Wednesday, September 11, 2024
HomeSports houseലോകകപ്പ് വിജയത്തിന് ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തി മെസ്സി; പിഎസ്ജിയിലെ വമ്പന്‍ സ്വീകരണത്തില്‍ ശ്രദ്ധേയമായി എംബാപ്പെയുടെ അസാന്നിധ്യം;റോണാള്‍ഡോയ്ക്ക്...

ലോകകപ്പ് വിജയത്തിന് ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തി മെസ്സി; പിഎസ്ജിയിലെ വമ്പന്‍ സ്വീകരണത്തില്‍ ശ്രദ്ധേയമായി എംബാപ്പെയുടെ അസാന്നിധ്യം;റോണാള്‍ഡോയ്ക്ക് പിന്നാലെ സൗദിയിലേക്ക് മെസ്സി പോകില്ലെന്ന് സൂചന

അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം ലിയോണല്‍ മെസ്സി പിഎസ്ജിയിലേക്ക് തിരിച്ചെത്തി. മെസ്സിയെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ക്ലബ്ബ് സ്വീകരിച്ചത്. സഹതാരങ്ങള്‍ ആഹ്ലാദാരവങ്ങളോടെ പിഎസ്ജി ജഴ്‌സിയില്‍ ഹോംഗ്രൗണ്ടിലെത്തിയ മെസ്സിയെ വരവേറ്റു. ടുര്‍ന്ന് മെസ്സി പരിശീലനത്തിലും പങ്കുകൊണ്ടു. അതേ സമയം മിക്ക കളിക്കാരും സ്വീകരിക്കാനെത്തിയെങ്കിലും എംബാപ്പെയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എംബാപ്പെ പരിശീലനത്തിന് ഒപ്പം ചേരുമെന്നാണ് ക്ലബ്ബിന്റെ വിശദീകരണം.

ക്ലബ്ബിലെ സഹതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മെസ്സിയെ പരിശീലന മൈതാനത്തേക്ക് സ്വീകരിച്ചത്. അനുമോദന ചടങ്ങില്‍ താരത്തിന് പ്രത്യേക ട്രോഫിയും സമ്മാനിച്ചു. കഴിഞ്ഞ ദിവസം പാരിസ് വിമാനത്താവളത്തിലെത്തിയ മെസ്സിയെ ആയിരത്തിലേറെ വരുന്ന ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറില്‍ ചേര്‍ന്നതിനു പിന്നാലെ മെസ്സിയും സൗദിയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സൗദിയിലെ അല്‍ നസറിന്റെ പ്രധാന എതിരാളികളായ റിയാദ് ആസ്ഥാനമായ അല്‍ ഹിലാല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് മെസ്സിയെ സൗദിയിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു വാർത്തകൾ.  

- Advertisment -

Most Popular