Saturday, September 14, 2024
HomeHealth & Fitness houseസെക്കന്റ് ലൈഫ്-നിര്‍ധന കുടുംബങ്ങളിലെ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

സെക്കന്റ് ലൈഫ്-നിര്‍ധന കുടുംബങ്ങളിലെ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സ്, ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 12 വയസ്സില്‍ താഴെ പ്രായമുള്ള 100 കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്കായി സൗജന്യ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കും. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതി പ്രഖ്യാപിച്ചു.

കൊച്ചി, നവംബര്‍ 15: സെക്കന്റ് ലൈഫ്-ബിക്കോസ് ലിറ്റില്‍ ലൈവ്സ് മാറ്റര്‍’ എന്ന പദ്ധതിക്കാണ് ശിശുദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ തുടക്കം കുറിച്ചത്. ഒരു വര്‍ഷം നീളുന്ന പദ്ധതിയിലൂടെ ജീവന് ഭീഷണിയാകുന്ന രോഗങ്ങളെ അഭിമുഖീകരിക്കുകയും ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ച് ലഭിക്കുന്നതുമായ ഏറ്റവും അര്‍ഹതപ്പെട്ട 100 കുഞ്ഞുങ്ങള്‍ക്കാണ് തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നത്.

അപ്പന്റിസൈറ്റ്‌സ്, ഇന്റസ് സസ്‌പെന്‍ഷന്‍, എംപിയെമ, പീഡിയാട്രിക് യൂറോളജി ശസ്ത്രക്രിയകള്‍ തുടങ്ങിയ സാധാരണ ശസ്ത്രക്രിയകള്‍ മുതല്‍ മജ്ജമാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍, ഹൃദയ ശസ്ത്രക്രിയകള്‍, വൃക്കമാറ്റിവെക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ വരെ പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് ആസ്റ്റര്‍ കേരള & ഒമാന്‍ – റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍, സന്നദ്ധസേവന പ്രവര്‍ത്തകര്‍, സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയുമാണ് ശസ്ത്രക്രിയയ്ക്കാവശ്യമായ സാമ്പത്തിക പിന്തുണ കണ്ടെത്തുന്നത്. അര്‍ഹരായവരെ കണ്ടെത്തുവാനായി കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക വശങ്ങള്‍, ബി.പി.എല്‍ വിഭാഗം, ചികിത്സയിലൂടെ ജീവിതം തിരിച്ച് ലഭിക്കാനുള്ള സാധ്യതയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി മുഴുവന്‍ സമയവും പ്രവര്‍ത്തന നിരതമായ ഹെല്‍പ്പ്‌ലൈനും സജ്ജീകരിച്ചിട്ടുണ്ട്. +91 9633 620 660 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

‘ ഇന്ത്യയിലെ ഒരു നിശ്ചിത ശതമാനം ജനത ഇപ്പോഴും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. ആവശ്യമായ ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്ത നിസ്സഹായവസ്ഥയില്‍ തുടരുന്ന ധാരാളം കുടുംബങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിന് കൈത്താങ്ങാകുവാന്‍ സാധിക്കുന്നത് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുവാന്‍ സഹായകരമാകും എന്നത് പോലെ തന്നെ ആ കുടുംബത്തിന്റെ ശാശ്വതമായ ദുഖത്തിന് അറുതി വരുത്താനും കാരണമാകും. ഇന്ത്യയിലെ ഏറ്റവും മികച്ച പീഡിയാട്രിക് ശസ്ത്രക്രിയാ വിഭാഗങ്ങളുടെ സേവനം ആസ്റ്ററിന്റെ ഓരോ ഹോസ്പിറ്റലുകളിലും ലഭ്യമാണ് എന്നതിനാല്‍ തന്നെ ഈ പദ്ധതിയെ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനത്തോടൊപ്പം തന്നെ ആത്മവിശ്വാസവുമുണ്ട്. ഇതിലൂടെ അര്‍ഹരായ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്കുള്ള തിരിച്ച് വരവിന് കളമൊരുക്കാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം’. പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഡോ. ആസാദ് മൂപ്പന്‍ (ഫൗണ്ടര്‍ ചെയര്‍മാന്‍ & മാനേജിങ്ങ് ഡയറക്ടര്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ പറഞ്ഞു.

‘ആസ്റ്റര്‍ ഗ്രൂപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, അസംഭവ്യം എന്ന് കരുതുന്ന അനവധി കര്‍ത്തവ്യങ്ങളുടെ നിരയിലേക്ക് പുതിയതായി ഒന്ന് കൂടി അവതരിപ്പിക്കുകയാണ്. അര്‍ഹരായവര്‍ക്ക് ആശ്വാസം നല്‍കാന്‍ സാധിക്കുന്ന മാതൃകാപരമായ ഈ പദ്ധതിയുടെ ആനുകൂല്യം പരമാവധി പേര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 100 കുഞ്ഞുങ്ങളെയാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് സഹായം എത്തിക്കാന്‍ സാധിക്കുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്’ ആസ്റ്റര്‍ കേരള & ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.

- Advertisment -

Most Popular