Thursday, October 31, 2024
HomeSports houseഎല്ലാം ഈ പടനായകന്റെ ബലത്തില്‍; തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാട്ടവീര്യം; ഫ്രാന്‍സിന്റെ മെയ്ക്കരുത്തിനെയും തോല്‍പ്പിച്ച് കാല്‍പന്ത് കാവ്യം;...

എല്ലാം ഈ പടനായകന്റെ ബലത്തില്‍; തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാട്ടവീര്യം; ഫ്രാന്‍സിന്റെ മെയ്ക്കരുത്തിനെയും തോല്‍പ്പിച്ച് കാല്‍പന്ത് കാവ്യം; ഇത് ജയിക്കാന്‍ ഉറച്ച് വിമാനം കയറിയ മെസ്സിപ്പട, ലോകകപ്പോടെ ഇതിഹാസമായി ഉയിര്‍ത്ത് മെസ്സി

90 മിനിറ്റും അരമണിക്കൂര്‍ എക്‌സ്ട്രാടൈമും ഇന്‍ജുറി ടൈമുകളിലുമെല്ലാം ആരാധകരുടെ നെഞ്ചിടിപ്പേറ്റി ഒടുക്കം പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീനയുടെ ചാമ്പ്യന്‍ പടയോട്ടം. ലോകകപ്പ് ഫുട്‌ബോള്‍ അര്‍ജന്റീന നേടി. 36 വര്‍ഷത്തെ സ്വപ്‌നത്തിന് സാഫല്യം. ലോകോത്തരഫുട്‌ബോളര്‍ മെസ്സിയുടെ കരബലത്തില്‍ തിരിച്ചടികളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ജയിച്ചുകയറിയ അര്‍ജന്റീന ഫുട്‌ബോള്‍ ലോകത്തെ കാവ്യാത്മക കാല്‍പ്പന്തിന്റെ കാലം കഴിഞ്ഞില്ലെന്ന് തെളിയിച്ചു. 1986ല്‍ മാറഡോണയുടെ ചിറകില്‍ നേടിയ ലോകകപ്പിന് ശേഷം മെസ്സിയുടെ നായകത്വത്തില്‍ ഒരിക്കല്‍ കൂടി അര്‍ജന്റീന കപ്പ് നേടി.

2-0ന് എളുപ്പത്തില്‍ ജയിക്കുമെന്ന് തോന്നിപ്പിച്ച കളി ഫ്രാന്‍സ് രണ്ടാംപകുതിയില്‍ തിരിച്ചുപിടിച്ചു. രണ്ടുഗോളും തിരിച്ചടിച്ച എംബാപ്പെയുടെ തേരോട്ടം ഒടുവില്‍ കളിയെ എക്ട്രാടൈമിലേക്ക് നയിച്ചു. എക്‌സ്ട്രാടൈമില്‍ ഗോളടിച്ച് മുന്നേറിയ അര്‍ജന്റീനയ്ക്ക് അവസാന നിമിഷം ഫ്രാന്‍സിന് ലഭിച്ച രണ്ടാമത്തെ പെനാള്‍ട്ടിയിലുടെ ഇരുട്ടടി കിട്ടി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നിയ നിമിഷങ്ങള്‍ ലൗട്ടാറോ മാര്‍ട്ടിനസിന്റെയും ജൂനിയര്‍ അല്‍വാസിന്റെയും മാക് അലിസ്റ്ററുടെയും ഡിബാലയുടെയും ആയിരുന്നു രണ്ടാംപകുതി.

ആദ്യപകുതിയില്‍ തിളങ്ങിയ ഡിമരിയയെ വലിച്ച് അക്യൂനയെ കളത്തിലിറക്കിയതോടെയാണ് കളിയുടെ ഗതിമാറിയത്. അക്യൂനയുടെ ഫൗളില്‍ ലഭിച്ചപെനാള്‍ട്ടിയിലൂടെയാണ് ഫ്രാന്‍സ് തിരിച്ചുകയറിയത്. തൊട്ടടുത് നിമിഷത്തില്‍ തന്നെ അടുത്തഗോളും കണ്ടെത്തി കളിയുടെ ഗതിമാറ്റി, 2-2 എന്ന സമനിലയിലൂടെ ഒരുദുരന്തത്തെകൂടി ആര്‍ജന്റീന പുല്‍കുന്നു എന്ന തോന്നലുണ്ടാക്കി. എന്നാല്‍ അവര്‍ തോല്‍ക്കാന്‍ വന്നവരായിരുന്നില്ല. ജയിക്കാനെത്തിയവരായിരുന്നു. പൊരുതി ജയിക്കാനുറച്ച് വിമാനംകയറിയ മെസ്സിപ്പട.

ആദ്യമത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോള്‍ എല്ലാവരും എഴുതിത്തള്ളിയ മെസ്സിക്കുഞ്ഞുങ്ങള്‍ പിന്നീട് സിംഹഗര്‍ജനം പോലെ ഉയിര്‍ക്കുകയായിരുന്നു. അവര്‍ ശൂന്യതയില്‍ നിന്ന് കവിതകളെഴുതി. മെയ്ക്കരുത്തിനപ്പുറം ഫുട്‌ബോളിന്റെ കാവ്യാത്മകതയും കലാപരതയും സമ്മേളിച്ച കളിനിമിഷങ്ങള്‍ മെസ്സിയും കൂട്ടുകാരും നമുക്ക് തന്നു. പിന്നീട് ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് മത്സരവും മികച്ച വിജയം നേരിട പ്രീക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഒരുചാംമ്പ്യന്‍ പ്രകടനം കാഴ്ചവച്ച് അര്‍ജന്റീന പ്രഖ്യാപിച്ചു. ഇത്തവണ തങ്ങള്‍ കപ്പെടുക്കുമെന്ന്.

വിമര്‍ശകരുടെ വായടപ്പിക്കാന്‍ പോന്ന തരത്തില്‍ മികച്ച കളിയിലൂടെ അവര്‍ കളിസൗന്ദര്യവും തിരിച്ചുപിടിച്ചു. ഏറെക്കുറെ പ്രതിഭയ്‌ക്കൊപ്പം മെയ്ക്കരുത്തും പ്രകടമാക്കാറുള്ള ഫ്രാന്‍സിനോട് പിടിച്ചുനില്‍ക്കാനാകില്ലെന്ന നിരീക്ഷണങ്ങളെ തൂക്കിക്കടലിലെറിഞ്ഞ് ആദ്യപകുതിയില്‍ പ്രതിഭകൊണ്ട് മാത്രം രണ്ടുഗോൡന് അവര്‍ മുന്നിട്ട് നിന്നു. എന്നാല്‍ ഫ്രാന്‍സിന്റെ പതിവ് ആക്രമണോത്സുകതയില്‍ അര്‍ജന്റീനയ്ക്കും കാലിടറി. എന്നാല്‍ പ്രതിഭയുടെ കലാശക്കൊട്ടായി ചവിട്ടിക്കയറിയ അര്‍ജന്റീന ഈ ലോകകപ്പ് തങ്ങള്‍ക്കുള്ളതാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ലോകമെങ്ങുമുള്ള ആരാധകരുടെ മോഹം സാക്ഷാത്ക്കരിച്ച് മെസ്സിപ്പട ഷൂട്ടൗട്ടില്‍ കപ്പെടുക്കുമ്പോള്‍ അത് മറഡോണയ്ക്കുള്ള ആദരാഞ്ജലികൂടായി മാറി.

- Advertisment -

Most Popular