Saturday, July 27, 2024
Homeകേരളവികസനത്തിന് തടസം നില്‍ക്കുന്ന കേന്ദ്രമന്ത്രി, മലയാളിയായിട്ടും ഒരുപരിപാടിക്ക് വേണ്ടിയും ഒപ്പം നില്‍ക്കില്ല, എല്ലാംമുടക്കും; വി.മുരളീധരനെതിരെ ജോണ്‍ബ്രിട്ടാസ്
Array

കേരളവികസനത്തിന് തടസം നില്‍ക്കുന്ന കേന്ദ്രമന്ത്രി, മലയാളിയായിട്ടും ഒരുപരിപാടിക്ക് വേണ്ടിയും ഒപ്പം നില്‍ക്കില്ല, എല്ലാംമുടക്കും; വി.മുരളീധരനെതിരെ ജോണ്‍ബ്രിട്ടാസ്

ദില്ലി: വി.മുരളീധരനെതിരെ ജോണ്‍ബ്രിട്ടാസ്. കേരളവികസനത്തിന് തടസം നില്‍ക്കുന്നയാളാണ് വി.മുരളീധരനെന്ന് ജോണ്‍ബ്രിട്ടാസ് എം.പി. കേരളത്തിന്റെ ഒരു വികസന പരിപാടിക്കും വേണ്ടി സംസാരിക്കുന്നത് കാണാന്‍ കഴിയില്ല. അദ്ദേഹത്തെ മറികടന്നാണ് കേരളത്തില്‍ ദേശീയപാതാ വികസനമടക്കം നടക്കുന്നത്. അടിസ്ഥാന ദേശീയപാതാ പദ്ധതികള്‍ക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങള്‍ ഭൂമി ഏറ്റെടുക്കാന്‍ പണം നല്‍കിയിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

കേരള സര്‍ക്കാര്‍ എഴുതിയത് വസ്തുതാപരമായ കാര്യമാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും അടിസ്ഥാന ദേശീയപാതാ വികസനത്തിന് പണം മുടക്കിയിട്ടില്ല. അതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാന ദേശീയപാതയ്ക്ക് മുകളിലുള്ള ഒറ്റപ്പെട്ട പാതകള്‍ക്ക് വേണ്ടി മാത്രമാണ് മറ്റ് സംസ്ഥാനങ്ങള്‍ പണം മുടക്കിയത്. യുപി അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് അത്തരമൊരു ഉറപ്പും കേന്ദ്ര സര്‍ക്കാരിന് കിട്ടിയിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ദേശീയപാത യാഥാര്‍ത്ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 25 ശതമാനം ഭൂമി ഏറ്റെടുക്കാന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ആ ഉറപ്പില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. തിരുവനന്തപുരത്തെ റിങ് റോഡ് പദ്ധതിക്ക് 50 ശതമാനം കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലും സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ഭാവിയില്‍ പുതിയ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള പണം നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. യുപി, ബിഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിസ്ഥാന ദേശീയപാതാ പദ്ധതികള്‍ നാല് വരിയും ആറ് വരിയുമാക്കാന്‍ ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ല. യുപിയില്‍ 5000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിച്ചതിന് ഒരു പൈസ പോലും കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ അടിസ്ഥാന ദേശീയപാതാ പദ്ധതികള്‍ക്ക് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നിരിക്കെ കേരള സര്‍ക്കാര്‍ 25 ശതമാനം ഭൂമി ഏറ്റെടുക്കലിനുള്ള ചെലവ് വഹിച്ചെന്ന് തന്നെയാണ് പറഞ്ഞത്. അത് വസ്തുതയാണ്. ദോഷൈകദൃക്കായ വി മുരളീധരന് മാത്രമാണ് അതില്‍ കുഴപ്പം കണ്ടെത്താനായതെന്നും ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചു. കേരളത്തില്‍ 900 കിലോമീറ്ററാണ് ദേശീയപാത വികസിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ 3000 ഉം 4000 വും 5000 വും കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യമായതിലും വളരെ കുറച്ച് ചെലവാണ് കേരളത്തിലേതെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

- Advertisment -

Most Popular