്രതീക്ഷയായി അഞ്ച് താരങ്ങള്‍; നിരാശയിലും പ്രതീക്ഷയുമായി ശ്രീശാന്ത്; ഐപിഎല്‍ താരലേലം ഇന്ന്

മലയാളികള്‍ക്ക് പ്രതീക്ഷയായി അഞ്ച് താരങ്ങള്‍; നിരാശയിലും പ്രതീക്ഷയുമായി ശ്രീശാന്ത്; ഐപിഎല്‍ താരലേലം ഇന്ന്

ഐപിഎല്‍ താരലേലം ഇന്ന് ചെന്നൈയില്‍ നടക്കും. മലയാളി പ്രതീക്ഷയായി അഞ്ച് താരങ്ങളാണ് ഇത്തവണ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, എംഡി നിധീഷ്, സച്ചിന്‍ ബേബി എന്നിവരാണ് ഇത്തവണ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുക. എല്ലാവരുടെയും അടിസ്ഥാന വില 20 ലക്ഷം രൂപയാണ്.

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് ഏറ്റവും സാധ്യത നിലനില്‍ക്കുന്നത്. അതേസമയം സീനിയര്‍ താരമായ എസ് ശ്രീശാന്ത് ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റ് പട്ടികയില്‍ ഇടം നേടിയിട്ടില്ല.

ലീഗിലെ മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പണം ചെലവാക്കാന്‍ ഇത്തവണ പഞ്ചാബിനാണ് അവസരം. ഒമ്പത് താരങ്ങളെ ടീമിലെത്താക്കാം. അഞ്ച് വിദേശ താരങ്ങളെയും ടീമിലെടുക്കാന്‍ മാനേജ്മെന്റിന് കഴിയും. 53.20 കോടി രൂപയാണ് ഇത്തവണ ടീമിന് ചെലവഴിക്കാന്‍ സാധിക്കുക.

ഹര്‍ഭജന്‍ സിംഗ്, ഗ്ലെന്‍ മാക്സ്വെല്‍, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാകിബ് അല്‍.ഹസ്സന്‍, മോയീന്‍ അലി, സാം ബില്ലിംഗ്സ്, ലിയം പ്ലെങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്വുഡ്, കോളിന്‍ ഇന്‍ഗ്രാം എന്നിവരാണ് അടിസ്ഥാന വില പട്ടികയിലെ വമ്പന്‍മാര്‍. രണ്ട് കോടി രൂപയാണ് ഈ താരങ്ങളുടെ അടിസ്ഥാന വില.

ഡേവിഡ് മാലന്‍, മുജീബുര്‍ റഹ്മാന്‍, അലക്സ് ക്യാരി, നേഥന്‍ കോള്‍ട്ടര്‍നൈല്‍, ജെയ് റിച്ചാര്‍ഡ്സണ്‍, മിച്ചല്‍ സ്വപ്സണ്‍, ടോം കറണ്‍, ലൂയിസ് ഗ്രിഗറി, അലക്സ് ഹെയ്ല്‍സ്, ആഡം ലിത്ത്, ആദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവര്‍ ഒന്നരക്കോടി പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. ആരോണ്‍ ഫിഞ്ച്, ഉമേഷ് യാദവ്, ഹനുമ വിഹാരി, മാര്‍നസ് ലബുഷെയ്ന്‍,ഷെല്‍ഡണ്‍ കോട്രല്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഒരു കോടി അടിസ്ഥാന വിലയും നല്‍കേണ്ടി വരും.

ഇത്തവണ 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ താരങ്ങളുമാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഇത്തവണ കൂടുതല്‍ കളിക്കാര്‍ക്ക് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. നേരത്തെ സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ അര്‍ജുന്‍ മുംബൈയുടെ സീനിയര്‍ ടീമില്‍ അരങ്ങേറിയിരുന്നു. പേസ് ബൗളര്‍ റോളിലായിരിക്കും അര്‍ജുന്‍ ഐപിഎല്ലിലേക്ക് എത്തിച്ചേരുക.

അതേ സമയം താരലേലപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും നിരാശയില്ലെന്നാണ് ശ്രീശാന്ത് പ്രതികരിച്ചത്. ഒരിക്കല്‍ എന്റെ സമയവും തെളിയുമെന്ന് ശ്രീശാന്ത് പറഞ്ഞു.

- Advertisment -

Most Popular