Saturday, July 27, 2024
HomeSports houseഒടുവില്‍ റൊണാള്‍ഡോ അല്‍നാസറില്‍; സൗദി അറേബ്യയില്‍ ആവേശം; റെക്കോര്‍ഡ് ശമ്പളത്തില്‍ ഫുട്‌ബോളില്‍ റൊണാള്‍ഡോയ്ക്ക് ചരിത്ര നിയോഗം

ഒടുവില്‍ റൊണാള്‍ഡോ അല്‍നാസറില്‍; സൗദി അറേബ്യയില്‍ ആവേശം; റെക്കോര്‍ഡ് ശമ്പളത്തില്‍ ഫുട്‌ബോളില്‍ റൊണാള്‍ഡോയ്ക്ക് ചരിത്ര നിയോഗം

റിയാദ്‌- ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ തട്ടകം ഇനി ഏഷ്യയിൽ. സൗദി അറേബ്യൻ ക്ലബ് അൽ നാസെറിലാണ്‌ റൊണാൾഡോ ചേർന്നത്‌. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പളമാണ്‌ റൊണാൾഡോയ്‌ക്ക്‌ ലഭിക്കുക.ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ് മാഞ്ചസ്‌റ്റർ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞ റൊണാൾഡോ യൂറോപ്പിലെ മറ്റ്‌ ക്ലബ്ബുകളൊന്നും പരിഗണിച്ചില്ല. ഒരു വിവാദ അഭിമുഖത്തിൽ യുണൈറ്റഡിനെ വിമർശിച്ചാണ്‌ മുപ്പത്തേഴുകാരൻ പടിയിറങ്ങിയത്‌.

അൽ നാസെറിൽ ഏകദേശം 1772 കോടി രൂപയാണ്‌ റൊണാൾഡോയുടെ വാർഷിക ശമ്പളം. വ്യത്യസ്‌തമായ ഒരു രാജ്യത്ത്‌ പുതിയൊരു ഫുട്‌ബോൾ ലീഗിൽ കളിക്കുന്നതിന്റെ ആകാംക്ഷയിലാണെന്ന്‌ റൊണാൾഡോ പ്രതികരിച്ചു. ‘യൂറോപ്യൻ ഫുട്‌ബോളിൽ എല്ലാ വിജയവും നേടാനായി. അതിൽ ഭാഗ്യവാനാണ്‌. ഏഷ്യയിൽ എന്റെ പരിചയസമ്പത്ത്‌ നൽകാനുള്ള കൃത്യമായ സമയമാണിത്‌’ –- റൊണാൾഡോ പറഞ്ഞു.

സൗദി പ്രോ ലീഗിൽ ഒമ്പതുതവണ ചാമ്പ്യൻമാരാണ്‌ അൽ നാസെർ. ചരിത്രമെന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം. 2025 വരെയാണ്‌ കരാർ.
ഈ സീസണിൽത്തന്നെ മറ്റൊരു സൗദി ക്ലബ് അൽ ഹിലാലിൻെറ വൻ വാഗ്‌ദാനം റൊണാൾഡോ നിരസിച്ചിരുന്നു. യുണൈറ്റഡിൽ സന്തോഷവാനെന്നായിരുന്നു പ്രതികരണം.

എന്നാൽ കഴിഞ്ഞ നവംബറിൽ പിയേഴ്‌സ്‌ മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ ആഞ്ഞടിച്ചു. പരിശീലകൻ എറിക്‌ ടെൻ ഹാഗിനെ ബഹുമാനിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. കരാർ അവസാനിക്കാൻ ഏഴുമാസംമാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പോർച്ചുഗൽ താരത്തിന്റെ നീക്കം.

മാഞ്ചസ്‌റ്റർ യുണൈറ്റഡിനായി രണ്ടുഘട്ടങ്ങളിലായി 346 മത്സരങ്ങളിൽ കളിച്ചു. സ്‌പോർട്ടിങ്ങിലായിരുന്നു തുടക്കം. റയൽ മാഡ്രിഡിനുവേണ്ടി മിന്നി. യുവന്റസിനായും കളിച്ചു. ക്ലബ് വിടുന്നതിന്‌ തൊട്ടുമുമ്പ്‌ റൊണാൾഡോയ്‌ക്ക്‌ രണ്ട്‌ ആഭ്യന്തര മത്സരങ്ങളിൽ വിലക്ക്‌ ഏർപ്പെടുത്തിയിരുന്നു. എവർട്ടൺ ആരാധകന്റെ ഫോൺ എറിഞ്ഞുതകർത്തതിനാണ്‌ ശിക്ഷ. യൂറോപ്പിലോ പുറത്തോ ഏത്‌ ക്ലബ്ബിലായാലും വിലക്ക്‌ അനുഭവിക്കണം. പോർച്ചുഗലിനായി ലോകകപ്പിൽ കളിച്ചശേഷമാണ്‌ റൊണാൾഡോ തിരിച്ചെത്തിയത്‌.

ഘാനയ്‌ക്കെതിരായ ആദ്യകളിയിൽ ഗോളടിച്ച്‌ അഞ്ച്‌ ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന ബഹുമതിയും സ്വന്തമാക്കി. എന്നാൽ, ഖത്തർ ലോകകപ്പിൽ സുഖമുള്ള ഓർമകളില്ല റൊണാൾഡോയ്‌ക്ക്‌. പരിശീലകൻ ഫെർണാണ്ടോ സാന്റോസ്‌ രണ്ട്‌ മത്സരങ്ങളിൽ ആദ്യ 11ൽ ഉൾപ്പെടുത്തിയില്ല.

കാമറൂൺ താരം വിൻസെന്റ്‌ അബൂബക്കർ, ബ്രസീൽ താരം ലൂയിസ്‌ ഗുസ്‌താവോ, കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ്‌ ഒസ്‌പിന തുടങ്ങിയ കളിക്കാർ അൽ നാസെറിലാണ്‌ കളിക്കുന്നത്‌.

- Advertisment -

Most Popular