2023 കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുടെ കാലെന്ന് സമീപകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നു. കെ.സുധാകരന്റെ നേതൃത്വത്തില്‍ മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ പാര്‍ട്ടി സംവിധാനം നിലവില്‍ വന്നിട്ടും ഹൈക്കമാന്റിന്റെ പതിവ് ഇടപെടലുകള്‍ നേതൃത്വത്തെകുഴപ്പത്തിലാക്കുന്നു. സുധാകരന്‍ നേതൃത്വത്തിലെത്തിയതോടെ രണ്ട് ദശകത്തോളമായി കുഴഞ്ഞുമറിഞ്ഞുകിടന്ന പാര്‍ട്ടിയുടെ അടിത്തട്ട് ഉണര്‍ന്നു. പലയിടത്തും ശക്തമായ സംവിധനാമുണ്ടായി. സമരസംഘടനാപ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കും വിധത്തിലുണര്‍വുണ്ടായി.
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കെസുധാകരന്റെ നേതൃപാടവത്തിന്റെ പരീക്ഷണശാലയായിരുന്നു. എന്നാല്‍ ഈ മുന്നേറ്റം ഹൈക്കമാന്റിലെ ചില നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
തന്റെ കൂടെ ശക്തമായി നിലകൊണ്ടിരുന്ന വിഡി.സതീശന്റെ ചാഞ്ചാട്ടം കെസി വേണുഗോപാലിന്റെ ഇഠപെടലിനെ തുടര്‍ന്നാണെന്ന് കെ സുധാകരന്‍ സംശയിക്കുന്നു. മാത്രമല്ല എല്ലാത്തിനും കൂടെ നിന്നിട്ട് ചില എംപിമാരെ കൊണ്ട് ഹൈക്കമന്റിന് കത്തെഴുതിച്ചതും ചിലരുടെ ഇടപെടല്‍ കൊണ്ടാണ്. കെ സുധാകരനെ മാറ്റണമെന്നും നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നുമുള്ള ആവശ്യമാണത്രെ അവര്‍ ഉന്നയിച്ചത്. എന്നാല്‍ രാഹുലും സോണിയയും അതിന് ചെവികൊടുത്തിട്ടില്ല. മാത്രമല്ല എഐസിസി ഇക്കാര്യത്തില്‍ ഉടനെയുള്ള ഇടപെടല്‍ വേണ്ട എന്ന നിലപാടിലുമെത്തി.
2023ല്‍ ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കെപിസിസി നേതൃത്വം വന്‍പൊട്ടിത്തെറികളെ അഭിമുഖീകരിക്കേണ്ടിവരുമെന്നതിന്റെ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. വടകരയില്‍ നിന്ന് കെ മുരളീധരനും ആറ്റിങ്ങലില്‍ നിന്ന് അടൂര്‍ പ്രകാശും മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ വാക്കാല്‍ അറിയിച്ചുകഴിഞ്ഞു. അവര്‍ക്ക് ഇനി നിയമസഭയിലേക്ക് മത്സരിക്കാനാണത്രെ താല്‍പര്യം. അവിടെ പോയിട്ടെന്താക്കാനാണെന്നാണ് കെ മുരളീധരന്‍ ചോദിക്കുന്നത്.
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുമെന്ന പ്രതീക്ഷ പലര്‍ക്കുമില്ലാത്തതിനാല്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് കാത്തിരിപ്പ്. അടുത്തുവരാനിരിക്കുന്ന എഐസിസി പുനസ്സംഘടനയോടെ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന പദവിയില്‍ നിന്ന് കെസി വേണുഗോപാല്‍ മാറിയാല്‍ അതും കെപിസിസിക്ക് തലവേദനയാകും. മാറ്റം ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ കെസി വേണുഗോപാല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നൊരുസീറ്റിനായി ശ്രമിക്കും. അത് ആലപ്പുഴയല്ലാതെ മറ്റേതെങ്കിലും മണ്ഡലമായിരിക്കുമോ എന്ന ആശങ്കയാണ് സംസ്ഥാനത്തെ ചില നേതാക്കള്‍ക്ക്. കെ.സുധാകരന്‍ ഇത്തവണ മത്സരിക്കാതിരുന്നാല്‍ കണ്ണൂര്‍ ചോദിക്കുമോ എന്നും ചിലര്‍ സംശയിക്കുന്നു. പ്രവര്‍ത്തന മണ്ഡലം എന്ന നിലയില്‍ ആലപ്പുഴ കഴിഞ്ഞാല്‍ ജന്മനാടുള്‍പ്പെടുന്ന കണ്ണൂര്‍ കെസി ചോദിച്ചേക്കാനിടയുണ്ട്. മുരളീധരന്‍ ഒഴിഞ്ഞാല്‍ വടകരയില്‍ ജയിക്കുക എന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. അതുപോലെ ആറ്റിങ്ങലില്‍ ഇനിയൊരു ജയം പ്രയാസമാണെന്ന് അടൂര്‍ പ്രകാശ് കരുതുന്നു. എങ്ങനെയെങ്കിലും 10 സീറ്റ് പിടിക്കുക എന്ന തന്ത്രത്തില്‍ സിപിഎം കരുനീക്കങ്ങള്‍ ആലോചിക്കുമ്പോള്‍ പല നേതാക്കളും ഭീതിയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല ഇത്തവണയെന്നതും നേതാക്കളെ ഭീതിയിലാക്കുന്നു.
എന്തായാലും കെസി നിയമസഭയിലേക്ക് വന്നാല്‍ അത് നേരിട്ട് ബാധിക്കുക വി.ഡിസതീശനെയാണ്. ചെന്നിത്തലയെ പോലുള്ളവരുടെ മുന്‍ അനുഭവം സതീശനും പാഠമാണ് എന്നതുകൊണ്ട് കെസിയുടെ വരവ് തടയാന്‍ ഗ്രൂപ്പുകളുടെ പിന്തുണയോടെയുള്ള നീക്കമാണ് സതീശന്‍ ഉദ്ദേശിക്കുന്നത്. അപ്പോഴും ചെന്നിത്തലയുടെ സഹായം ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ എഗ്രൂപ്പുകാര്‍ ഇപ്പോഴും സതീശനൊപ്പം പൂര്‍ണമനസ്സോടെ അണിനിരന്നിട്ടില്ല. അവര്‍ മ്റ്റുവഴികളില്ലെങ്കില്‍ സുധാകരന്റെ നേതൃത്വത്തിനൊപ്പം നില്‍ക്കാനാണ് സാധ്യത. എന്തായാലും കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ നേതൃത്വത്തിനായി ഗ്രൂപ്പുകള്‍ പഴയതുപോലെ ഊര്‍ജസ്വലമായാലും അതിശയിക്കാനില്ല. എന്നാല്‍ പാര്‍ട്ടി അണികള്‍ സുധാകരനൊപ്പം ഉറച്ചനിലപാടെടുക്കും എന്നാണ് സുധാകരന്റെ അനുയായികളുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഹൈക്കമാന്റിന്റെ പിന്തുണയും ലഭിക്കും. അതിനായുള്ള ഒരുക്കങ്ങളാണ് അവര്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയ ക്യാംപൈനുകള്‍ ഇത്തവണയും ഫലം കാണുമെന്ന് കെഎസ് ബ്രിഗേഡ്‌സ് കരുതുകയും ചെയ്യുന്നു.