പാലക്കാട്:ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പുതുശ്ശേരി കുരുടിക്കാട് സ്വദേശിയായ യുവതിയിൽ നിന്നും 8,55,500 രൂപ തട്ടിയെടുത്ത മഹാരാഷ്ട്രാ, സ്വദശിദീപേഷ് സന്തോഷ് മാസാനി എന്നയാളെയാണ് കസബ പോലീസ് ഇൻസ്പെക്ടർ രാജീവ് NS ഉം സംഘവും ചേർന്ന് മുബൈയിൽ നിന്ന് അതിവിദഗ്ദമായി പിടികൂടിയത്. മുംബൈ GTB നഗർ, സിഓൺ കൊള്ളിവാടാ, JK ബാസിൻ മാർഗ്, പഞ്ചാബി കോളനിയിൽ താമസിക്കുന്നയാളാണ് പ്രതി.
2021 ആഗസ്റ്റ് മാസമാണ് കേസ്സിനാസ്പദമായ സംഭവം. യുവാവിൻ്റെ ഫേസ്ബുക്ക് അക്കൗഖണ്ടിൽ നിന്നും യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നിരുന്നെങ്കിലും, ആദ്യമൊന്നും യുവതി റിക്വസ്റ്റ് സ്വീകരിച്ചില്ലെ. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് യുവതിയെ തൻ്റെ വലയിൽ വീഴ്ത്തുകയായിരുന്നു. യുവതിയെ കാണാൻ നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോൾ നേരിൽ കാണാമെന്നും ഉറപ്പു നൽകി. എന്നാൽ താൻ നാട്ടിലേക്ക് വരുന്നതിനു മുൻപായി ഒരു വിലപിടിപ്പുള്ള സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
കസ്റ്റംസിൻ്റെ കയ്യിൽ നിന്നും അത് നേരിട്ട് വാങ്ങണം എന്നും പറഞ്ഞ ഇയാൾ, ആ സമ്മാനം കൈപ്പറ്റാൻ കസ്റ്റംസിന് പണം അടക്കണമെന്നും യുവതിയോട് പറഞ്ഞു. ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താൻ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും അതുകൊണ്ട് 8.5 ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്ന് ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു.
രണ്ട് അക്കൗണ്ടുകളിലായി നാല് തവണകളായി യുവതി 8,55,500 രൂപ അയച്ചു കൊടുത്തു. എന്നാൽ അതിനുശേഷം അയാളുടെ ഒരു വിവരവും ഉണ്ടായില്ല. ഇതോടെയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്. ഇതേ തുടർന്നാണ് യുവതി പോലീസിൽ പരാതിയുമായി എത്തിയത്.