പ്രശസ്ത ചലച്ചിത്ര താരവും ഓസ്കർ പുരസ്കാര ജേതാവുമായ തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റില്‍. ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അലിദോസ്തിയെ അറസ്റ്റ് ചെയ്തത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റുചെയ്യപ്പെട്ട മഹ്‌സ അമിനിയെന്ന (Mahsa Amini )22 കാരി മരണപ്പെട്ടതിന് പിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായത്.
2016-ല്‍ പുറത്തിറങ്ങിയ ‘ദ സേയില്‍സ്മാന്‍’ എന്ന ചിത്രമാണ് തരാനെ അലിദോസ്തിയെ ഓസ്‌കര്‍ നേടിക്കൊടുത്തത്. ഈ വര്‍ഷം കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ അലിദോസ്തിയുടെ ‘ലേയ്‌ല ബ്രദേഴ്‌സ്’ എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തിയിരുന്നു.
ഈ മാസം എട്ടിന് ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് തരാനെ അലിദോസ്തി ഇൻസ്റ്റാഗ്രാമിൽ കുറിപ്പിട്ടിരുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചുവെന്നും അരാജകത്വത്തിന് പ്രേരിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. അലിദോസ്തിയെക്കൂടാതെ ഫുട്ബോൾ താരങ്ങൾ, നടീനടന്മാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നു പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
മുന്‍പ് നവംബർ ഒൻപതിന് മുഖാവരണം ഇല്ലാത്ത ചിത്രം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ രക്തച്ചൊരിച്ചിൽ കണ്ടിട്ടും അതിനെതിരെ ഒരു ചെറുവിരൽപോലും അനക്കാത്ത അന്താരാഷ്ട്ര സംഘടനകൾ മാനവികതയ്ക്കുതന്നെ അപമാനമാണെന്നാണ് അലിദോസ്തി അന്ന് കുറിച്ചത്.
പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബത്തിന് പിന്തുണ നൽകാനായി നടി അഭിനയം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയയായ അവർ ഇറാൻ സിനിമാലോകത്തെ മീ ടൂ പ്രസ്ഥാനവുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.