Friday, November 22, 2024
HomeNewshouseമെസ്സിയാരാധാകരുടെ ആഘോഷം ചിലരെ രോഷം കൊള്ളിച്ചു; പലയിടത്തും മദ്യപര്‍ അഴിഞ്ഞാടി, തലശ്ശേരിയില്‍ എസ്‌ഐക്കടക്കം പരിക്ക്; ലോകകപ്പ്...

മെസ്സിയാരാധാകരുടെ ആഘോഷം ചിലരെ രോഷം കൊള്ളിച്ചു; പലയിടത്തും മദ്യപര്‍ അഴിഞ്ഞാടി, തലശ്ശേരിയില്‍ എസ്‌ഐക്കടക്കം പരിക്ക്; ലോകകപ്പ് ആഘോഷത്തിനിടെ കേരളത്തില്‍ വ്യാപകസംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്‌

ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു.

കണ്ണൂർ പള്ളിയാൻമൂലയിൽ ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് മൂന്ന് പേർക്ക് വെട്ടേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പള്ളിയാൻമൂലയിൽ. അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ അനുരാഗിൻ്റെ നില ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂ‍ർ ജം​ഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘ‍ർഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ  പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊഴിയൂർ എസ്ഐ സജിയെ ആണ് ജസ്റ്റിൻ മർദ്ദിച്ചത്. എസ്ഐയെ ചവിട്ടി തറയിൽ തള്ളുകയും തുടർന്ന് ചവിട്ടുകയും ചെയ്തു. പൊലീസുകാർ ബലം പ്രയോഗിച്ച് പിടികൂടിയ ജസ്റ്റിനെ പിന്നീട് പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമത്തിൽ പരിക്കേറ്റ എസ്ഐ സജിയെ പാറശ്ശാല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലശ്ശേരിയിലുണ്ടായ സംഘർഷത്തിൽ തലശ്ശേരി എസ്ഐ മനോജിന് മർദ്ദനമേറ്റു. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുത്തു. എറണാകുളം കലൂ‍രിൽ മെട്രോ സ്റ്റേഷന് മുന്നിൽ വച്ച് ഒരു സംഘം പൊലീസ് ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അ‍ർധരാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം. സംഘ‍ർഷത്തിൽ അ‍ഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. ലിബിനെ റോഡിലൂടെ അക്രമിസംഘം വലിച്ചിഴച്ചു. 

കൊട്ടാരക്കര പൂവറ്റൂരിലെ സംഘ‍ർഷത്തിൽ മൂന്ന് പേ‍ർക്ക് പരിക്കേറ്റു. പൂവറ്റൂർ സ്വദേശികളായ രാഹുൽ , സുബിൻ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. പ്രദേശത്തെ വായനശാലയിൽ ലോകകപ്പ് മത്സരം കാണുന്നതിനിടെയായിരുന്നു സംഘർഷം. 

- Advertisment -

Most Popular