യുഎന്നില്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാനെതിരെ കടുത്ത ആക്രമണവുമായി ഇന്ത്യ. ഒസാമ ബിന്‍ ലാദനെ സംരക്ഷിച്ചവരും ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചവര്‍ക്കും യു എന്‍ പോലൊരു സമിതിയില്‍ ധര്‍മ്മപ്രഭാഷണം നടത്തുകയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു.
‘അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം: പരിഷ്‌ക്കരിച്ച ബഹുരാഷ്ട്രവാദത്തിനായുള്ള പുതിയ ദിശാബോധം’ എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടന്ന തുറന്ന സംവാദത്തില്‍ അധ്യക്ഷ വഹിച്ച് സംസാരിക്കുകയായിരുന്നു ജയശങ്കര്‍. ആഗോള ഭീകരവാദത്തിനെതിരായ പോരാട്ടത്തിലൂന്നിയാണ് ജയ്ശങ്കര്‍ സംസാരിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇരട്ടമുഖം കാണിക്കുകയും യുഎന്നില്‍ വന്ന് ധാര്‍മിക പ്രഭാഷണം നടത്തുകയുമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ഇത് നീതിമത്തല്ല.
‘ഭീകരവാദം ഉണ്ടാക്കുന്ന വെല്ലുവിളിയ്‌ക്കെതിരെ കൂട്ടായ പ്രതികരണവുമായി ലോകം ഒന്നിച്ചുവരുമ്പോഴും കുറ്റവാളികളെ ന്യായീകരിക്കാനും സംരക്ഷിക്കാനും ചിലര്‍ മറയില്ലാതെ രംഗത്തുവരികയാണ്. ബഹുരാഷ്ട്രവാദം പരിഷ്‌കരിക്കാനാണ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നമുക്ക് സ്വാഭാവികമായും പ്രത്യേക വീക്ഷണങ്ങള്‍ ഉണ്ടാകും, എന്നാല്‍ ഇത് ഇനിയും വൈകിപ്പിക്കുന്നത് ശരിയായ നടപടിയല്ല’, ജയശങ്കര്‍ പറഞ്ഞു.
‘ഏറ്റവും മികച്ച പരിഹാരം തേടുമ്പോള്‍ ഇത്തരം ഭീഷണികളോടുള്ള സാമാന്യസമീപനം ലളിതവല്‍ക്കരണത്തിന്റെ യുക്തിയുപയോഗിച്ചുള്ളതാകരുത്. അസ്വീകാര്യമെന്ന് കരുതുന്നതിനെ ന്യായീകരിക്കുന്ന ചോദ്യം പോലും ഉയരാന്‍ പാടില്ല.അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഭരണകൂട സ്‌പോണ്‍സര്‍ഷിപ്പിന് അത് തീര്‍ച്ചയായും ബാധകമാണ്.ഒസാമ ബിന്‍ ലാദന് ആതിഥ്യമരുളുകയും അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റിനെ ആക്രമിക്കുകയും ചെയ്തത് ഈ സമിതിയില്‍ ധാര്‍മിക പ്രഭാഷണം നടത്താനുള്ള യോഗ്യതയായി കണക്കാക്കാനാവില്ല’, ജയശങ്കര്‍ പറഞ്ഞു.