ലോകകപ്പിലെ കിരീടധാരണത്തിന് ലയണൽ മെസ്സി വേദിയിലെത്തി. ഖത്തർ അമീറും ഫിഫ പ്രസിഡൻറും കൂടി കപ്പ് എടുത്തുനൽകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർ മറ്റൊരുകാഴ്ച കണ്ട് അന്തംവിട്ടു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസ്സിയെ ഒരു വസ്ത്രമണിയിച്ചു.
കുറത്ത കളറുള്ള സുതാര്യമായ ഒരു വസ്ത്രം. എന്താണ് അത് എന്ന അന്വേഷണത്തിലായിരുന്നു ലോകം പിന്നീട്. ‘ബിഷ്ത്’ എന്നാണ് അതിൻറെ പേര്. ബിഷ്ത് ധരിച്ചാണ് മെസ്സി കിരീടം ഏറ്റുവാങ്ങിയതും ഫോട്ടോയ്ക്ക് പോസ് ചെയ്തതും.
പരമ്പരാഗതമായി അറബികൾ ധരിക്കുന്ന ഒരു മേൽവസ്ത്രമാണിത്. രാജകുടുംബങ്ങളും മതപണ്ഡിതരും രാഷ്ട്രീയനേതാക്കളും സമ്പന്നരുമെല്ലാമാണ് ബിഷ്ത് ധരിക്കാറുള്ളത്.
രാജപ്രൗഢിയുടെ വസ്ത്രമാണിത്. സൗദി, ഖത്തർ, യു.എ.ഇ., കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഇറാഖ് തുടങ്ങിയ അറേബ്യൻ രാജ്യങ്ങളിലെല്ലാം ആഘോഷ വേളകളിലും മറ്റും ഈ വേഷം ഉപയോഗിക്കപ്പെടുന്നു. അരികുകൾ സ്വർണവും വെള്ളിയും ഉപയോഗിച്ചാണ് നിർമിക്കുക. 7.5 ലക്ഷത്തോളം രൂപയാണ് ഏറ്റവും മികച്ച രാജകീയ ബിഷ്തിന്റെ വില. കിരീടം ഏറ്റുവാങ്ങിയശേഷം അദ്ദേഹം ടീമിനടുത്തെത്തി കപ്പുയർത്തുമ്പോഴും ബിഷ്ത് ധരിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് നക്ഷത്രങ്ങൾ പതിച്ച അർജന്റീനയുടെ പുതിയ ജേഴ്സി അണിഞ്ഞത്. മൂന്ന് നക്ഷത്രങ്ങൾ അർജന്റീനയുടെ മൂന്ന് കിരീടങ്ങളെ സൂചിപ്പിക്കുന്നു.