36 വര്‍ഷം കാത്തിരുന്ന അര്‍ജന്റീനയുടെയും ആരാധകരുടെയും സ്വപ്‌നത്തിന് സാഫല്യം. സൗദി അറേബ്യയോടുള്ള ആദ്യമല്‍സരത്തിലെ തോല്‍വിയില്‍ നിന്ന്് അല്‍ഭുതകരമായി തിരിച്ചുകയറിയ ഒരു അതിജീവനപ്പോരാട്ടത്തിന് ലക്ഷ്യ പൂര്‍ത്തി. നീണ്ട ഉദ്യോഗങ്ങള്‍ക്കൊടുവില്‍ പതിവ് തിരിച്ചടികളില്‍ നിന്ന് പോരാടിജയിച്ചുകയറിയ അര്‍ജന്റീനയ്ക്ക് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഉയിര്‍പ്പ്. ഒടുവില്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന മെസ്സിപ്പടയ്ക്ക് ഫുട്‌ബോള്‍ ലോകകപ്പ്.
ഫൈനലിന്റെ സകല ആകാംക്ഷകളും നിറഞ്ഞുനിന്ന കളിയില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ കീഴടക്കിയത്.
നിശ്‌ചിതസമയത്ത് 2–-2. അധികസമയത്ത് 3–-3. ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഹാട്രിക് നേടി. മെസി രണ്ട് ഗോളടിച്ചു. അർജന്റീനയുടെ ഒരു ഗോൾ എയ്‌ഞ്ചൽ ഡി മരിയയുടേതായിരുന്നു. ഷൂട്ടൗട്ടിൽ ഫ്രാൻസ് രണ്ട് കിക്ക് നഷ്‌ടപ്പെടുത്തി. അർജന്റീന നാലും ഗോളാക്കി.
ആദ്യപകുതിയിൽ അർജന്റീന രണ്ട് ഗോളിന് മുന്നിലായിരുന്നു. ആദ്യത്തേത് മെസിയുടെ പെനൽറ്റി. രണ്ടാമത്തേത് എയ്‌ഞ്ചൽ ഡി മരിയയും. അവസാന 10 മിനിറ്റിനിടെ, 97 സെക്കൻഡിൽ രണ്ട് ഗോളടിച്ച് കിലിയൻ എംബാപ്പെ ഫ്രാൻസിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അധികസമയത്ത് മെസിയും എംബാപ്പെയും ഗോളടിച്ചു.
ഇരുപത്തിമൂന്നാം മിനിറ്റിലാണ് ആദ്യ ഗോൾ. ഡി മരിയയുടെ മുന്നേറ്റം തടയാൻ ഡെംബലേയുടെ കാൽപ്രയോഗം. പോളിഷുകാരൻ റഫറി സൈമൺ മാർസിനിയാക് പെനൽറ്റിയിലേക്ക് വിസിലൂതി. അനായാസമായിരുന്നു മെസിയുടെ കിക്ക്. 13 മിനിറ്റിൽ രണ്ടാംഗോളുംവന്നു. അതൊരു ടീം ഗോളായിരുന്നു. മെസിയും ജൂലിയൻ അൽവാരസും മാക് അലിസ്‌റ്ററും ചേർന്നൊരുക്കിയ ഗംഭീര വിരുന്ന്. അവസാനം ഡി മരിയയുടെ ഫിനിഷ്. വീണുപോയ ഫ്രഞ്ച് ഗോളിയുടെ മുകളിലൂടെ പന്ത് കോരിയിട്ടു.
മങ്ങിനിന്ന ഫ്രാൻസ് എംബാപ്പെയിലൂടെ ജീവൻ വീണ്ടെടുത്തു. കോളോ മുവാനിയെ ഒട്ടാമെൻഡി ബോക്‌സിൽ വീഴ്‌ത്തിയതിന് കിട്ടിയ പെനൽറ്റി എംബാപ്പെ ഗോളാക്കി. അർജന്റീന ഞെട്ടലിൽനിന്നും ഉണരുംമുമ്പ് വീണ്ടും എംബാപ്പെ നിറയൊഴിച്ചു. മാർകസ് തുറാം ഒരുക്കിയ പന്ത് തകർപ്പൻ ഷോട്ടിലൂടെ വലയിൽ.