Saturday, July 27, 2024
HomeSports houseപുതുതലമുറയെ അരങ്ങേറ്റി കപ്പെടുത്ത് കൊടുത്ത് മെസ്സി, എല്ലാമത്സരങ്ങളിലും ഗോള്‍ നേടിയ റെക്കോര്‍ഡും മെസ്സിക്ക്; യുവതാരമായി എന്‍സോ...

പുതുതലമുറയെ അരങ്ങേറ്റി കപ്പെടുത്ത് കൊടുത്ത് മെസ്സി, എല്ലാമത്സരങ്ങളിലും ഗോള്‍ നേടിയ റെക്കോര്‍ഡും മെസ്സിക്ക്; യുവതാരമായി എന്‍സോ ഫെര്‍ണാണ്ടസ്, മത്സരങ്ങളിലുടനീളം തിളങ്ങി അലുവാരസും ലൗട്ടാറോ മാര്‍ട്ടിനസും; സകലസങ്കടങ്ങളും തീര്‍ത്ത് ഡിബാല; ലോകമേ കാണൂ ഇതാ ഭാവിയിലെ അപകടകാരികള്‍

ഈ ലോകകപ്പിലുടനീളം കളിമൈതാനത്തെ ഞെട്ടിച്ച പ്രകടനമാണ് അര്‍ജന്റീനയുടെ പുതുനിര പുറത്തെടുത്തത്. മെസ്സിയും എയ്ഞ്ചല്‍ ഡി മരിയയും അടങ്ങിയ പാകതയുടെ നേതൃത്വം കളിമെനഞ്ഞപ്പോള്‍ കളിനിയന്ത്രിക്കാന്‍ പോലും കെല്‍പ്പുള്ള വമ്പന്‍പുതുനിരയാണ് അര്‍ജന്റീനയുടെ കരുത്തായത്. ഡി പോളിനെയും ഓട്ടോമെന്‍ഡിയെയും പോലുള്ള കരുത്തരുടെ രണ്ടാംനിരയും ടീമിന്റെ മുന്നേറ്റത്തിലെ പടനായകരായി. എന്നാല്‍ ഭാവിയില്‍ ലോകഫുട്‌ബോളില്‍ അര്‍ജന്റീനയുടെ താരങ്ങളായി തിളങ്ങാന്‍ കെല്‍പ്പുള്ള പ്രതിഭകളാണ് ഈ ലോകകപ്പിന്റെ സൗന്ദര്യം. അലുവാരസും ലൗട്ടാറോ മാര്‍ട്ടിനസും എന്‍സോ ഫെര്‍ണാണ്ടസും അടങ്ങിയ യുവനിര ഭാവി അര്‍ജന്റീന എന്താണെന്ന് ഈ ലോകകപ്പിലൂടെ തെളിയിച്ചു. ഡി മരിയയുടെ കരുത്തിന് പകരം വയ്ക്കാന്‍ കെല്‍പ്പുള്ള അക്യുനയെന്ന ആക്രമണകാരി തിളങ്ങിയതും അ്ര്‍ജന്റീനയുടെ പ്രതീക്ഷയാണ്.

ഫൈനലില്‍ ഡിമരിയയ്ക്ക് പകരക്കാരനായി ഇറങ്ങിയ അക്യുനെയുടെ അക്രമണോത്സുകത ചിലപ്പൊഴൊക്കെ തിരിച്ചടിയായെങ്കിലും ടൂര്‍ണമെന്റിലുടനീളം അക്യൂനയുടെ പ്രകടനം ടീമിന് വലിയ നേട്ടമായി. ക്ലബ്ബുകളിൽ കളിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ വമ്പന്‍ പ്രതിഭകളുടെ നിഴലില്‍ ഒതുങ്ങിപ്പോകേണ്ടി വന്ന ഡിബാലയെന്ന അപകടകാരി ഈ ലോകകപ്പില്‍ തിളങ്ങി.

ഫൈനലില്‍ കളിയുടെ ഗതിമാറ്റിയ അവസാന സമയത്ത് ഡിബാലയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഒപ്പം പെനാള്‍ട്ടി ഷൂ്ട്ടൗട്ടില്‍ സമ്മര്‍ദങ്ങളില്ലാതെ തന്റെ കിക്ക് ഗോളാക്കിയും ഡിബാല തിളങ്ങി. ഡിബാല ഇനിയുള്ള കാലം റിസര്‍വ് ബെഞ്ചിലിരിക്കില്ല എന്ന പ്രഖ്യാപനം കൂടിയായി ഫൈനല്‍ മത്സരം.

വ്യക്തിഗതമായും അവരുടെ നായകന്‍ മെസ്സിക്കിത് നിരവധി റെക്കോര്‍ഡുകളുടെ ലോകകപ്പാണ്. ലോകകപ്പിന്റെ ഒരൂടൂര്‍ണമെന്റില്‍ എല്ലാ റൗണ്ടിലും ഗോളടിക്കുന്ന ആദ്യ താരമായി ലയണല്‍ മെസി മാറി. ഗ്രൂപ്പ് ഘട്ടം, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്നീ മത്സരങ്ങളിലെല്ലാം അര്‍ജന്റീന ക്യാപ്റ്റന്‍ വലകുലുക്കി. സൗദി അറേബ്യക്കെതിരെയും മെക്സിക്കോയ്ക്കെതിരെയുമാണ് ഗ്രൂപ്പില്‍ ലക്ഷ്യംകണ്ടത്.

പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെയും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെതിരെയും ലക്ഷ്യംകണ്ടു. ക്രൊയേഷ്യക്കെതിരെയായിരുന്നു സെമിയില്‍. ഏറ്റവും ഒടുവില്‍ കിരീടപ്പോരില്‍ ഫ്രാന്‍സിനെതിരെ ഇരട്ട ഗോളടിച്ചു. ആകെ ഏഴ് കളിയില്‍ ഏഴ് ഗോള്‍. എട്ട് ഗോള്‍ നേടിയ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍ മെസ്സി ഈ ലോകകപ്പിന്റെ താരമായി ഗോള്‍ഡന്‍ ബോള്‍ നേടി.

ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമാണ് മെസ്സി നേടിയത്. മെസ്സി നേടുന്ന രണ്ടാം ഗോള്‍ഡന്‍ ബോളാണിത്. 2014 ലോകകപ്പിലും മെസ്സി ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മാര്‍ട്ടിനെസ് പലതവണ അര്‍ജന്റീനയുടെ രക്ഷകനായി. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലും മാര്‍ട്ടിനെസ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാര്‍ട്ടിനസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.


മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തതെടുത്ത എന്‍സോയ്ക്ക് വെറും 21 വയസ്സ് മാത്രമാണ് പ്രായം. താരം ഈ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ നേടുകയും മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു…

- Advertisment -

Most Popular