Saturday, September 14, 2024
HomeFilm houseപ്രശാന്ത് അലക്‌സാണ്ടര്‍ നിറഞ്ഞാടി, ജഗദീഷ് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്, പുരുഷപ്രേതം ചില്ലറപ്രേതക്കളിയല്ല, ഒരുഗ്രന്‍ ത്രില്ലര്‍ കോമഡി

പ്രശാന്ത് അലക്‌സാണ്ടര്‍ നിറഞ്ഞാടി, ജഗദീഷ് പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്, പുരുഷപ്രേതം ചില്ലറപ്രേതക്കളിയല്ല, ഒരുഗ്രന്‍ ത്രില്ലര്‍ കോമഡി

കെവിമധു

പഴയൊരു തമാശക്കഥ കേട്ടിട്ടുണ്ട്.
കാസര്‍കോട് ജില്ലയിലെ ക്ലായിക്കോടാണ് എന്റെ നാട്.
നാടിന്റെ ഒരരികിലൂടെ തേജസ്വിനിപ്പുഴ ഒഴുകുന്നു.
ഒരിക്കല്‍ പുഴയിലൂടെ ഒരു പുരുഷന്റെ മൃതദേഹം അജ്ഞാതപ്രേതം ഒഴുകിപ്പോയി.
കരയിലിരുന്ന് നാട്ടുകാരൊക്കെ മൂക്കത്ത് വിരല്‍വച്ചു.
കടവത്തുള്ള വീട്ടുകാരോരുത്തരും ആ മൃതദേഹം ഇങ്ങോട്ടടുക്കല്ലേയെന്ന് പ്രാര്‍ത്ഥിച്ചു.
കടവത്തെ സുന്ദരേട്ടന്റെ കടയിലിരുന്ന് ഭാവനാത്മകതമായി ആ പ്രേതത്തെ കുറിച്ച് സംസാരിച്ചു. ഒടുക്കം പ്രേതമങ്ങനെ ഒഴുകിപ്പോയി.
എന്നാലും അതാരുടേതായിരിക്കും.
പ്രണയപരാജയം മൂലം മരിച്ചതാകാം.
ഭാര്യയുടെ പീഡനം മൂലം ആത്മഹത്യ ചെയ്തതാകാം.
കടംമൂത്ത് പുഴയില്‍ ചാടിയ ആരെങ്കിലുമാകാം.
അങ്ങനെ സകല വിധത്തിലുള്ള സാധ്യതകളും നാട്ടുകാര്‍ ആരാഞ്ഞു.
മരിച്ചത് ഒരു ക്ലായിക്കോട്ടുകാരനല്ല എന്നതുറപ്പായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ നാട്ടിലെ പൊക്കേട്ടന്‍ അതുവഴി വന്നത്.
പൊക്കേട്ടനോട് ചോയിച്ചു.
പൊക്കാ നീ അറിഞ്ഞില്ലേ.
ഓ അറിഞ്ഞു. എന്ത്ന്ന് സംഭവം.
എന്താന്നറീല.
എന്നാലും അതാരുടേതെ ശവമായിരിക്കും.
എമ്മാപ്പാ. നിന്‍്യാറ്റായിപ്പോയാ, നി അയിലേങ്ങാനും പോയിനാ. .
ഉടനെ പൊക്കേട്ടന്‍.
ഏയ്, എന്റൈ്യാന്ന്വല്ല, ഞാന്‍ കടോത്തൊന്നും പോയി വീണിറ്റ്‌ലപ്പാ…
സ്‌പോണ്ടെയ്‌നിയസ്സായ ഒരു തമാശയാണ്. ഒരുനിമിഷം എല്ലാരും കേട്ടതിന് ശേഷം ഒരുപൊട്ടിച്ചിരി.
ഈ തമാശയിപ്പോ നാട്ടിലൊരു ഫോക്ലോര്‍ കഥ പോലെ പ്രചരിക്കുന്ന ഒന്നാണ്.
ഇപ്പോ ഈ കഥയോര്‍മിക്കാന്‍ കാരണം പുരുഷപ്രേതം എന്ന സിനിമയാണ്.
ഓരോ പ്രേതത്തിനും എന്തെന്തുജീവിമാണുണ്ടാകുക. ആ പ്രേത കഥകള്‍ അജ്ഞാതമായ കഥകള്‍ കണ്ടുനിന്നവര്‍ ആലോചിച്ചുണ്ടാക്കിയെടുക്കുമ്പോ അത് കണക്കില്ലാത്ത മനുഷ്യജീവിതങ്ങളുടെ കഥയാകും.
പുരുഷപ്രേതം എന്ന കഥയും ഒരു ശവത്തെ ചുറ്റിപ്പറ്റി മനുഷ്യജീവിതത്തിന്റെ അനുഭവ വൈവിധ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന രസകരമായ ഒരു അന്വേഷണമാണ്.

പൊലീസിന് മുന്നില്‍ എത്തുന്ന അജ്ഞാത മൃതദേഹത്തിിന്റെ വിവരത്തില്‍നിന്നാണ് സിനിമ തുടങ്ങുന്നത്. സൂപ്പര്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അങ്ങോട്ട് പോകുകയാണ്. ആ മൃതദേഹം ആണെങ്കില്‍ ഒരു പുഴയുടെ നടുവിലാണുള്ളത്. അവിടെയുള്ള ഒരുഅതിരുകുറ്റി കടന്ന് അപ്പുറത്ത് പോയാല്‍ തൊട്ടടുത്ത സ്‌റ്റേഷന്‍ പരിധിയിലും ഇപ്പുറത്ത് വന്നാല്‍ സൂപ്പര്‍ സെബാസ്റ്റ്യന്റെ സ്റ്റേഷന്‍ പരിധിയിലും അവിടെ നിന്നാരംഭിക്കുന്നു രസകരമായ കഥപറച്ചില്‍.
ഒടുക്കം സൂപ്പര്‍സെബാസ്റ്റ്യന്റെ സ്റ്റേഷന്‍ പരിധിയിലേക്ക് മൃതദേഹം എത്തുന്നു. ആ മൃതദേഹം സംസ്‌കരിക്കണം. സംസ്‌കാരത്തിന്റെ ചുമതലയേറ്റെടുത്ത ജഗദീഷിന്റെ ദിലീപ് ചെയ്തുകൂട്ടിയ ചെയ്ത്തുകള്‍ അടുത്ത സങ്കീര്‍ണസംഭവങ്ങളിലേക്ക് കഥയെ നയിക്കുന്നു.
പ്രശാന്ത് അലക്‌സാണ്ടറും ജഗദീഷും നിറഞ്ഞാടിയ സിനിമയാണ് പുരുഷപ്രേതം.

പത്രങ്ങളില്‍ കാണാറുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി എന്ന വാര്‍ത്തയിലാരംഭിക്കുന്ന സംഭവത്തിന്റെ സങ്കീര്‍ണസഞ്ചാരമാണ് ഈ സിനിമ. ഇത്രമാത്രം കെട്ടുപിണഞ്ഞ പൊലീസ് നടപടിക്രമങ്ങളും നിയമനടപടികളും ഇത്തരമൊരു സംഭവത്തിന്റെ ഭാഗമായി ഉണ്ട് എന്ന് തമാശയിലൂടെയാണ് കഥയില്‍ വരച്ചുകാണിക്കുന്നത്. ഒരുവാര്‍ത്തയിലാരംഭിക്കുന്ന നടപടിക്രമങ്ങള്‍. എല്ലാംകഴിഞ്ഞ് ഒടുക്കം മതദേഹത്തിന്റെ കുഴിച്ചിടലിലാണ് അവസാനിക്കുക. എണ്‍പത് ശതമാനം മൃതദേങ്ങളുടെ കഥയും അവിടെ കഴിയും. എന്നാല്‍ ബാക്കി കുറച്ചുകഥകളുടെ കനവുമായി ചിലര്‍ മൃതദേഹം തേടിയെത്തും. അജ്ഞാതമായ മരണങ്ങളുടെ ആകാംക്ഷയുണര്‍ത്തുന്ന കഥകള്‍ പൊലീസുകാര്‍ക്ക് മുന്നില്‍ കെട്ടഴിക്കും. ചെയ്തുപോയ കുഴിച്ചിടല്‍ കര്‍മത്തിലേക്കും അതിനും പിന്നിലേക്കും പിന്നെ ഒരുതിരിച്ചു നടത്തമുണ്ട്. ഒരു പൊലീസുകാരനും ആഗ്രഹിത്താത്രയും സങ്കീര്‍ണവും അവരുടെതൊഴില്‍ജീവിതത്തിലെ കറുത്തഅധ്യായങ്ങളുമായി അതെങ്ങനെ മാറുന്നുവെന്ന് സിനിമ കാണിച്ചുതരും.

അതേ സമയം പുരുഷപ്രേതം അത്രമാത്രം കറുത്ത ജീവിതത്തെയല്ല വരച്ചുകാട്ടുന്നത്. കറുത്ത അനുഭവങ്ങളെ തെളിമയുള്‌ള ഹാസ്യത്തില്‍ പൊതിഞ്ഞ നവഭാവുകത്വത്തിലൂടെ പുരുഷപ്രേതം അവതരിപ്പിക്കുന്നു.

പ്രശാന്ത് അലക്‌സാണ്ടര്‍ ചില ചെറുവേഷങ്ങളിലൂടെ തന്റെ അപാരറെയ്ഞ്ചിലേക്കുള്ള സൂചനകള്‍ മലയാളികള്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും സംവിധായകര്‍ അതത്രകണ്ട് ഇതുവരെ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ പുരുഷപ്രേതം ആ സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രശാന്ത് അലക്‌സാണ്ടറുടെ ഹെവിറെയ്ച് അനാവരണം ചെയ്യുന്നു. ചിരിക്ക്, ചിരി, വില്ലത്തരത്തിന് അത്, സങ്കടത്തിന് അത്, അങ്ങനെ നീളുന്ന റോളാണെങ്കിലും ഒരിക്കല്‍ പോലും ചിരിക്കാതെ നമ്മളെ പൊട്ടിച്ചിരിപ്പിച്ച അയാളുടെ അവതരണം സമ്മതിച്ചുകൊടുക്കണം.
ഒരുപുരുഷപ്രേതത്തിന്റെ കഥയാണെങ്കിലും പ്രേതവുമായി ബന്ധമൊന്നുമില്ലാത്ത ഒരു കുടുംബത്തിലെ ദുരന്തകഥകൂടി സിനിമ പറഞ്ഞുതരുന്നു.
ഗാര്‍ഹിക പീഡനത്തിലെ ദുരിതനാളുകള്‍, പുരുഷാധിപത്യത്തില്‍ കരഞ്ഞുതീര്‍ക്കാന്‍ വിധിക്കപ്പെട്ട സ്ത്രീയനുഭവങ്ങള്‍, തോല്‍ക്കാന്‍ മനസ്സിലാത്ത പെണ്‍വീര്യം, മായ്ച്ചിട്ടും മായാത്ത ജാതിബോധം ഒക്കെ പുരുഷപ്രേതം വരച്ചുകാട്ടുന്നു.
നവോത്ഥാനം എവിടം വരെയെത്തിയാലും കീഴാളന്റെ ജീവിതം ബ്യൂറോക്രസിയില്‍ ഇപ്പോഴും വ്യത്യാസമൊന്നുമല്ലാതെ തുടരുകയാണെന്ന സന്ദേശം ജഗദീഷിന്റെ ദിലീപിലൂടെ സംവിധായകന്‍ നല്‍കുന്നു.
മനുതൊടുപുഴയും ഉഗ്രന്‍ കഥയും അജിത് ഹരിദാസിന്റെ തിരക്കഥയുണ് സിനിമയുടെ ബലം. കൃഷാന്ത് എന്ന നേരത്തെ തെളിയിക്കപ്പെട്ട സംവിധായകന്റെ പ്രതിഭകൂടി ഒത്തുചേര്‍ന്നപ്പോള്‍ രസമുള്ള ഒരുസിനിമയായി. എന്നാല്‍ സിനിമയുടെ ഛായാഗ്രണ ഭാവുകത്വത്തിന്റെ ആശ്വാദനതടസ്സം എടുത്തുപറയണം. വൈഡ് ഫ്രെയിമിന്റെ അരികുകളില്‍ നിറുത്തുന്ന കഥാപാത്രങ്ങളുടെ അവതരണമാണ് സ്വീകരിച്ചിരിക്കുന്ന തന്ത്രം.ഈ സിനിമയ്ക്ക അത്തരൊരു രീതി വേണമമായിരുന്നോ എന്നതു കൂടാതെ നാം അത്തരത്തിലൊരു ഭാവുകത്വത്തിലേക്ക് നമ്മുടെ ആസ്വാദനരീതി എത്തിപ്പെട്ടോ എന്ന സംശവും എനിക്കുണ്ട്. എന്റെ ആസ്വാദനത്തെ വല്ലാതെ ബാധിച്ച ഭാവുകത്വമാണ് ഛായാഗ്രഹണത്തില്‍ സ്വീകരിച്ചിരിക്കുന്ന ഈ രീതി. ഈയൊരു വലിയ തടസ്സം ഒഴിച്ചുനിര്‍ത്തിയാല്‍ മൊത്തത്തില്‍ രസകരമായ ഒരുസിനിമയാണ് പുരുഷപ്രേതം.

- Advertisment -

Most Popular